India

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് വഴിയൊരുക്കിയത് ഫറൂഖ് അഹമ്മദ്; എന്‍ഐഎയുടെ ഞെട്ടിപ്പിക്കുന്ന ആദ്യ റിപ്പോര്‍ട്ട് പുറത്ത്

പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന ഭീകരരെ നയിച്ചിരുന്നത് ലഷ്കര്‍ ഇ ത്വയിബയുടെ ഭീകരനായ ഫറൂഖ് അഹമ്മദാണെന്ന് എന്‍ഐഎ കണ്ടെത്തി. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ പുറത്തുവിട്ട ആദ്യറിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

Published by

ശ്രീനഗര്‍: പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന പാകിസ്ഥാനിലെ ഭീകരര്‍ക്ക് പഹല്‍ഗാമിലേക്ക് വഴിയൊരുക്കിയത്  ലഷ്കര്‍ ഇ ത്വയിബയുടെ ഭീകരനായ ഫറൂഖ് അഹമ്മദാണെന്ന് എന്‍ഐഎ കണ്ടെത്തി. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ പുറത്തുവിട്ട ആദ്യറിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

പാക് അധീന കശ്മീരിലാണ് ഇദ്ദേഹം ഇപ്പോള്‍ ഒളിച്ചിരിക്കുന്നതെന്നും എന്‍ഐഎ. പാകിസ്ഥാനില്‍ നിന്നുള്ള സുരക്ഷിതമായ ആപ് ഉപയോഗിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ കശ്മീരില്‍  തീവ്രവാദികളുടെ നല്ലൊരു ശൃംഖല സ്ഥാപിച്ചിരുന്നതായും എന്‍ഐഎ പറയുന്നു.

1999ല്‍ പാകിസ്ഥാന്‍ അധീന കശ്മീരിലേക്ക് പോയ ഫറൂഖ് അഹമ്മദ് രണ്ട് വര്‍ഷം മുന്‍പാണ് കശ്മീരിലേക്ക് തിരിച്ചെത്തിയത്. പിന്നീട്  ഫറൂഖ് അഹമ്മദ് കശ്മീരില്‍ നല്ല രീതിയില്‍  ബന്ധം സ്ഥാപിക്കുകയായിരുന്നു.  ഇവിടെ തീവ്രവാദികളായ ഏതാനും പേരുള്ള നല്ലൊരു ശൃംഖല ഫറൂക് കെട്ടിപ്പൊക്കി. പാക് ഭീകരരെ ഫറൂഖ് അഹമ്മദ് പഹല്‍ഗാമിലേക്ക് എത്തിച്ചത് ഈ തീവ്രവാദികളുടെ ശൃംഖല ഉപയോഗിച്ചാണ്. ഇത്തരം തീവ്രവാദികളെ ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്സ് (ഒജിഡബ്ല്യു) എന്നാണ് സൂരക്ഷാ ഉദ്യോഗസ്ഥര്‍ വിളിക്കുക. ആയുഥങ്ങള്‍ കയ്യിലില്ലാത്ത തീവ്രവാദികളാണ് ഇവര്‍. ഇവരാണ് ലഷ്കര്‍ ഇ ത്വയിബ, മുജാഹിദ്ദീന്‍ എന്നീ സംഘടനകളില്‍ പെട്ട പാകിസ്ഥാന്‍ ഭീകരവാദികള്‍ക്ക് പണം, ഒളികേന്ദ്രം, ഗതാഗതസൗകര്യങ്ങള്‍, സൂരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ സംബന്ധിച്ച അപ്പപ്പോഴത്തെ വിവരങ്ങള്‍ എന്നിവ സംഘടിപ്പിച്ച് നല്‍കുന്നത്. ഈ പകല്‍വെളിച്ചത്തില്‍ കഴിയുന്ന ഒഡിഡബ്ലു ഏജന്‍റുമാരാണ് പാകിസ്ഥാന്‍ ഭീകരരെ പഹല്‍ഗാമിലെ ഏറ്റവുമധികം ടൂറിസ്റ്റുകള്‍ എത്താറുള്ള ബൈസാരന്‍ താഴ്വരയില്‍ എത്തിച്ചത്.

കശ്മീര്‍ താഴ് വരയിലെ കുപ് വാരയിലായിരുന്നു ഫറൂഖ് അഹമ്മദ് എന്ന ലഷ്കര്‍ നേതാവ് താമസിച്ചുപോന്നിരുന്നത്. ഇദ്ദേഹത്തിന്റെ കുപ് വാരയിലെ വീട് സുരക്ഷാ സേന കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെ മൂന്ന് മേഖലകളിലൂടെയായാണ് ഭീകരരുടെ സംഘങ്ങള്‍ ബൈസാരന്‍ താഴ്വരയില്‍ എത്തിയത്. കശ്മീരിലെ ബൈസാരന്‍ താഴ്വരയും സമീപത്തെ കുന്നിന്‍പ്രദേശങ്ങളും ഫറൂഖ് അഹമ്മദിന് മനപാഠമായതിനാലാണ് ബൈസാരന്‍ താഴ് വരയിലെ ആക്രമണത്തിന് ഇദ്ദേഹത്തെ പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരര്‍ തെരഞ്ഞെടുത്തത്.

പാക് തീവ്രവാദികളെ ബൈസാരന്‍ താഴ് വരയില്‍ എത്തിക്കാന്‍ സഹായിച്ച ഏജന്‍റുമാരില്‍ ചിലരെ പിടികൂടിക്കഴിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക