പാലക്കാട്: രാജ്യത്തിന്റെ വ്യാവസായിക-സാമ്പത്തിക വളര്‍ച്ചയ്‌ക്ക് പുതുവേഗം നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയില്‍ പ്രതീക്ഷയോടെ വ്യവസായ മേഖല. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ 12 ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ചതില്‍ ഒരണ്ണെമാണ് പാലക്കാട് വരുന്നത്. ഇതിനോടകം തന്നെ പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയുടെ സ്ഥലമേറ്റെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായി.
മൂന്ന് വര്‍ഷത്തിനുള്ളില്‍ പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുമെന്ന് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (എന്‍ഐസിഡിസി) ജനറല്‍ മാനേജര്‍ വികാസ് ഗോയല്‍ പറഞ്ഞു. ജന്മഭൂമി സംഘടിപ്പിച്ച ഉദ്യോഗ് വികാസ് 2025 ഇന്‍ഡസ്ട്രിയല്‍ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ നിര്‍മാണ മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുന്നതോടൊപ്പം പശ്ചാത്തല വികസനത്തിലും വന്‍ മാറ്റം ഉണ്ടാകും. ഇതിനോടകം തന്നെ കര്‍ണാടകയിലെ തുമക്കുരു ഇന്‍ഡ്‌സട്രിയല്‍, ഹരിയാനയിലെ ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് ഹബ്ബ്, ആന്ധ്രയിലെ കൃഷ്ണപട്ടണം ഇന്‍ഡസ്ട്രിയല്‍ ഏരിയ, യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് ഹബ്ബ് ആന്‍ഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബ് എന്നിയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
കൊച്ചി- ബെംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (കെബിഐസി) നടപ്പിലാക്കുന്നതിനായി 50:50 ഇക്വിറ്റി പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (എന്‍ഐസിഡിഐടി) കേരള സര്‍ക്കാരും ചേര്‍ന്ന് കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഐസിഡിസി) എന്ന പേരില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് (എസ്പിവി) രൂപം നല്‍കിയിട്ടുണ്ട്. നിക്ഷേപം നടത്താനോ, പദ്ധതി തുടങ്ങാനോ താത്പര്യമുള്ളവര്‍ എസ്പിവിയെ അറിയിക്കാവുന്നതാണ്. മുന്‍കൂട്ടി പ്രപ്പോസലുകള്‍ ലഭിച്ചാല്‍ ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ചയ്‌ക്കും ആശയരൂപികരണത്തിനും ഗുണം ചെയ്യും.
പ്ലഗ് ആന്‍ഡ് പ്ലേ ബിസിനസ് സ്‌റ്റൈലില്‍ എളുപ്പത്തില്‍ ബിസിനസ് തുടങ്ങാനാവും. 24 മണിക്കൂറും മുടങ്ങാത്ത വൈദ്യുതി, കുടിവെള്ളം, ഗ്യാസ് പൈപ്പ്ലൈന്‍, പാരിസ്ഥിതിക അനുമതി, മറ്റ് അനുമതികള്‍ക്കായി ഏകജാലക സംവിധാനം, ഇ-ലാന്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവ എടുത്തു പറയേണ്ട പ്രത്യേകതകളാണ്.
തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ എസ്പിവിയായിരിക്കും ഏകോപിപ്പിക്കുക. നിലവില്‍ മുഴുവന്‍ നിര്‍മാണ -സംഭരണ നടത്തിപ്പ് ചുമതലക്കുള്ള ഇപിസി കരാറിനുള്ള ആഗോള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നോഡല്‍ ഏജന്‍സിയായ കിന്‍ഫ്ര ഇതുസംബന്ധിച്ച ഒട്ടേറക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ 8000 കോടിയോളം രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. 51000 പേര്‍ക്ക് നേരിട്ടും, രണ്ടുലക്ഷം പേര്‍ക്ക് പരേക്ഷമായും തൊഴില്‍ ലഭ്യത ഉറപ്പാക്കാനുമാകും. പാരിസ്ഥിതിക അനുമതിയും ലഭിച്ചു.
ഇപിസി കരാര്‍ നടപടികള്‍ക്ക് ശേഷമാണ് അന്തിമച്ചെലവും രൂപരേഖയും തയ്യാറാവുക. കുടിവെള്ളം-വൈദ്യുതി തുടങ്ങിയവ ലഭ്യമാക്കുന്ന ചുമതല സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തമുള്ള നോഡല്‍ ഏജന്‍സിക്കും എസ്പിവിക്കുമാണ്. മൂന്ന് മാസത്തിനുള്ളില്‍ പ്രൊജക്ട് ഓഫീസ് തുടങ്ങാനായേക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: