ന്യൂദൽഹി: പ്രധാനമന്ത്രി മോദിക്കെതിരായ കോൺഗ്രസിന്റെ ‘ഗയാബ്’ പരാമർശത്തെ തള്ളി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. “പ്രധാനമന്ത്രിയെ എവിടെയാണ് കാണാതായത്? അദ്ദേഹം ദൽഹിയിലുണ്ടെന്ന് എനിക്കറിയാം,” അബ്ദുള്ള പറഞ്ഞു.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വിളിച്ച സര്‍വകക്ഷിയോഗത്തില്‍ മോദി പങ്കെടുക്കാതിരുന്നതോടെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ വിമര്‍ശിച്ച് പോസ്റ്റര്‍ ഇറക്കിയത്. മോദിയുടെ പേര് പരാമർശിക്കാതെ കോൺഗ്രസ് എക്‌സിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ, മോദിയുടെ ശരീരത്തില്‍ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത് അദൃശ്യന്‍’ എന്നെഴുതിച്ചേര്‍ത്ത ചിത്രമായിരുന്നു കോണ്‍ഗ്രസ് പങ്കുവെച്ചത്.
ചിത്രത്തിന്റെ മുകളിൽ ‘ഗയാബ്’ (കാണാതായിരിക്കുന്നു) എന്ന സന്ദേശവും ഹിന്ദിയിൽ “ജിമ്മെദാരി കെ സമയ് — ഗയാബ്” (ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയത്ത് കാണാതായിരിക്കുന്നു) എന്ന അടിക്കുറിപ്പും ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ കോൺഗ്രസ് പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
‘പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരവാദികള്‍ക്കും അവരെ പിന്താങ്ങുന്നവര്‍ക്കും എതിരായുള്ള പോരാട്ടത്തില്‍ നമ്മള്‍ പ്രധാനമന്ത്രിക്ക് പൂര്‍ണപിന്തുണയും അറിയിച്ചതാണ്. പിന്നീട് അതിനെ നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു പ്രധാനമന്ത്രി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണോ അതൊക്കെ മോദി ചെയ്‌തേ പറ്റൂ,’ മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു.
‘നമ്മുടെ കൈയിലും ആണവ ശക്തി ഉണ്ട്. പാക്കിസ്ഥാൻ സ്വന്തമാക്കുന്നതിനും മുമ്പേ നമ്മള്‍ അത് സ്വന്തമാക്കിയതാണ്. ഇന്ത്യ ഇതുവരെയും ആരെയും ആദ്യം അങ്ങോട്ടുകയറി ആക്രമിച്ചിട്ടില്ല. ഇതെല്ലാം ആരംഭിച്ചത് പാക്കിസ്ഥാനിൽ നിന്നാണ്, അതിന് പ്രതികരിക്കുക മാത്രമാണ് നമ്മള്‍ ചെയ്തിട്ടുള്ളത്. ആണവായുധം പ്രയോഗിക്കുന്നതിലും നമ്മുടെ നയം അങ്ങനെതന്നെയാവും. അത്തരത്തിലൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ ദൈവം സഹായിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നും അതിനിടെ വൃത്തികെട്ട രാഷ്‌ട്രീയം കളിക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ട് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിയും രംഗത്തെത്തി.
‘പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികളേയും രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പിന്തുണയ്‌ക്കേണ്ട സമയമാണിത്. ഇതുപോലൊരു സംഭവത്തെ മറയാക്കി അനാവശ്യ പ്രസ്താവനകളും പോസ്റ്ററുകളും ഇറക്കി വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുന്നത് ശരിയല്ല. കാരണം, അത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. അത് രാജ്യത്തിന് ഒരുതരത്തിലും നല്ലതല്ല’, മായാവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക