മുംബൈ: യുദ്ധവും വ്യാപാരയുദ്ധവും ചേര്‍ന്ന് കലുഷിതമായ ലോകത്ത് അമേരിക്കയും ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും വളര്‍ച്ചയില്‍ പ്രതിസന്ധി നേരിടുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളരുമെന്ന പ്രവചനവുമായി എണ്‍സ്റ്റ് ആന്‍റ് യങ്ങ്. അസംസ്കൃത എണ്ണയുടെ വില ഇടിഞ്ഞതും വിലക്കയറ്റം നിയന്തണത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞതുമാണ് ഇന്ത്യയ്‌ക്ക് അനുഗ്രഹമാകുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ഭീഷണിയായി നിലകൊള്ളുന്ന ചില ഘടകങ്ങള്‍ എണ്‍സ്റ്റ് ആന്‍റ് യങ്ങ് അവരുടെ ഇക്കോണമി വാച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കയറ്റുമതിയിലുണ്ടാകാന്‍ പോകുന്ന ഇടിവ്, ആഗോളതലത്തില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള മാന്ദ്യം, ആഗോള ഉല‍്പാദന രംഗത്ത് ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന പ്രളയം എന്നിവയാണ് ഈ ഘടകങ്ങള്‍. അനുയോജ്യമായ സാമ്പത്തിക, പണ നയങ്ങളും ഉപഭോക്തൃ വിലസൂചികയിലെ വിലക്കയറ്റത്തോത് നാല് ശതമാനത്തിനേക്കാള്‍ താഴെ നിലനിര്‍ത്തുകയും ചെയ്യാനായാല്‍ വഴി ഇന്ത്യയ്‌ക്ക് 2025-26ല്‍ 6.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് എണ്‍സ്റ്റ് ആന്‍റ് യങ്ങ് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക നയ ഉപദേശകന്‍ ഡി.കെ. ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. എണ്ണവില കുറഞ്ഞതോതില്‍ നില്‍ക്കുക എന്നതാണ് ഇന്ത്യയ്‌ക്കാവശ്യം. നേരത്തെ ബാരലിന് 75 ഡോളര്‍ ആയിരുന്ന എണ്ണവില ഇപ്പോള്‍ 65 ഡോളറിലേക്ക് താഴ്ന്നിരിക്കുകയാണ്. ഇത് 60 മുതല്‍ 65 ഡോളര്‍ എന്ന തോതില്‍ നിലനിര്‍ത്താനായാല്‍ ഇന്ത്യയ്‌ക്ക് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കും.
ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ചൈനയും യുഎസും തമ്മിലുള്ള യുദ്ധവും ചരക്കിനുള്ള ഡിമാന്‍റ് കുറയുന്നതും കാരണം ആഗോളതലത്തില്‍ തന്നെ കയറ്റുമതി കുറയാന്‍ സാധ്യതയുണ്ട്. ഇന്ത്യയെയും ഇത് ബാധിക്കും. പക്ഷെ ഇന്ത്യയുടെ ആകെ സാമ്പത്തിക വളര്‍ച്ചയില്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം കുറവാണ് എന്നതിനാല്‍ ഇത് ഒരളവ് വരെ മാത്രമേ ഇന്ത്യയെ ബാധിക്കൂ. ഇന്ത്യയുടെ ആകെ ജിഡിപി( മൊത്ത ആഭ്യന്തര ഉല്‍പാദനം) യുടെ 21.85 ശതമാനം മാത്രമാണ് സേവന മേഖലയും ഉല്‍പന്നങ്ങളും ചേര്‍ത്തിക്കൊണ്ടുള്ള ആകെ കയറ്റുമതിവരുമാനം.
ഇതില്‍ ഇന്ത്യ മാറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ചവറുപോലെ ഇന്ത്യയിലേക്ക് എത്തുന്നത് തടയാന്‍ അവയ്‌ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തണമെന്നും എണ്‍സ്റ്റ് ആന്‍റ് യങ്ങ് താക്കീത് ചെയ്യുന്നു. ഈയിടെ കുറഞ്ഞ വിലയില്‍ ചൈനയില്‍ നിന്നും വന്‍തോതില്‍ സ്റ്റീല്‍ എത്തിയിരുന്നു. ഇത് തടയാന്‍ കേന്ദ്രം ഉടനെ സ്റ്റീലിന്റെ ഇറക്കുമതി തീരുവ കൂട്ടിയിരുന്നു. അതുപോലെ യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടിയാല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം ബാലന്‍സ് ചെയ്യാന്‍ സാധിക്കുമെന്നും ഇത് ഇന്ത്യയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്നും എണ്‍സ്റ്റ് ആന്‍റ് യങ്ങ് ഉപദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: