ന്യൂദൽഹി : താൻ ഇല്ലാതിരുന്ന കാലത്താണ് കോൺഗ്രസ് പാർട്ടിക്ക് പല തെറ്റുകളും സംഭവിച്ചതെന്ന് രാഹുൽ ഗാന്ധി . കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ സംഭവിച്ച എല്ലാ തെറ്റുകൾക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.
പരിപാടിക്കിടെ, 1984 ലെ കലാപത്തെക്കുറിച്ചും സിഖ് വിഷയങ്ങളെക്കുറിച്ചും ഒരു സിഖ് വിദ്യാർത്ഥി രാഹുൽ ഗാന്ധിയോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു . “രാഷ്‌ട്രീയം ഭയരഹിതമായിരിക്കണമെന്ന് നിങ്ങൾ പറഞ്ഞോ, ഭയപ്പെടേണ്ട കാര്യമൊന്നുമില്ല, പക്ഷേ ഞങ്ങൾ തലപ്പാവ് കെട്ടാൻ ആഗ്രഹിക്കുന്നില്ല, അഭിപ്രായ സ്വാതന്ത്ര്യം വേണം, അത് കോൺഗ്രസ് പാർട്ടി ഭരണത്തിൻ കീഴിൽ ഇല്ലായിരുന്നു,” രാഹുലിനോട് വിദ്യാർത്ഥി ചോദിച്ചു. 1984 ലെ കലാപത്തിൽ പ്രതിയായ സജ്ജൻ കുമാറിനെപ്പോലുള്ളവരെ കോൺഗ്രസ് സംരക്ഷിക്കുകയും സിഖ് ശബ്ദങ്ങളെ അവഗണിക്കുകയും ചെയ്തുവെന്നും വിദ്യാർത്ഥി ആരോപിച്ചു.
ഇതിനു മറുപടിയായി താൻ ഇല്ലാതിരുന്നപ്പോഴാണ് പാർട്ടിക്ക് പല തെറ്റുകളും സംഭവിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ സംഭവിച്ച എല്ലാ തെറ്റുകൾക്കും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “80 കളിൽ സംഭവിച്ചത് തെറ്റാണെന്ന് ഞാൻ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഞാൻ പലതവണ സുവർണ്ണ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിലെ സിഖ് സമൂഹവുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്” രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ഇപ്പോൾ രാഹുൽ ഗാന്ധി ഇന്ത്യയിൽ മാത്രമല്ല, അന്താരാഷ്‌ട്ര വേദികളിലും വിമർശനം നേരിടുന്നുവെന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക