Article

ബുള്‍സ് ഐയുടെ കൃത്യം നടുക്ക് കൊള്ളാന്‍…

ബുള്‍സ്ഐയെക്കുറിച്ച് ചോദിച്ചാല്‍, പ്രത്യേകിച്ച് മലയാളിയോടാണെങ്കില്‍, പെട്ടെന്ന് ഭക്ഷണമായ ആ മുട്ട വിഭവത്തെക്കുറിച്ച് ആയിരിക്കും മറുപടി. മുട്ട പാതിവെന്ത പരുവത്തില്‍ കഴിക്കാന്‍ പാകത്തിലാക്കുന്നതാണത്. മുട്ടയുടെ മഞ്ഞക്കുരുവും വെള്ളക്കരുവും തമ്മില്‍ കലരാതെ, ഒരു വശം മാത്രം മൊരിച്ച് എടുക്കുന്ന വിഭവം.

ബുള്‍സ്ഐ എന്നാല്‍ ‘കാളയുടെ കണ്ണ്’ എന്ന് അര്‍ത്ഥം പറയുന്നവര്‍ കുറവാണ്. ഭക്ഷണമായ ഉപ്പുമാവിന് ‘സാള്‍ട്ട്, മാംഗോട്രീ’ എന്ന് വിവര്‍ത്തനം പറയുന്നവര്‍ ഒരുപക്ഷേ പറഞ്ഞേക്കും. ഭാഷ, ആധുനിക സാങ്കേതിക ആശയവിനിമയ രംഗത്ത് ചട്ടവും നിയമവും തെറ്റിയോ തെറ്റിച്ചോ ഉപയോഗിക്കുന്നതിന് ആര്‍ക്കും ലൈസന്‍സുള്ള കാലമാണിത്. അങ്ങനെ ഇംഗ്ലീഷിലും മലയാളവും ചേര്‍ത്ത് ‘മംഗ്ലീഷ്’ ഉണ്ടാക്കിയപ്പോള്‍ കൊല്ലപ്പെട്ടത് ഇംഗ്ലീഷോ മലയാളമോ എന്ന തര്‍ക്കം വേണ്ട. രണ്ടും ചത്തു, അങ്ങനെ ഉപയോഗിക്കുന്നവരുടെ കാര്യത്തില്‍. ‘എന്നാല്‍ അങ്ങനെയൊക്കെ പോരേ? അതുകൊണ്ടെന്താണ് പ്രശ്നം?’ എന്ന് ചോദിക്കുന്ന സ്ഥിതിയാണിത്.

സങ്കരഭാഷ ഉണ്ടാകാം? ഉണ്ടാവണം, ഉണ്ടാക്കണം. മലയാള ഭാഷയെ സമ്പന്നമാക്കിയ സാഹിത്യഖനികളില്‍ ‘മണിപ്രവാള’ത്തിന് വലിയ പങ്കുണ്ട്. ‘മണിപ്രവാള’മെന്നാല്‍ മലയാള ഭാഷയും സംസ്‌കൃത ഭാഷയും സുഘടിതമായി ചേര്‍ന്നതെന്നാണ് അര്‍ത്ഥം. പുരാതന വ്യാകരണ ശാസ്ത്ര ചിന്താഗ്രന്ഥമായ ‘ലീലാതിലക’ത്തില്‍ ‘മണിപ്രവാള’ത്തിന് നിര്‍വചനം
പറയുന്നത്, ”ഭാഷാ സംസ്‌കൃത യോഗോ മണിപ്രവാളഃ” എന്നാണ്. ഭാഷയും സംസ്‌കൃതവും മുത്തും പവിഴവും കോര്‍ത്ത മാലപോലെ കാഴ്ചയ്‌ക്ക് ഹൃദ്യവും ആസ്വാദ്യവുമായിരിക്കുന്ന സാഹിത്യപ്രയോഗമെന്നാണ് വിശദീകരണം. അതായത്, ഭാഷയുടെ സങ്കലനവും മിശ്രണവും ‘മംഗ്ലീഷിനും’ മുമ്പ് മലയാളത്തിന് പരിചിതമാണ്. എന്നല്ല, ‘മെസേജു’കള്‍ക്ക് ഉപയോഗിക്കുന്ന ചുരുക്കപ്രയോഗങ്ങളും നമുക്ക് ഏറെ ശീലമായിരുന്നു. ഒരുകാലത്ത്, ഏറെ പഴയകാലത്ത്, നമ്മുടെ ‘തോല മഹാകവി’യുടെ കവിതാ വൈഭവംതന്നെ അതിന് ഉദാഹരണം ‘ചക്കി പത്തായത്തില്‍ കയറി’ എന്നത് ‘പനസി ദശായാം പാശി’ എന്ന് ഭാഷമാറ്റിയ തോലകവിയുടെ കഴിവ് എത്രകാലം മുമ്പ് നമ്മളുടെ ഭാഷയില്‍ പ്രയോഗിക്കപ്പെട്ടതാണെന്നോര്‍മിക്കുക. ‘ബുള്‍സ് ഐ’യെക്കുറിച്ച് പറഞ്ഞാണ് ചക്കയിലും ചക്കിയിലുമെത്തിയത്.

ഇവിടെ പരാമര്‍ശിക്കുന്ന ‘ബുള്‍സ്ഐ’ അങ്ങനെ ഭക്ഷണത്തില്‍ ഒതുങ്ങുന്നില്ല. ‘ബുള്‍സ്ഐ’ കുറേ വൃത്തങ്ങള്‍ക്ക് നടുക്കുള്ള കറുത്ത കേന്ദ്ര ബിന്ദുവിനെ ആധാരമാക്കി ലക്ഷ്യം ഉറപ്പിക്കുന്നതും നിര്‍ണ്ണയിക്കുന്നതും നേടുന്നതുമായ സൂക്ഷ്മ വൃത്തിക്കുള്ള സാമഗ്രിയാണ്. അമ്പെയ്‌ത്ത്, വെടിവെയ്‌പ്പ് തുടങ്ങിയ ആയോധന പരിശീലന- കലകളിലും ഏകാഗ്രതയും സൂക്ഷ്മതയും ശീലിക്കാന്‍ സഹായിക്കുന്ന ചില കളികളിലുമാണ് ‘ബുള്‍സ്ഐ’ പ്രസക്തമാകുന്നത്. സൈനിക സംവിധാനത്തിന്റെ പരിശീലനത്തില്‍ ബുള്‍സ്ഐ ഏറെ പ്രധാനമാണ്.

ഒരിക്കല്‍ യൂറോപ്യന്‍ പര്യടനത്തിനിടെ ഒരു ഉല്ലാസപ്പാര്‍ക്കില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ തോക്കുകൊണ്ട് ഉന്നം നോക്കി പരാജയപ്പെടുന്ന ഒരു വിനോദം സ്വാമി വിവേകാനന്ദന്‍ കാണുകയുണ്ടായി. യുവാക്കളോട് ഞാനൊന്നു ശ്രമിക്കട്ടെയെന്ന് ചോദിച്ചപ്പോള്‍, കാവിയുടുത്ത ആള്‍, ‘അപരിഷ്‌കൃതന്‍’ എന്ത് ചെയ്യാന്‍ എന്ന ഭാവത്തില്‍ അവര്‍ അപമാനിച്ചു എങ്കിലും അവസരം നല്‍കി. ആദ്യശ്രമത്തില്‍ത്തന്നെ സ്വാമികള്‍ ‘ബുള്‍സ്ഐ’യില്‍ കൊള്ളിച്ചു. അമ്പരന്ന ആ ചെറുപ്പക്കാര്‍ സ്വാമി ഒരു ഷൂട്ടിങ് ചാമ്പ്യനോ പരിശീലകനോ എന്ന് അന്വേഷിച്ചു. രണ്ടുമല്ല ഏകാഗ്ര മനസ്സുള്ള ഒരാള്‍ എന്നായിരുന്നു മറുപടി.
‘ബുള്‍സ്ഐ’ അവിടെയും എവിടെയുണ്ട്. അതിന് നടുവിലെ കറുത്ത പുള്ളിയില്‍ കണ്ണുവെച്ച് അതില്‍ അമ്പ്, അല്ലെങ്കില്‍ വെടിയുണ്ട എത്തിക്കുകയാണ് വേണ്ടത്. അതാണ് ലക്ഷ്യം കുറിക്കല്‍. അതിന് സങ്കല്‍പ്പം വേണം, നടത്താന്‍ നിര്‍വഹണ യജ്ഞം വേണം. ഒരു ക്ഷോഭത്തില്‍ താല്‍ക്കാലികമായുണ്ടാകുന്ന ക്ഷിപ്രപ്രതികരണമല്ല അതിന് വേണ്ടത്. കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ബലിദാനത്തിന് ‘ഭീകരരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കും’ എന്ന് പറയുമ്പോള്‍ സന്നാഹങ്ങള്‍ ഒരുക്കുമ്പോള്‍, കൂടിയാലോചിക്കുമ്പോള്‍, വിശകലനവും വിലയിരുത്തലും നടത്തുമ്പോള്‍ ‘ഒടയ്‌ക്ക് സ്വാമീ നാളികേരം’ എന്ന് ആവേശംകൊളളുന്നതില്‍ അര്‍ത്ഥമില്ല. ‘ബുള്‍സ്ഐ’യിലേക്ക് കൃത്യമായി ലക്ഷ്യം കുറിക്കേണ്ടതുണ്ട്. അതിന് ആസൂത്രണം കുറ്റമൊന്നും ഇല്ലാതെ നടത്തണം.

കേരളത്തില്‍ വിഴിഞ്ഞത്ത് സ്വകാര്യ മേഖലയുടെ സഹായത്തോടെ, സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിച്ച അന്താരാഷ്‌ട്ര ഷിപ് കണ്ടൈനര്‍ ടെര്‍മിനല്‍ ഔദ്യോഗികമായി 2025 മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനെത്തിയതും വാസ്തവത്തില്‍ ‘ബുള്‍സ് ഐ’യിലേക്കുള്ള കേന്ദ്രീകരണത്തിന്റെ ഭാഗമായിരുന്നുവെന്ന് ‘രാജ്യതന്ത്ര’ത്തിന്റെ ശാസ്ത്രം അറിയാവുന്നവര്‍ക്ക് മനസ്സിലാകും. ആര് നിര്‍മ്മിച്ചുവെന്ന അവകാശത്തര്‍ക്കമൊക്കെ കാര്യങ്ങള്‍ അത്ര ഉപരിപ്ലവമായി കാണുന്നവരുടെ കടിപിടികളാണ്.

ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വള്‍ക്കര്‍ ഒരിക്കല്‍ വിശദീകരിച്ച സംഭവം വായിച്ചുകേട്ടിട്ടുള്ളത് ഇങ്ങനെ ചുരുക്കാം. ഇന്ത്യന്‍ തപാല്‍ സംവിധാനത്തില്‍ അയച്ച ഒരു കത്ത് മേല്‍വിലാസത്തിലെ കൃത്യതക്കുറവുമൂലം യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താനാകാതെ ഏറെ അലഞ്ഞുതിരിഞ്ഞ്, കാല്‍നൂറ്റാണ്ടിനുശേഷം യഥാര്‍ത്ഥ മേല്‍വിലാസക്കാരനിലെത്തി. (സമാനമായ സംഭവം പലര്‍ക്കും ഉണ്ടായിട്ടുണ്ടാവണം. 1982 ല്‍ എനിക്ക് അയച്ച ഒരു കത്ത് വിലാസം പാടേ തെറ്റിയതിനാല്‍ 90-ല്‍ കറങ്ങിത്തിരിഞ്ഞ് കൈയില്‍ കിട്ടിയ സംഭവമുണ്ട്. കേട്ടെഴുതിയ മേല്‍വിലാസത്തില്‍ കാവാലം എന്നത് ഇംഗ്ലീഷ് ലിപിയില്‍ കോവളമായി. ജില്ലയും പിന്‍കോഡും തെറ്റി. പക്ഷേ കത്ത് കിട്ടി). കാല്‍ നൂറ്റാണ്ട് കഴിഞ്ഞ് കട്ടിയ ആ കത്തിന്റെ ചരിത്രം പറഞ്ഞ് ഗുരുജി സ്ഥാപിച്ചത് ഇതാണ്. ഒന്ന്: നമ്മുടെ സംവിധാനം ഏറെക്കുറേ കുറ്റമറ്റതാണ്. രണ്ട്: അവിടെ നിര്‍വഹിക്കപ്പെടേണ്ട കൃത്യതയെന്ന ഉത്തരവാദിത്വം പ്രധാനമാണ്. മൂന്ന്: പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നത് സംവിധാനമല്ല, വ്യക്തികളാണ്. നാല്: കരുതലും ഉത്തരവാദിത്വവും വ്യക്തികളുടെ അടിസ്ഥാന ധര്‍മ്മമാണ്. അഞ്ച്: അതിനാല്‍ വ്യക്തി ശുദ്ധി, വ്യക്തി ബുദ്ധി, വ്യക്തി വൃത്തി, അവയാണ് മികച്ച സാമൂഹ്യ സംവിധാനം ഉണ്ടാകുന്നത്. അതാണ്, അങ്ങനെയാണ്, മികച്ച ഭരണ സംവിധാനം രൂപപ്പെടുന്നത്.

പോസ്റ്റല്‍ സംവിധാനത്തിന്റെ പഴക്കം, അതിന്റെ ആദിമാതൃകയൊക്കെ അന്വേഷിച്ചുപോയാല്‍ കൗതുകകരമാകും. പ്രാവുകള്‍ സന്ദേശവാഹകരായിരുന്ന കാലമൊക്കെ നമുക്കുണ്ടായിരുന്നു. സങ്കല്‍പമോ യാഥാര്‍ത്ഥ്യമോ എന്തായാലും ‘നളചരിതകഥയിലെ അരയന്നവും’ രാജാക്കന്മാരുടെ സന്ദേശവാഹകരും ‘രാമായണ’ത്തിലെ ഹനുമാനും മഹാകവി കാളിദാസന്റെ ‘മേഘസന്ദേശ’ കാവ്യത്തിലെ മേഘവുമൊക്കെ ആ അന്വേഷണത്തിന്റെ പരിധിയില്‍വരും. ഇന്ന് പോസ്റ്റല്‍ സംവിധാനത്തിന്റെ അടിസ്ഥാന രീതികള്‍ ഉപയോഗിക്കുന്നത് കുറഞ്ഞു. ആ സ്ഥാനത്ത് ഡിജിറ്റല്‍ സന്ദേശവാഹകമായ സംവിധാനം അതിവ്യാപകമാണ്. അവിടെ കൃത്യസമയത്ത് ഏറ്റവും അടിസ്ഥാനം മേല്‍വിലാസക്കാരന് ലഭിക്കേണ്ട ഒരു സന്ദേശം വിലാസത്തില്‍ ഒരു പിഴവുമില്ലാതെ കൃത്യമായി ചേര്‍ത്താലേ ലഭിക്കുകയുള്ളൂ.

ഇ മെയില്‍ വിലാസത്തില്‍ ഒരു പഴുതുമുണ്ടാകരുതെന്ന് നിര്‍ബന്ധമാണ്. ചെറു പിശകുണ്ടായാല്‍ അത് ലക്ഷ്യത്തിലെത്തില്ല, തിരിച്ചുവരും. ഡിജിറ്റല്‍ ലോകത്ത് ഏത് മേഖലയിലും ഈ കൃത്യത മുഖ്യമാണ്. മേല്‍വിലാസം കൃത്യമാണെങ്കില്‍ ഏതുവിധേനയും കിട്ടേണ്ടവര്‍ക്ക് കിട്ടുമെന്ന കാര്യവും ഉറപ്പാണ്. അതായത്, ഡിജിറ്റല്‍ ലോകം കിറുകൃത്യതയുടെ കാര്യത്തില്‍ കൃത്യതയേറെയുള്ള ഇടമാണ്. ഡിജിറ്റല്‍ ലോകത്ത് ഒരു വസ്തുവോ വസ്തുതയോ വിവരമോ കണ്ടെത്തുന്നതിന് പക്ഷേ അത്ര കൃത്യത ആവശ്യപ്പെടുന്നില്ല എന്ന വിചിത്രമായ കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ തലത്തില്‍ ഒരു അന്വേഷണത്തിന് അപരിമിതമായ സാധ്യതകളാണ് ലോകമാകെ ഇലക്ട്രോണിക് സംവിധാനത്തില്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റില്‍ എന്തെങ്കിലും വിവരങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കുക എളുപ്പമാണ്. ‘മനസ്സില്‍ കാണുന്നത് മരത്തില്‍ കാണിച്ചുതരും’ എന്നു പറയുന്ന തരത്തിലായി ഇന്റര്‍നെറ്റിലെ തിരച്ചില്‍ സാധ്യത. പക്ഷേ അതല്ല, ഒരു പ്രത്യേക ലോകത്ത് വ്യക്തിയില്‍, വസ്തുതയില്‍ എത്തിച്ചേരാനും എത്തിക്കാനുമുള്ള കാര്യം വരുമ്പോള്‍ പിന്നെയും മുഖ്യമാണ് അതിനുള്ളിലേക്ക് കയറുന്ന ഡിജിറ്റല്‍ ലോക്കുകള്‍. ആ അടപ്പുകള്‍ (മൂടികള്‍) തുറക്കാനുള്ള കീ (താക്കോല്‍) വേസ്, അഥവാ പാസ്വേര്‍ഡ് കിട്ടിയാലേ ഉള്ളില്‍ കടക്കാനാകൂ. ആധുനികകാലത്തെ ആ പാസ്വേര്‍ഡാണ് ‘ബുള്‍സ് ഐ’യില്‍ എത്തിച്ചേരാനുള്ള വാക്കും വഴിയും വൃത്തിയും. ‘ഏകാഗ്രത’ തന്നെയാണ് ഇപ്പോള്‍ പറയുന്ന പാസ്വേര്‍ഡ്. ഒരു കാര്യത്തിന്റെ, വസ്തുതയുടെ, ആശയത്തിന്റെ, സങ്കല്‍പ്പത്തിന്റെ അഗ്രത്തിലേക്കുള്ള ലക്ഷ്യം വയ്‌ക്കല്‍ എന്നേ അര്‍ത്ഥമുള്ളൂ. ആ ഏകാഗ്രതയല്ലാതെ ഒന്നും ഫലിക്കില്ല, ഫലിച്ചിട്ടില്ല, ഫലിക്കുകയുമില്ല. ‘ബുള്‍സ് ഐ’യില്‍ ലക്ഷ്യമിട്ടാല്‍ അതെളുപ്പമാണ്. പഹല്‍ഗാമിന്റെ കാര്യത്തില്‍ അങ്ങനെയൊരു ‘ബുള്‍സ് ഐ’ ഉണ്ട് എന്നുറപ്പ്. അതിന് കോപ്പുകൂട്ടി, കാപ്പുകെട്ടി അത്യധിക കൃത്യതയോടെയുള്ള പ്രവൃത്തിയാണ് നടത്തേണ്ടത്, നടക്കാന്‍ പോകുന്നത് എന്നുവേണം കരുതാന്‍. അതിന് തിരച്ചിലുകള്‍ ഏറെ നടത്തി, കൃത്യമായ മേല്‍വിലാസം കണ്ടെത്തി, കുറ്റമറ്റ രീതിയില്‍ അവിടേക്ക് ലക്ഷ്യവേധിയായി ആയുധം തൊടുക്കുകയാണ് നടപടിക്രമം.

ഭാരതത്തിന്റെ അണുശക്തി പരീക്ഷണമായ ‘ഓപ്പറേഷന്‍ ശക്തി’ 1998 മേയ് 11 നു തുടങ്ങി 13 ന് അവസാനിപ്പിക്കുകയായിരുന്നു, 27 വര്‍ഷം മുമ്പ്. അന്ന് നമ്മുടെ രാജ്യത്തെ ലോകരാജ്യങ്ങള്‍ സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങള്‍കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ഭാരതം അതിനെ അതിജീവിച്ച് സ്വാശ്രയ ഭാരതത്തിന്റെ ആധുനികകാല ആവേശത്തിനടിത്തറയിട്ടു. ലോകം മുഴുവന്‍ ഒന്നിച്ച് ഉപരോധിച്ചാലും നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ഇന്ന് ഭാരതം പ്രാപ്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ ശ്വാസത്തിലും വിളിച്ചുപറയുന്നത് അതാണ്. എന്തിനും സന്നദ്ധമായി സര്‍ക്കാര്‍ സംവിധാനമല്ല, രാജ്യമാകെയും ഉണ്ടെന്ന് ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ‘ബുള്‍സ് ഐ’യില്‍ ഏകാഗ്രത തെളിയിക്കാനുള്ള ഏക നിഷ്ഠയ്‌ക്ക് ‘ശക്തി പരീക്ഷണം’ നടത്തിയ മെയ്മാസം കൂടുതല്‍ കരുത്ത് പകരുക തന്നെ ചെയ്യും.

പിന്‍കുറിപ്പ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ കെഎസ്ഇബി വഴിവിളക്കുകള്‍ കെടുത്തിയെന്ന് വാര്‍ത്ത. അല്ലെങ്കിലും വണ്ടുകള്‍, വിളക്ക് കെടുത്തി സ്വയം ചാകുന്ന വര്‍ഗ്ഗമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗ വിവര്‍ത്തനത്തില്‍ പിഴവുണ്ടായി. പക്ഷേ, പ്രധാനമന്ത്രി മോദി ‘ഡയറക്ട് ഡെലിവറി’ക്കാരനാണ്- നേരിട്ട് ജനങ്ങളോട് പറയുന്ന രീതി. കമ്മ്യൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട പ്രതിപക്ഷ രാഷ്‌ട്രീയ മുന്നണിയില്‍ അദ്ദേഹം ‘രാഷ്‌ട്രീയ പൊഖ്റാന്‍’ നടത്തിയത് സാമാന്യജനത്തിനു പോലും മനസ്സിലായി.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക