India

”അച്ഛന്റെ സ്ഥാനത്തുനിന്ന് ഈ മകളെ ഞാന്‍ കൈപിടിച്ചു തരുന്നു”; സര്‍സംഘചാലകിന്റെ സാന്നിധ്യത്തില്‍ വനവാസി ഊരില്‍ അക്ഷയ് കന്യാദാനം

Published by

കാശി: രാജ്‌വന്തിയുടെയും വരന്‍ അമാന്റെയും കാലുകള്‍ ഡോ. മോഹന്‍ ഭാഗവത് കഴുകി. ഇരുവരുടെ കൈകള്‍ ചേര്‍ത്തു. സര്‍വ മംഗളങ്ങളും നേര്‍ന്നു. അനാഥത്വത്തിന്റെയും നിരാശയുടെയും നാളുകള്‍ കഴിഞ്ഞെന്നും രാജ്‌വന്തിക്ക് ഈ നാടാകെ സഹോദരരുണ്ടെന്നുമുരുവിട്ട് അദ്ദേഹം നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ചു. അച്ഛന്റെ സ്ഥാനത്തു നിന്ന് ഈ മകളെ ഞാന്‍ കൈപിടിച്ചു തരുന്നെന്ന് അമാനോട് അദ്ദേഹം പറഞ്ഞു.

സോന്‍ഭദ്ര രേണൂകൂട് വനവാസി ഊരിലെ രാജ്‌വന്തിയുടെ വിവാഹത്തിനു നേതൃത്വം നല്കുകയായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക്.

രാജ്‌വന്തി മാത്രമല്ല 125 കന്യകമാര്‍ സര്‍സംഘചാലകിന്റെ സാന്നിധ്യത്തില്‍ സുമംഗലികളായി. കാശി ഖോജ്വാമില്‍ ശംകുല്‍ധാരയിലായിരുന്നു അക്ഷയ് കന്യാദാന മഹോത്സവം. ലോകത്തെ കുടുംബമായി കരുതുന്നതാണ് നമ്മുടെ സംസ്‌കാരമെന്നും അടുപ്പം കൊണ്ടു സമാധാനം സൃഷ്ടിക്കപ്പെടുമെന്നും സര്‍സലംഘചാലക് പറഞ്ഞു. ഉറപ്പുള്ള വീടിനു ചുട്ടുപഴുത്തു പാകമായ ഇഷ്ടികകളെന്ന പോലെ കുടുംബത്തിനു മൂല്യങ്ങളും ആചാരങ്ങളും കരുത്തു പകരും. സമൂഹ നിര്‍മിതിയുടെ ഇഷ്ടികകളാണ് കുടുംബങ്ങള്‍. നല്ല മനുഷ്യന്‍ രൂപപ്പെടുന്നത് കുടുംബത്തിനുള്ളില്‍ നിന്നാണ്. കുടുംബം പരസ്പരം ക്ഷേമത്തിനായി ത്യാഗം ചെയ്യുന്നവരുടെ ആലയമാണ്. പ്രിയപ്പെട്ടവര്‍ക്കായി പലപ്പോഴും നമ്മള്‍ പലതും ഉപേക്ഷിക്കും. ഇതു സ്വന്തമെന്ന ഭാവത്തില്‍ നിന്ന് സ്വാഭാവികമായി ഉടലെടുക്കുന്നതാണ്, സര്‍സംഘചാലക് തുടര്‍ന്നു.

വിവാഹം ഒരു വീട്ടിലെ പെണ്‍കുട്ടിയെ മറ്റൊരു വീട്ടിലെ അംഗമാക്കുന്നു. അവള്‍ അവര്‍ക്കും സ്വന്തമായിത്തീരുന്നു. സ്വന്തമെന്ന ഈ ബോധം സമാജത്തില്‍ വളരുമ്പോഴാണ് ലോകം നമുക്കു കുടുംബമാകുന്നത്. ഇതു നമ്മുടെ സംസ്‌കാരമാണ്. ഈ സംസ്‌കാരമാണ് ഭാരതത്തെ വളര്‍ത്തുന്നതും ലോകത്തു ശാന്തി സൃഷ്ടിക്കുന്നതും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് ക്ഷേത്ര കാര്യവാഹ് വീരേന്ദ്ര ജയ്സ്വാളിന്റെ മേല്‍നോട്ടത്തിലായിരുന്നു ശംകുല്‍ധാരയിലെ അക്ഷയ് കന്യാദാന മഹോത്സവം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക