ചരിത്ര രചനയുടെ മേഖലയില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലിയാണ് കഴിഞ്ഞദിവസം അന്തരിച്ച ഡോ. എം ജി എസ് നാരായണന്‍. ഇളങ്കുളം കുഞ്ഞന്‍ പിള്ളയില്‍ വഴിമുട്ടി നിന്ന കേരള ചരിത്ര ഗവേഷണത്തെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് നയിച്ച മഹാരഥനായിരുന്നു എംജിഎസ്. മുന്‍വിധികളുടെയും കെട്ടുകഥകളുടെയും അടിസ്ഥാനത്തില്‍ ചരിത്രരചന നടത്തുകയും, ഇവയുടെ പേരില്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തവരെ എംജിഎസ് പല പാഠങ്ങളും പഠിപ്പിച്ചു. സെന്റ് തോമസിന്റെ വരവും, ചേരമാന്‍ പെരുമാളിന്റെ മെക്കാ യാത്രയുമൊക്കെ വെറും കെട്ടുകഥകള്‍ ആണെന്ന് ആധികാരികമായി കണ്ടെത്തുകയും വിളിച്ചുപറയുകയും ചെയ്ത ചരിത്രകാരനായിരുന്നു എംജിഎസ്. തന്നെ ആര് അനുകൂലിക്കുന്നു, ആരൊക്കെ എതിര്‍ക്കുന്നു എന്നു നോക്കാതെ സത്യത്തോട് മാത്രം പ്രതിബദ്ധത പുലര്‍ത്തിയ ഗവേഷകനുമായിരുന്നു. താന്‍ കണ്ടെത്തിയ ചരിത്ര സത്യങ്ങള്‍ ആരെയെങ്കിലും ഭയന്ന് പറയാതിരിക്കുന്ന രീതി എംജിഎസിന് അന്യമായിരുന്നു. പ്രത്യാഘാതങ്ങള്‍ തെല്ലും ഭയന്നില്ല. അയോധ്യയിലെ രാമജന്മഭൂമിയില്‍ നിലനിന്നിരുന്ന ബാബറി മസ്ജിദ്, പൗരാണികമായ ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണെന്ന് പറയാന്‍ എംജിഎസ് മടിച്ചില്ല. ഇക്കാര്യത്തില്‍ സഹയാത്രികരും സുഹൃത്തുക്കളുമായ ചരിത്രകാരന്മാര്‍ക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് അറിയാമായിരുന്നിട്ടും അവരെ തള്ളിപ്പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഐസിഎച്ച്ആറിന്റെ മെമ്പര്‍ സെക്രട്ടറിയും പിന്നീട് ചെയര്‍മാനുമായ എംജിഎസ് സമ്മര്‍ദ്ദങ്ങള്‍ക്കോ സ്വാധീനങ്ങള്‍ക്കോ വഴങ്ങിയില്ല. ഇസ്ലാമിക പക്ഷത്തു ചേര്‍ന്ന് വര്‍ഗീയ വാദത്തെ ശക്തിപ്പെടുത്തിയ ഒരു കാലത്തെ തന്റെ സുഹൃത്ത് ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ള പ്രഗല്‍ഭ ചരിത്രകാരന്മാരുടെ പക്ഷപാതം എംജിഎസ് ധീരമായി തുറന്നുകാട്ടി.
ആദ്യകാലത്ത് മാര്‍ക്‌സിസത്തോടും ഇടതുപക്ഷത്തോടും ആഭിമുഖ്യം ഉണ്ടായിരുന്ന എംജിഎസ് പിന്നീട് അതിന്റെ പരിമിതികളും മനുഷ്യ വിരോധവും തിരിച്ചറിഞ്ഞ് പിന്മാറുകയായിരുന്നു. മാര്‍ക്‌സിസം എന്ന പേരില്‍ ലോകത്ത് നടപ്പാക്കിയത് ഏകാധിപത്യം ആണെന്നും, ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ പിന്‍പറ്റുന്നത് സ്റ്റാലിനിസമാണെന്നും തുറന്നടിച്ച എംജിഎസിനെ ഇടതുപക്ഷം വര്‍ഗ്ഗ ശത്രുവായി പ്രഖ്യാപിച്ചെങ്കിലും യാതൊരു വിട്ടുവീഴ്ചയ്‌ക്കും എംജിഎസ് തയ്യാറായില്ല. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ എന്ന നിലയ്‌ക്കും രാഷ്‌ട്രീയ നേതാവ് എന്ന നിലയ്‌ക്കും ഇഎംഎസിന്റെ ആദര്‍ശവാദം കപടമാണെന്ന് എംജിഎസ് തുറന്നടിച്ചു. ഇതിനു മറുപടി പറയാന്‍ ഇഎംഎസിനോ സ്തുതിപാടകര്‍ക്കോ കഴിഞ്ഞില്ല. ചരിത്രാധ്യാപകന്‍ എന്ന നിലയില്‍ എംജിഎസ് എക്കാലവും ഓര്‍മ്മിക്കപ്പെടും. കഴിവുറ്റ നിരവധി ശിഷ്യന്മാര്‍ എംജിഎസിനുണ്ടായി.പില്‍ക്കാലത്ത് പ്രമുഖ ചരിത്രകാരന്മാരായി മാറിയ ഇവര്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും എംജിഎസ് നല്‍കി. കേശവന്‍ വെളുത്താട്ടിനെ പോലുള്ള ഇവര്‍ പറയുന്നതിന് അപ്പുറം തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും എത്രമാത്രം ശരിയാണെന്ന് സ്ഥാപിക്കാനും എംജിഎസിന് കഴിഞ്ഞിരുന്നു. ചരിത്രത്തിനൊപ്പം നടന്നയാള്‍ എന്ന് പലരെക്കുറിച്ചും പറയാറുണ്ടെങ്കിലും നൂറ് ശതമാനവും അങ്ങനെയൊരാള്‍ ആയിരുന്നു എംജിഎസ്.
ചരിത്രകാരനായി അറിയപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ ദേശീയ പ്രസ്ഥാനങ്ങളുമായി അടുത്തിടപഴകാന്‍ മടികാണിക്കാത്ത ഒരാളായിരുന്നു എം ജി എസ്. കേസരി വാരികയുടെ പത്രാധിപരായിരുന്ന എം.എ. കൃഷ്ണനുമായും, വി. എം. കൊറാത്തുമായും മഹാകവി അക്കിത്തവുമായും മറ്റുമുള്ള ബന്ധം എം ജിഎസിനെ തപസ്യ കലാ സാഹിത്യ വേദിയുമായി അടുപ്പിക്കുകയും, നിരവധി വേദികളില്‍ പങ്കെടുക്കുകയും ചെയ്തു. സ്വര്‍ഗീയ പി. പരമേശ്വരനുമായുള്ള അടുപ്പം എംജിഎസിനെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ വേദികളിലുമെത്തിച്ചു. എല്ലായിടങ്ങളിലും തന്റെ നിലപാടുകള്‍ വ്യക്തമാക്കി.
ചരിത്രകാരന്‍ എന്നതിനൊപ്പം എഴുത്തുകാരനായും എംജിഎസ് തിളങ്ങി. ആദ്യകാലത്ത് കവിതകള്‍ എഴുതിയിരുന്ന എംജിഎസ് സാഹിത്യത്തിലും സജീവമായ സംഭാവനകള്‍ നല്‍കി. എഴുത്തച്ഛനെയും പൂന്താനത്തെയും പോലുള്ള പ്രാചീന കവികളെയും, പുതിയ കാലത്തെ എഴുത്തുകാരെയും പഠിച്ചു. ആധുനിക കവികളുടെ കൃതികള്‍ക്കുപോലും അവതാരികകള്‍ എഴുതി.
ചരിത്ര ഗ്രന്ഥങ്ങള്‍ക്കു പുറമെ സാഹിത്യവുമായും സംസ്‌കാരവുമായും ബന്ധപ്പെട്ട നിരവധി രചനകളും എംജിഎസ് എഴുതിയിട്ടുണ്ട്. ജാലകങ്ങള്‍ എന്ന ആത്മകഥ ഒരു നീണ്ട കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. അന്വേഷണവും ഗവേഷണവും സംവാദവും എക്കാലവും സജീവമായി മുന്നോട്ടു കൊണ്ടുപോയ ചിന്തകനായിരുന്നു എംജിഎസ്. ഇങ്ങനെ ഒരാള്‍ക്കുവേണ്ടി മലയാളികള്‍ ഇനി ഏറെക്കാലം കാത്തിരിക്കേണ്ടി വരും. എഴുത്തുകാരന്‍ എന്ന നിലയ്‌ക്കും ചരിത്രകാരന്‍ എന്ന നിലയ്‌ക്കും ജന്മഭൂമിയുമായി പല ഘട്ടങ്ങളിലും സഹകരിച്ചിട്ടുള്ള എംജിഎസിന് ഞങ്ങളുടെ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: