വിഴിഞ്ഞം തുറമുഖമെന്ന് കേട്ടറിഞ്ഞിട്ട് പതിറ്റാണ്ടുകളായി. അതെപ്പോള്‍ വരും? വരുമോ? വരാതിരിക്കുമോ? എന്ന ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും അന്ത്യമായി. വിഴിഞ്ഞം തുറമുഖം അന്തിമമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതോടെ സ്വപ്‌നസാക്ഷാത്കാരമായി. തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്റെ കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒന്നര നൂറ്റാണ്ടായി ആവശ്യങ്ങളും അവകാശവാദങ്ങളും എതിര്‍പ്പുമായെല്ലാം തട്ടിക്കളിച്ചു. മൂന്നര പതിറ്റാണ്ടായി കാര്യമായ ആലോചനകളും നീക്കങ്ങളും നടത്തി. മാറിമാറി വന്ന സര്‍ക്കാരുകളുടെ അവകാശവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും വാശിയുടെയും പിടിവാശിയുടേയും അവസാനം നരേന്ദ്രമോദി സര്‍ക്കാരിന്റെ അന്ത്യശാസനത്തിന് ഒടുവിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറിലെത്തിയത്. അത് കടല്‍ക്കൊള്ളയാണെന്നായിരുന്നു ഇടത് ആരോപണം. സിപിഎം സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനുമായിരുന്നു പദ്ധതിക്കെതിരെ മുന്നണിയില്‍ നിന്ന് പോരടിച്ചത്. അദാനി വഴി അമേരിക്കയ്‌ക്ക് പരവതാനി വിരിക്കുകയാണെന്നായിരുന്നു ആക്ഷേപം.
ഭരണം മാറിയതോടെ അഭിപ്രായവും മാറി. ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയ കരാര്‍ പ്രകാരം വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു.
വിഴിഞ്ഞം രാജ്യത്തിന്റെ അഭിമാനവും പുരോഗതിയിലേക്കുള്ള ചുവടുവയ്പുമാണെന്നാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. തുറമുഖം കേരളത്തിനും
രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ സഹായകമാകും. ഭാരതത്തിന്റെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളിലെ പ്രധാന പുരോഗതിയായ വിഴിഞ്ഞം പു
തുതലമുറ വികസനത്തിന്റെ പ്രതീകവുമാണെന്നും മോദി ചൂണ്ടിക്കാട്ടി. കേരളം രാജ്യ പുരോഗതിയില്‍ വലിയ പങ്കുവഹിച്ചു. ഇനിയും വലിയ പങ്കുവഹിക്കാനുണ്ട്. സാമ്പത്തിക പുരോഗതിക്ക് തുറമുഖം അനിവാര്യമാണെന്നും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തുമെന്നും കേരള വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒപ്പം നിലകൊള്ളുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ കഴിവുകള്‍ രാജ്യത്തിന്റെ സമുദ്ര മേഖലയെ മുന്നോട്ടുനയിക്കും. സാഗര്‍മാല പദ്ധതിയിലൂടെയും പി.എം. ശക്തി പദ്ധതിയിലൂടെയും തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവും കണക്ടിവിറ്റിയും സാക്ഷാല്‍ക്കരിച്ചു. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളും നമ്മുടെ തുറമുഖ നഗരങ്ങളും വികസിത ഭാരതത്തിന്റെ വളര്‍ച്ചയുടെ മുഖ്യകേന്ദ്രങ്ങളാകും.
പൊതുസ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോടികള്‍ നിക്ഷേപം നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേഭാരത്, ബൈപ്പാസ്, ജലജീവന്‍ തുടങ്ങി കേരളത്തിന് നിരവധി പദ്ധതികള്‍ നല്‍കി. ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാന പുരോഗതിയാണ് വഴിഞ്ഞം. ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബ് നിലവിലെ ശേഷിയില്‍ നിന്നും വരും കാലത്ത് മുന്നിരട്ടിയായി വര്‍ധിക്കും. അതിലൂടെ ലോകത്തിലെ വലിയ ചരക്ക് കപ്പലുകള്‍ക്ക് വിഴിഞ്ഞത്ത് വേഗതയില്‍ എത്തിച്ചേരാന്‍ കഴിയും. ഇതു സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ സഹായിക്കും. ഇത് മോദി നേരത്തെ തന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് വിഴിഞ്ഞം തുറമുഖം തുടങ്ങുന്നെങ്കില്‍ ഇപ്പോള്‍ തുടങ്ങിക്കോളാന്‍ ഉമ്മന്‍ചാണ്ടിക്ക് അന്ത്യശാസനം നല്കിയത്. അതുകൊണ്ടാണ് അദാനിയുമായി കരാറുണ്ടാക്കാന്‍ വഴിയൊരക്കിയത്. ഇനി കേരളത്തിന്റെ വികസനത്തിന് ഒന്നിച്ചുനീങ്ങാമെന്ന നിര്‍ദ്ദേശം മോദി മുന്നോട്ടുവയ്‌ക്കാന്‍ കാരണം അതാണ്.
അദാനിയുമായി യോജിച്ച് നീങ്ങാന്‍ സാധിച്ചതായുള്ള കമ്മ്യൂണിസ്റ്റുമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് മോദി പറഞ്ഞു. ഇത് വലിയൊരു മാറ്റമാണ്. രാജ്യത്തിന്റെ വാണിജ്യ കവാടമായി വിഴിഞ്ഞം മാറിക്കഴിഞ്ഞു. കേരളത്തിന്റെ വികസനത്തിന് ഇത് ആക്കംകൂട്ടും. ദക്ഷിണേന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമെന്ന ഖ്യാതിയോടെ ഭാരതത്തെ ആഗോള സമുദ്രശക്തിയാക്കി വിഴിഞ്ഞം മാറ്റിയിരിക്കുകയാണ്. ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്കാള്‍ കരുത്തും കാര്യശേഷിയുമുള്ളതാണ് വിഴിഞ്ഞം. രാജ്യത്തെ ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായി മാറുന്ന ഈ തുറമുഖത്ത് ഇതിനകംതന്നെ കരുത്തുള്ള കപ്പലുകള്‍ നങ്കൂരമിട്ടുകഴിഞ്ഞു. ലോകത്തിന്റെ വാണിജ്യഭൂപടത്തില്‍ ഇതിനകം തന്നെ ശ്രദ്ധനേടിയ വിഴിഞ്ഞത്തെ കരുത്തോടെ, കരുതലോടെ, അഭിമാനത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: