കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി.
കെട്ടിട പെര്‍മിറ്റ് നല്‍കാന്‍ പതിനയ്യായിരം രൂപയാണ് ഇവര്‍ കൊച്ചി വൈറ്റില സ്വദേശിയോട് ആവശ്യപ്പെട്ടത്. തൃശൂര്‍ സ്വദേശി സ്വപ്‌നയാണ് അറസ്റ്റിലായത്.
കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് ഇവര്‍ വിജിലന്‍സിന്റെ പിടിയിലായത്.പ്രതിയെ വ്യാഴാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജിക്ക് മുന്‍പാകെ ഹാജരാക്കും.
വൈറ്റിലയിലുള്ള കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസില്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ആണ് സ്വപ്ന. ആരോപണങ്ങളെ തുടര്‍ന്ന് മാസങ്ങളായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. ഇതിനിടെയാണ് കെട്ടിട പെര്‍മിറ്റിന് ജനുവരിയില്‍ കൊച്ചി സ്വദേശി അപേക്ഷ നല്‍കുന്നത്. ഓരോ ആഴ്ചയും പല കാരണങ്ങള്‍ പറഞ്ഞ് പെര്‍മിറ്റ് നല്‍കാതെ വൈകിപ്പിച്ചു. ഒടുവില്‍ പണം നല്‍കിയാല്‍ പെര്‍മിറ്റ് തരാമെന്ന് സ്വപ്‌ന പറഞ്ഞതോടെ വൈറ്റില സ്വദേശി വിജിലന്‍സിനെ സമീപിച്ചു.
വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം പണവുമായി വൈറ്റില പൊന്നുരുന്നിയിലെത്തിയ പരാതിക്കാരനില്‍ നിന്ന്തൃശൂരിലെ വീട്ടിലേക്ക് പോകും വഴി കാര്‍ നിര്‍ത്തി സ്വപ്ന പണം വാങ്ങി. ഇത് കണ്ട വിജിലന്‍സ് പൊടുന്നനെ ചാടിവീണ് സ്വപ്നയെ കൈയ്യോടെ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: