India

ശ്രീരാമൻ ഉൾപ്പെടെയുള്ള ദേവതകൾ പുരാണ കഥാപാത്രങ്ങളാണെന്ന് രാഹുൽ ; ഹിന്ദുക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയെന്ന് ഷെഹ്‌സാദ് പൂനവല്ല

Published by

ന്യൂദൽഹി : ശ്രീരാമൻ ഉൾപ്പെടെയുള്ള ഭാരതീയ ദേവതകൾ പുരാണ കഥാപാത്രങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഎസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന പരിപാടിക്കിടെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

“എല്ലാവരും പുരാണ കഥാപാത്രങ്ങളാണ്. ശ്രീരാമനും അത്തരത്തിലൊരു കഥാപാത്രമാണ്. അദ്ദേഹം ക്ഷമിക്കുന്നവനും കരുണയുള്ളവനുമായിരുന്നു.” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. വീഡിയോ വൈറലായതോടെ നിരവധി ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി.

ശ്രീരാമന്റെ അസ്തിത്വത്തെ സംശയിച്ചതിന് രാജ്യം ഒരിക്കലും രാഹുൽ ഗാന്ധിയോട് ക്ഷമിക്കില്ലെന്ന് വീഡിയോയുടെ ഒരു ഭാഗം പങ്കുവെച്ചുകൊണ്ട് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു. രാഹുൽ ഗാന്ധി ഭഗവാൻ രാമൻ സാങ്കൽപ്പികനാണെന്ന് പറയുന്നു. ഇങ്ങനെയാണ് കോൺഗ്രസ് രാമക്ഷേത്രത്തെ എതിർത്തതെന്നും പ്രഭുരാമന്റെ നിലനിൽപ്പിനെ പോലും സംശയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമവിരുദ്ധരും ഹിന്ദുവിരുദ്ധരുമായ ഒരു പാർട്ടിയുടെ മാനസികാവസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും ഹിന്ദുക്കളെയും ഭഗവാൻ ശ്രീരാമനെയും അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയിരിക്കുകയാണെന്നും പൂനാവാല പറഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് രാമസേതു തകർക്കാൻ സോണിയ ഗാന്ധി ഉപയോഗിച്ച അതേ ഭാഷയാണിത്. കോൺഗ്രസ് ഹിന്ദി വിരുദ്ധരും ഇന്ത്യാ വിരുദ്ധരുമാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്, രാജ്യത്തെ ജനങ്ങൾ ഒരിക്കലും അദ്ദേഹത്തിന് മാപ്പ് നൽകില്ലെന്നും പൂനവല്ല പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക