Kerala

റാപ്പർ വേടന്റെ ഫ്ലാറ്റിൽ കഞ്ചാവ്; പരിശോധന സമയത്ത് ഫ്ലാറ്റിൽ ഒമ്പത് പേരടങ്ങുന്ന സംഘം, ഡാൻസാഫ് സംഘം എത്തിയത് രഹസ്യവിവരത്തെ തുടർന്ന്

Published by

കൊച്ചി: വോയ്‌സ് ഓഫ് വോയ്‌സ്ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ ഫ്ലാറ്റിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഏഴ് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം എത്തിയത്. സംഘം എത്തുമ്പോൾ ഫ്ലാറ്റിൽ ഒമ്പത് പേരടങ്ങുന്ന സംഘം ഫ്ലാറ്റിലുണ്ടായിരുന്നു. യുവതലമുറയുടെ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടൻ.

വേടനെ വൈദ്യപരിശോധനയ്‌ക്ക് അടക്കം വിധേയമാക്കും. ഒമ്പത് ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രോഗ്രാമിൽ നിന്നും ലഭിച്ച പണമാണിതെന്നാണ് വേടൻ മൊഴി നൽകിയത്. വേടനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്ന 9 പേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കണിയാമ്പുഴയിലെ വേടൻ താമസിച്ചിരുന്ന ഫ്ലാറ്റ്.കഴിഞ്ഞദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.

ആരും സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെ റാപ്പര്‍ വേടന്‍ പറഞ്ഞിരുന്നു. സിന്തറ്റിക് ഡ്രഗ്‌സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്നാണ് പറയുന്നതെന്നും വേടന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വേടന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by