കടുങ്ങല്ലൂര്‍(കൊച്ചി): സമാജത്തിന്റെയും രാഷ്‌ട്രത്തിന്റെയും നന്മയ്‌ക്കായി ഓരോ സ്ത്രീകളും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയകിഷോര്‍ രാഹത്കര്‍ പറഞ്ഞു. രാഷ്‌ട്ര സേവികാസമിതി കേരളാ പ്രാന്തത്തിന്റെ സേവാപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള രുഗ്മിണി സ്മൃതി ട്രസ്റ്റിന്റെ കടുങ്ങല്ലൂരിലെ അഭയം- മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
രാഷ്‌ട്ര സേവികാസമിതി മുന്‍പോട്ട് വയ്‌ക്കുന്ന കര്‍ത്തൃത്വം, മാതൃത്വം, നേതൃത്വം, എന്നീ സത്ഗുണങ്ങളില്‍ ഊന്നിവേണം ഈ പ്രവര്‍ത്തനങ്ങള്‍. ദേശീയ വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിങ് സെന്ററുകള്‍ രാജ്യത്തിലുടനീളം കൗണ്‍സിലിങ് വിദഗ്ധരുടെയും സൈക്കോളജിസ്റ്റുകളുടെയും പിന്തുണയോടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തേരെ മേരെ സപ്‌നേ- എന്ന പേരില്‍ കുടുംബഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതി കേരളത്തിലും നടപ്പിലാക്കുന്നുണ്ട്. ഇതിനായി ‘അഭയം’ ഒരു കേന്ദ്രമായി മാറട്ടെയെന്നും വിജയകിഷോര്‍ രാഹത്കര്‍ പറഞ്ഞു.
കൊറോണ കാലഘട്ടത്തില്‍ വനിതകള്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ശ്മശാന കര്‍മങ്ങള്‍ ഉള്‍പ്പെടെയുള്ള സേവാപ്രവര്‍ത്തനങ്ങള്‍ ചെയ്തത് വലിയമാറ്റം ഉണ്ടാക്കിയതായി ചടങ്ങില്‍ അധ്യക്ഷയായ രാഷ്‌ട്ര സേവികാസമിതി അഖില ഭാരതീയ പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി പറഞ്ഞു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎസ്ആര്‍ ചീഫ് പി.എന്‍. സമ്പത്കുമാര്‍, ബിപിസിഎല്‍എച്ച് ആര്‍സിജിഎം ജോര്‍ജ് തോമസ്, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാര്‍, യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസര്‍ സുനില്‍ ബാലകൃഷ്ണന്‍, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രപ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ആര്‍. രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ശ്രീരാജ്, ആര്‍എസ്ടി മാനേജിങ് ട്രസ്റ്റിയും പ്രാന്ത കാര്യവാഹികയുമായ അഡ്വ. കെ.എല്‍. ശ്രീകല, സെക്രട്ടറി ലക്ഷ്മി മുരളി എന്നിവര്‍ സംസാരിച്ചു. രുഗ്്മിണി സ്മൃതി ട്രസ്റ്റിനുള്ള മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായമായ 10 ലക്ഷത്തിന്റെ ചെക്ക് ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി. ദാസ്, സിഎസ്ആര്‍ ഹെഡ് ശില്പ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഉദ്ഘാടന ചടങ്ങില്‍ വിവിധ ശിലാഫലകങ്ങള്‍ അനാച്ഛാദനം ചെയ്തു.
അഖില ഭാരതീയ സഹ കാര്യവാഹിക അല്‍ക്ക ഇനാംദാര്‍, പ്രാന്ത സഞ്ചാലിക ഡോ. ആര്യദേവി, അഡ്വ. അഞ്ജന ദേവി, ഡോ. ജയശ്രീ, ഡോ. രേണുസുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: