മുംബൈ: ശതകോടിയിലധികം ജനസംഖ്യയുള്ള ഭാരതം, ശതകോടിയിലധികം കഥകളുടെ നാടു കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ഗ വൈഭവത്തിന്റെ നാടാണ് ഭാരതം. ഇന്ന് ലോകം കഥപറച്ചിലിന്റെ പുതിയ വഴികള്‍ തേടുമ്പോള്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള കഥകളുടെ നിധി ഭാരതത്തിലുണ്ട്. ഈ നിധി കാലാതീതവും ആഗോള പ്രസക്തവുമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മുംബൈയില്‍ ആഗോള ശ്രവ്യ- ദൃശ്യ- വിനോദ ഉച്ചകോടി- വേവ്‌സ്- ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. ഭാരതത്തില്‍ ഓറഞ്ച് സമ്പദ്വ്യവസ്ഥയുടെ ഉദയകാലമാണിത്. ഉള്ളടക്കം, സര്‍ഗാത്മകത, സംസ്‌കാരം എന്നിവയാണ് ഓറഞ്ച് സമ്പദ്വ്യവസ്ഥയുടെ മൂന്നു സ്തംഭങ്ങള്‍, പ്രധാനമന്ത്രി പറഞ്ഞു.
സ്‌ക്രീന്‍ വലുപ്പം ചെറുതാവുകയാണ്. പക്ഷേ വ്യാപ്തിയും സാധ്യതയും അനന്തമായിക്കൊണ്ടിരിക്കുന്നു. ലോകത്തെ വിനോദ വ്യവസായത്തിന്റെ നേതൃത്വത്തിലെത്താന്‍ ഭാരത യുവത്വത്തിന് കഴിയുമെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സര്‍ഗവൈഭവവും ആഗോള സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് വിനോദ വ്യവസായ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും അത് സൃഷ്ടിക്കും. ഇന്ന്, ഭാരതം ചലച്ചിത്ര നിര്‍മാണം, ഡിജിറ്റല്‍ ഉള്ളടക്കം, ഗെയ്മിങ്, ഫാഷന്‍, സംഗീതം, തത്സമയ കച്ചേരികള്‍ എന്നിവയുടെ ആഗോള കേന്ദ്രമായി ഉയര്‍ന്നുവരികയാണ്. നിക്ഷേപകര്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമല്ല, ജനങ്ങളിലും നിക്ഷേപിക്കണം. യുവാക്കള്‍, ആരും പറയാത്ത ശതകോടി കഥകള്‍ ലോകത്തോട് പറയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ മെയ് 4വരെ നടക്കുന്ന ഉച്ചകോടിയില്‍ 70ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു. സിനിമ, സംഗീതം, വീഡിയോ ഗെയ്മിങ് മേഖലകളില്‍ വലിയ സാധ്യതകളുണ്ട്. റഷ്യയില്‍ രാജ്കപൂറിനുണ്ടായ ജനപ്രീതി, കാനില്‍ സത്യജിത് റേക്കു ലഭിച്ച ആഗോള അംഗീകാരം, ആര്‍ആര്‍ആറിന്റെ ഓസ്‌കര്‍ നേട്ടം എന്നിവ എടുത്തുകാട്ടിയ അദ്ദേഹം, ഭാരത ചലച്ചിത്ര പ്രവര്‍ത്തകര്‍ ആഗോള അംഗീകാരം നേടുന്ന ആഖ്യാനങ്ങള്‍ എങ്ങനെ രൂപപ്പെടുത്തുന്നു എന്നും വ്യക്തമാക്കി.
ഭാരതത്തിന്റെ കലയും സാഹിത്യവും ലോകത്തെ ഒരുമിപ്പിക്കുന്നു. നരസിംഹ മേത്ത ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ‘വൈഷ്ണവ് ജന്‍ തോ’ എന്ന ഗാനം മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ 150 രാജ്യങ്ങളില്‍ നിന്നുള്ള ഗായകര്‍ ചേര്‍ന്ന് ആലപിച്ചു. ഇത് കല ലോകത്തെ ഒരുമിപ്പിക്കുന്നതിന് ഉദാഹരണമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലും അനുകമ്പയുള്ള ഹൃദയങ്ങളാണ് ആവശ്യമെന്നും മോദി പറഞ്ഞു. ഭാരതത്തിന്റെ കഥാപാരമ്പര്യം അത്തരം അനുകമ്പയിലും കരുണയിലും അധിഷ്ഠിതമാണ്. അത് ലോകത്തിന് പുതിയ വെളിച്ചം നല്‍കും.
സംഗീതം, സിനിമ, വിനോദ വ്യവസായം എന്നീ രംഗങ്ങളില്‍ വരുംകാലത്ത് ഭാരതം ലോകത്തിന്റെ നെറുകയിലെത്തുമെന്നും മോദി പറഞ്ഞു. അതിനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ആഗോള ശ്രവ്യ- ദൃശ്യ- വിനോദ ഉച്ചകോടി (വേവ്‌സ്) ഇതിനുള്ള പരിശ്രമമാണ്. ഈ രംഗത്തെ ആഗോള സാങ്കേതിക വിദ്യകളേയും നിക്ഷേപ സാധ്യതകളേയും ഭാരത യുവത്വത്തിന് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വേവ്‌സ് ഒരുക്കിയത്. വരും വര്‍ഷങ്ങളിലും ഇത് വിപുലമായി തുടരും. 6 ലക്ഷം ഭാരതീയ ഗ്രാമങ്ങള്‍ക്ക് 100 കോടി കഥകള്‍ പറയാനുണ്ട്, ഈ കഥകള്‍ ആകര്‍ഷണീയമായി അവതരിപ്പിക്കാന്‍ യുവാക്കള്‍ തയ്യാറാകണം. മോദി ചൂണ്ടിക്കാട്ടി.
മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ഡോ. എല്‍. മുരുകന്‍, സുരേഷ് ഗോപി, താരങ്ങളായ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, രജനികാന്ത്, ചിരഞ്ജീവി, മോഹന്‍ലാല്‍, മിഥുന്‍ ചക്രവര്‍ത്തി, ഹേമ മാലിനി, ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിങ്, കാര്‍ത്തിക്, ആലിയ ഭട്ട് സംവിധായകന്‍ എസ്. എസ്. രാജമൗലി തുടങ്ങിയവരും പങ്കെടുത്തു. കെ. എസ്. ചിത്രയും ശ്രേയ ഘോഷാലും ചേര്‍ന്ന് അവതരിപ്പിച്ച അവതരണ ഗാനത്തോടെയാണ് വേവ്‌സ് ആരംഭിച്ചത്. കീരവാണിയായിരുന്നു അവതരണ ഗാനം ചിട്ടപ്പെടുത്തിയത്.
കണക്ടിങ് ക്രിയേറ്റേഴ്‌സ്, കണക്ടിങ് കണ്‍ട്രീസ് എന്ന ടാഗ്ലൈനോടുകൂടിയ നാല് ദിവസത്തെ ഉച്ചകോടിയാണ് വേവ്‌സ് 2025. ലോകമെമ്പാടുമുള്ള നിര്‍മാതാക്കള്‍, ടെക്‌നീഷ്യന്മാര്‍, സംവിധായകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കമ്പനികള്‍ നയരൂപകര്‍ത്താക്കള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് ഭാരതത്തെ മാധ്യമ, വിനോദ, ഡിജിറ്റല്‍ നവീകരണത്തിനുള്ള ഒരു ആഗോള കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടാണ് വേവ്‌സ് സംഘടിപ്പിക്കുന്നത്. സര്‍ഗാത്മകത, സാങ്കേതിക വിദ്യ, ധനം എന്നിവ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. സിനിമകള്‍, ഒടിടി, ഗെയിമിങ്, കോമിക്‌സ്, ഡിജിറ്റല്‍ മീഡിയ, എഐ, പ്രക്ഷേപണം എന്നീ രംഗങ്ങളില്‍ ആഗോള സഹകരണം ഉറപ്പുവരുത്തും. 2029 ഓടെ 50 ബില്യണ്‍ ഡോളര്‍ വിപണി തുറക്കാനും ആഗോള വിനോദ സമ്പദ്വ്യവസ്ഥയില്‍ രാജ്യത്തിന്റെ പങ്ക് വികസിപ്പിക്കാനും ലക്ഷ്യമിടുന്നു.
ആഗോള മാധ്യമ സ്ഥാപനങ്ങളുടെയും 25 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെയും പങ്കാളിത്തത്തോടെയാണ് ഭാരതം ആദ്യമായി ഗ്ലോബല്‍ മീഡിയ ഡയലോഗ് സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഉച്ചകോടിയില്‍ 6100ലധികം ബയര്‍മാരും, 5200 സെല്ലര്‍മാരും, 2100 പ്രോജക്ടുകളുമുള്ള ഒരു ആഗോള ഇ- വിപണിയായ വേവ്‌സ് ബസാറും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ഉച്ചകോടിയുടെ ഭാഗമായ ക്രിയേറ്റോസ്ഫിയര്‍ സന്ദര്‍ശിക്കുകയും ഏകദേശം ഒരു വര്‍ഷം മുമ്പ് ആരംഭിച്ച 32 ക്രിയേറ്റ് ഇന്‍ ഇന്ത്യ ചലഞ്ചുകളില്‍ നിന്ന് തിരഞ്ഞെടുത്ത സ്രഷ്ടാക്കളുമായി സംവദിക്കുകയും ചെയ്തു. ഒരു ലക്ഷത്തിലധികം രജിസ്‌ട്രേഷനുകളാണ് നടന്നത്. ഭാരത് പവലിയ
നും അദ്ദേഹം സന്ദര്‍ശിച്ചു.
ഉച്ചകോടിയില്‍ 42 പ്ലീനറി സെഷനുകള്‍, 39 ബ്രേക്ക്ഔട്ട് സെഷനുകള്‍, പ്രക്ഷേപണം, ഇന്‍ഫോടെയ്ന്‍മെന്റ്, സിനിമകള്‍, ഡിജിറ്റല്‍ മീഡിയ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റര്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്നു. 4 ന് എ.ആര്‍. റഹ്മാന്റെ സംഗീത പരിപാടിയോടെ ഉച്ചകോടി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: