Kerala

അനധികൃത സ്വത്ത് സമ്പാദനം: കെ.എം.എബ്രഹാമിന് താത്ക്കാലിക ആശ്വാസം, എഫ്‌ഐആര്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം.എബ്രഹാമിന് താത്ക്കാലിക ആശ്വാസം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സിബിഐ, ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്.

ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന എബ്രഹാമിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്റ്റേ അനുവദിച്ചത്.

എബ്രഹാമിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുള്ളതായി എബ്രഹാമിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്തും അഭിഭാഷകന്‍ ജി.പ്രകാശും ചൂണ്ടിക്കാട്ടി.

തടസ്സ ഹര്‍ജി നല്‍കിയ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന് വേണ്ടി എം.ആര്‍ അഭിലാഷ് ഹാജരായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക