കോഴിക്കോട്: മാറാട് ഉള്‍പ്പെടെയുള്ള ബലിദാനികളുടെ ആദര്‍ശസങ്കല്‍പങ്ങളായിരിക്കണം നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മാറാട് ബലിദാനികളുടെ സ്മൃതിചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് മാറാടെത്തിയത്. അരയസമാജം പ്രസിഡന്റ് എ. കരുണാകരന്‍, സെക്രട്ടറി എ. മനോജ്, ട്രഷറര്‍ ടി. പ്രജു, അരയസമാജം കാരണവന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. അമ്മമാരടക്കം നിരവധി പേരാണ് അധ്യക്ഷനെ സ്വീകരിക്കാനെത്തിയത്. അരയസമാജം പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷമാണ് രാജീവ് ചന്ദ്രശേഖര്‍ മടങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 121-ാം എപ്പിസോഡിന്റെ തത്സമയ സംപ്രേഷണം ബേപ്പൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലില്‍ വച്ച് കേട്ടതിന് ശേഷമാണ് അദ്ദേഹം മാറാടേക്ക് പുറപ്പെട്ടത്.
പാര്‍ട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, സംസ്ഥാന ഐടി ആന്‍ഡ് മീഡിയ സെല്‍ പ്രഭാരി അനൂപ് ആന്റണി, മണ്ഡലം പ്രസിഡന്റ് ഷൈമ പൊന്നത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ അഡ്വ. രമ്യ മുരളി, ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ല ട്രഷറര്‍ ഷിനു പിണ്ണാണത്ത്, നേതാക്കളായ ടി. രനീഷ്, കെ.ടി. വിപിന്‍, ശശിധരന്‍ നാരങ്ങയില്‍, സി. സാബുലാല്‍, പി.കെ. അഖില്‍ പ്രസാദ് എന്നിവര്‍ സംബന്ധിച്ചു. രാവിലെ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യാലയം സന്ദര്‍ശിച്ചു. ആദ്യ സര്‍സംഘചാലക് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെയും രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കറുടെയും ഭാരതമാതാവിന്റെയും ഛായാചിത്രങ്ങളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.
വൈകിട്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷനും രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: