നല്ല ഭക്ഷണം എന്നത് ഓരോരുത്തരുടെയും ആവശ്യമാണ്. എന്നാല്‍ ഭക്ഷണത്തില്‍ നാം വേണ്ട ശ്രദ്ധയോ നിഷ്ഠയോ കാട്ടാറുണ്ടോ? മലയാളിയുടെ ഭക്ഷണസംസ്‌കാരം മാറിയതിന്റെ തെളിവാണ് നാട്ടിന്‍പുറങ്ങളിലെ തട്ടുകടകളും മന്തി, അല്‍ഫാം, ബര്‍ഗര്‍, ഷവര്‍മ, പിസാ, ന്യൂഡില്‍സ് വിഭവങ്ങളും. നമുക്ക് ആരോഗ്യപ്രദമായ ഭക്ഷണസംസ്‌കാരം ഉണ്ടായിരുന്നു. ആഹാരം എത്ര കഴിക്കണം, എപ്പോള്‍ കഴിക്കണം ഇങ്ങനെയുള്ള കാര്യങ്ങളില്‍ കൃത്യമായ ചിട്ടകള്‍ ഹൈന്ദവ സംസ്‌കാരത്തിലുണ്ട്. പുരാണങ്ങളിലും വേദങ്ങളിലും അന്നവുമായി ബന്ധപ്പെട്ട ഒരുപാടു കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. യജ്ഞം പോലെ അനുഷ്ഠിക്കേണ്ട ഒന്നാണിതെന്ന് ആചാര്യന്മാര്‍ പറയുന്നു. ദൈവാംശത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണക്രമം പിന്തുടരണം എന്നതാണ് യജ്ഞപദത്താല്‍ വിവക്ഷിതം.
ആഹാര, രുചി ബന്ധം അഭേദ്യമാണ്. രുചിഭേദങ്ങള്‍ തേടി നാം പാശ്ചാത്യ സംസ്‌കാരം പിന്തുടരുകയാണിന്ന്. മധുരം, അമ്ലം, ലവണം, തിക്തം, കടു, കഷായം ഇങ്ങനെ ആറു രുചിഭേദങ്ങള്‍ ആയുസ്സിന്റെ വേദമായ ആയുര്‍വേദ ചികിത്സാ ശാസ്ത്രത്തിലുണ്ട്. സമീകൃത ആഹാരം ഈ ആറു രുചികളും ചേരുന്നതാണ്. നിഷ്ഠയില്ലാതെ വാരിവലിച്ച് കഴിക്കുന്ന ശീലമാണ് പലര്‍ക്കും. എന്നാല്‍ ശരിയായി വിശക്കുമ്പോള്‍ മാത്രമേ കഴിക്കാവൂ എന്നതാണ് ആയുര്‍വേദ വിധി. നന്നായി വിശക്കുമ്പോള്‍ ഉദരം ദഹന രസങ്ങളാല്‍ ആഹാരത്തെ ചയാപചയം ചെയ്യാന്‍ സജ്ജമാകുന്നു. അതിനാല്‍ ആഹാരം ശരിയായി ദഹിക്കുന്നു. വിശപ്പടങ്ങിയിട്ടും കഴിക്കുന്നത് അഭികാമ്യമല്ല. എത്ര സ്വാദിഷ്ഠ വിഭവമാണെങ്കിലും വിശപ്പടങ്ങിയാല്‍ വീണ്ടും കഴിക്കരുത്. അങ്ങനെ ആഹരിക്കല്‍ തുടര്‍ന്നാല്‍ അതു ദഹനേന്ദ്രിയങ്ങള്‍ക്ക് അമിതഭാരമാകും. പൂര്‍ണ്ണ ദഹനം സാദ്ധ്യമാകുകയുമില്ല. ഇത് ദഹനക്കേടിനും പോഷണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കഴിച്ച ഭക്ഷണം വിഷദ്രവങ്ങളായി രൂപാന്തരപ്പെടും. അത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അല്‍പം വിശപ്പ് നില്‍ക്കെ ഭക്ഷണം അവസാനിപ്പിച്ചാല്‍ ശരീരത്തിനും മനസ്സിനും ഉന്മേഷം ലഭിക്കും.
യാഗരക്ഷക്കായി വനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ബാലകരായ രാമലക്ഷ്മണന്മാര്‍ക്ക് വിശപ്പും ദാഹവും അതിജീവിക്കാന്‍ രാജര്‍ഷി വിശ്വാമിത്രന്‍ ഉപദേശിച്ച മന്ത്രങ്ങളാണ് ബലയും അതിബലയും. മന്ത്രസിദ്ധിക്കപ്പുറം തപശ്ചര്യയിലൂടെ നേടിയെടുക്കാവുന്ന ഒരു സിദ്ധിയാണിത്. മനസ്സിനെ കഠിനവ്രതത്താല്‍ നിയന്ത്രിച്ച് വിശപ്പും ദാഹവും നിയന്ത്രണത്തിലാക്കാം. ഭക്ഷണത്തിന്റെ അളവ്, കഴിക്കുന്ന രീതി, ഏതുതരം ഭക്ഷണം ഇവയൊക്കെ വ്യക്തികളുടെ കാഴ്ചപ്പാടനുസരിച്ച് വ്യത്യസ്തമാകും. പ്രായം, ആരോഗ്യം, സംസ്‌ക്കാരം, ജീവിതരീതി എന്നിവയൊക്കെ ഇതിനെ സ്വാധീനിക്കുന്നു. അളവോ, കലോറിയോ നോക്കി ഇതു നിര്‍ണ്ണയിക്കുക അസാദ്ധ്യം. കഴിക്കുന്ന ആഹാരം, മാനസികാവസ്ഥ, മുമ്പു കഴിച്ച ഭക്ഷണം, ഇനി കഴിക്കാന്‍ പോകുന്നതെന്ത്? ഇങ്ങനെ ഒട്ടേറെ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു ഇത്. ആനന്ദ വേളകളിലും കഠിന പ്രയാസം നേരിടുമ്പോഴും മൂക്കുമുട്ടെ കഴിക്കുന്ന ആളുകളുണ്ട്. ഇതൊക്കെ പ്രതിജനഭിന്നമാവുമെങ്കിലും ആരോഗ്യകരമായ ചില ചിട്ടവട്ടങ്ങള്‍ ഏവര്‍ക്കും ഭക്ഷണകാര്യത്തില്‍ പൊതുവായി സ്വീകരിക്കാം.
അടുത്ത ഭക്ഷണത്തിന് മുന്‍പ് ദഹിക്കുന്നവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് അഭികാമ്യം. അവരവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് നിശ്ചിത ഇടവേളകളില്‍ അല്‍പാല്‍പമായോ രണ്ടോ മൂന്നോ നേരമായി നിശ്ചിത അളവിലോ ആഹാരം നിജപ്പെടുത്താം. ഭക്ഷണ കാര്യത്തില്‍ നല്ല ചിട്ട ആവശ്യമാണ്.
ആരോഗ്യ ദായകമായ ആഹാരം മിതമായി കഴിക്കുന്നത് പല രോഗങ്ങളും വരാതെ സംരക്ഷിക്കും. അമിതഭക്ഷണത്തെ ഗുരു എന്നും ലളിതഭക്ഷണത്തെ ലഘു എന്നും ആയുര്‍വേദം തരംതിരിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണം ഇതില്‍ ഏതെന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.
ഇളനീര്‍ അഥവാ കരിക്ക് ഒന്നാന്തരം ലഘു ഭക്ഷണമാണ്.
സ്ഥിരമായി നിശ്ചിത സമയത്ത് ആഹാരം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. ചൂടുള്ളതിനോടൊപ്പം നന്നായി തണുത്ത ആഹാരം യോജിപ്പിക്കരുത്. ഇടയ്‌ക്കിടെ ഉള്ള ഉപവാസവും അഭികാമ്യം. ശരിയായ ആഹാരരീതി അവലംബിച്ചാല്‍ അമിതവണ്ണം, വിളര്‍ച്ച, ചര്‍മ്മരോഗങ്ങള്‍, ജീവിതശൈലീരോഗങ്ങള്‍ എന്നിവ ഒഴിവാക്കാം.
ഓരോ വ്യക്തിയുടേയും ആരോഗ്യം, ശരീരഘടന എന്നിവ മനസ്സിലാക്കി വേണം ഭക്ഷണചിട്ട ഉണ്ടാക്കേണ്ടത്. ചുരുക്കത്തില്‍, ‘മിതഭക്ഷണം കൃത്യമായ ഇടവേളകളില്‍’ എന്നതാണ് പൊ
തുതത്ത്വം ആക്കാനാവുക. ജീവിക്കാന്‍ വേണ്ടി കഴിക്കുക. കഴിക്കാന്‍ വേണ്ടി മാത്രം ജീവിച്ചാല്‍ അധികം വൈകാതെ രോഗഗ്രസ്തമാകും.
‘അന്നം ബ്രഹ്മേതി വ്യജനാത്’ എന്ന തൈത്തീരിയോപനിഷദ് വാക്യം മറക്കാതിരിക്കുക. മനസ്സിനെ നിയന്ത്രിച്ചാല്‍ ആഹാരനീഹാരാദികളെ വരുതിയിലാക്കാമെന്ന് ശാസ്ത്രീയ പഠനങ്ങളും തെളിയിക്കുന്നു. അതിനാല്‍ ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാം.
(പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ആണ്
ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: