തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര ഉദ്ഘാടന വേദിയിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പ് എയ്തും ഗൗതം അദാനിയെ പുകഴ്‌ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി. ‘‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൻഡി മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് ഇൻഡി സഖ്യത്തിലെ പല ആളുകളുടെയും ഉറക്കം കെടുത്തും’’– പ്രധാനമന്ത്രി പറഞ്ഞു.
‘‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും’’– ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ പരിഭാഷകന് പ്രധാനമന്ത്രി പറഞ്ഞ രാഷ്‌ട്രീയം പിടികിട്ടിയില്ല. ഇതോടെ ‘അദ്ദേഹത്തിനു കഴിയുന്നില്ല’ എന്നു കൂടി പ്രധാനമന്ത്രി ചിരിയോടെ പറഞ്ഞു. ഇതിനു ശേഷം തുറമുഖ മന്ത്രി വി.എന്‍.വാസവന്റെ പ്രസംഗം പ്രധാനമന്ത്രി പരാമര്‍ശിച്ചു.
രാജ്യത്തിന്റെ മാരിടൈം മേഖല ശക്തിപ്പെടുത്തുന്നതില്‍ സ്വകാര്യസംരംഭങ്ങള്‍ക്കും പങ്കുണ്ട്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കഴിഞ്ഞ 10 വര്‍ഷം കോടികളുടെ പദ്ധതി നിക്ഷേപങ്ങളാണ് നടന്നത്. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. കേരളത്തിന്റെ തുറമുഖ മന്ത്രി പ്രസംഗിച്ചപ്പോള്‍ നമ്മുടെ സര്‍ക്കാരിന്റെ പങ്കാളി എന്നാണ് അദാനിയെ വിശേഷിപ്പിച്ചത്. ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മന്ത്രിയാണ് അത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതം എന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: