ലക്നൗ : ഭര്‍ത്താവ് താടി വടിക്കുന്നില്ല എന്ന കാരണത്താല്‍ ക്ലീന്‍ ഭര്‍ത്താവിന്റെ സഹോദരനൊപ്പം ഒളിച്ചോടി യുവതി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഭര്‍തൃസഹോദരനൊപ്പം തനിക്ക് ഇനി ജീവിച്ചാല്‍ മതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഭര്‍ത്താവിന് ലൗകിക ജീവിതത്തിൽ താല്‍പര്യം കുറവാണെന്നും യുവതി ആരോപിക്കുന്നു. അതുകൊണ്ടുകൂടിയാണ് താന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.
ഏഴുമാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് സഹീറും അര്‍ഷി എന്ന യുവതിയും വിവാഹിതരായത്. ഇവരുടെ വിവാഹത്തിന്റെ അന്നുപോലും സഹീര്‍ താടി വടിച്ചിരുന്നില്ല. വെള്ള കുര്‍ത്ത ധരിച്ച് നീണ്ട താടി ചീകിമിനുക്കി വളരെ ലളിതമായ ഒരുക്കത്തോടെയാണ് സഹീര്‍ വിവാഹപ്പന്തലിലെത്തിയത്. അര്‍ഷിയാകട്ടെ പച്ച നിറത്തിലുള്ള വസ്ത്രത്തില്‍ സര്‍വാഭരണവിഭൂഷിതയായാണ് എത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ താടിയുടെ പേരുപറഞ്ഞ് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങി.
സഹീറിനോട് താടി വടിച്ചുകളയാന്‍ പലതവണ അര്‍ഷി പറഞ്ഞു. എന്നാല്‍ താടിയുള്ളതാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ് സഹീര്‍ അതിന് തയ്യാറായില്ല. ഇത് ഇവര്‍ക്കിടയില്‍ പതിവ് വഴക്കിന് കാരണമായി. അതിനിടെ അര്‍ഷിയും സഹീറിന്റെ സഹോദരന്‍ സാബിറും തമ്മില്‍ അടുത്തു. വൈകാതെ സാബിറും അര്‍ഷിയും തമ്മില്‍ പ്രണയം മൊട്ടിട്ടു, രണ്ടുപേരും ഫെബ്രുവരി മാസത്തില്‍ ഒളിച്ചോടി.
പക്ഷേ അര്‍ഷി തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ സഹീര്‍ ഇത്രയുംനാള്‍ കാത്തിരുന്നു. മൂന്നുമാസത്തോളമായിട്ടും സാബിറും അര്‍ഷിയും തിരിച്ചുവരുന്നില്ല എന്ന് കണ്ടതോടെയാണ് സഹീര്‍ പൊലീസില്‍ പരാതിയുമായെത്തിയത്. ‘അര്‍ഷിക്ക് എന്റെ താടിയെക്കുറിച്ച് പരാതിയുണ്ടായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എന്നെ അവള്‍ വിവാഹം കഴിച്ചത്. എന്‍റ ഇളയസഹേദരനുമായി അവള്‍ ഒളിച്ചോടി ‘ – എന്നാണ് സഹീറിന്റെ പരാതി.
സഹീറിന്റെ പരാതിക്കു പിന്നാലെ അര്‍ഷി സാബിറുമായി സ്വന്തം വീട്ടിലെത്തി. സഹീറുനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെന്നും സാബീറിനൊപ്പം കഴിഞ്ഞാല്‍ മതിയെന്നും അര്‍ഷി വീട്ടുകാരോട് പറഞ്ഞു. താടിയുടെ പേരിലല്ല പ്രശ്നം, ലൗകിക ജീവിതത്തിൽ സഹീറിന് തീരെ താല്‍പര്യമില്ല, അങ്ങനെയൊരാള്‍ക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ല എന്നും അര്‍ഷി പൊലീസിനോടും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: