ആലത്തൂര്‍: ദുരിതങ്ങളുടെ കനല്‍വഴിയില്‍ നിസഹായയായി വിതുമ്പി നിന്ന ശ്രേയക്ക് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പഴമ്പാലക്കോട് തോട്ടുമ്പള്ള പുത്തന്‍ഹൗസില്‍ ഇന്ദുകുമാര്‍- ശാരദ ദമ്പതികളുടെ മൂന്നാമത്തെ മകള്‍ ശ്രേയക്കാണ് കേന്ദ്രമന്ത്രിയുടെ സഹായമെത്തിയത്.
ആലത്തൂര്‍ ക്രസന്റ് നഴ്സിങ് കോളേജില്‍ ബിഎസ്സി റേഡിയേഷന്‍ വൊക്കേഷനല്‍ ഡിഗ്രി കോഴ്സില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ശ്രേയ. അച്ഛന്റെ രോഗവും ചേച്ചി ശ്യാമയുടെ ഭര്‍ത്താവ് മണികണ്ഠന്റെ അപകടവും ദുരന്തമായി വന്നതോടെ പഠനം എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലായിരുന്നു കുടുംബം. ഇതിനിടയിലാണ് അച്ഛന്‍ ഇന്ദുകുമാര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് സഹായമഭ്യര്‍ത്ഥിച്ചത്.
ഇന്നലെ മൂന്ന് സെമസ്റ്ററുകളുടെ ഫീസായ ഒരു ലക്ഷത്തി അയ്യായിരം രൂപ അക്കൗണ്ടില്‍ അയച്ചതിന്റെ വിവരങ്ങള്‍ കേന്ദ്രമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചതോടെയാണ് കുടുംബത്തിന് ആശ്വാസമായത്.
ആശാരിപ്പണിക്കാരനായ അച്ഛന്‍ ഇന്ദുകുമാറിന് രണ്ട് വര്‍ഷം മുമ്പ് ബൈപാസ് ശസ്ത്രക്രിയ വേണ്ടി വന്നതോടെയാണ് കുടുംബത്തില്‍ ദുരിതങ്ങള്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ പാടൂര്‍ ആനവളവില്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ചേച്ചി ശ്യാമയുടെ ഭര്‍ത്താവ് മണികണ്ഠന്റെ വലതുകാല്‍ തുടയ്‌ക്കു താഴെ മുറിച്ചുമാറ്റേണ്ടി വന്നു. പണിക്കു പോകാന്‍ പറ്റാതായതോടെ പഴയന്നൂരിലെ ഒരു ലോട്ടറി കടയില്‍ ജോലി ചെയ്യുകയാണ് ഇന്ദുകുമാര്‍. ഇതിനിടയില്‍ രണ്ടാമത്തെ മകള്‍ ശില്പയുടെ വിവാഹവും ഉറപ്പിച്ചു. വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.
പെരുമ്പാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് ശ്രേയ. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എത്ര നന്ദിപറഞ്ഞാലും തീരില്ലെന്ന് ഇന്ദുകുമാറും ശ്രേയയും പ്രതികരിച്ചു.
സുനു ചന്ദ്രന്‍ കാവശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക