ലഖ്നൗ : പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ അന്ത്യം ചിന്തിക്കുന്നതിന് അപ്പുറം ആയിരിക്കുമെന്നും തീവ്രവാദികളെ മാത്രമല്ല അവരുടെ യജമാനന്മാരെയും അത് ഞെട്ടിക്കുമെന്നും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്‌വി. യുപിയിലെ റാംപൂരിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരർ ചെയ്യുന്ന ക്രൂരതകൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവർ നരകത്തിലായാലും രാജ്യത്തിന്റെ ഏത് കോണിലായാലും രാജ്യത്തിന് പുറത്തായാലും അവരെ വെറുതെ വിടില്ല. കൂടാതെ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പിഒകെയെ ഇന്ത്യയുടെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ അമൃത്കാലത്ത് മാത്രമേ പിഒകെ ഇന്ത്യയുടെ ഭാഗമാകൂ, ഇന്ത്യയിലെ ജനങ്ങൾ മാത്രമല്ല, പിഒകെയിൽ പീഡനം അനുഭവിക്കുന്ന ജനങ്ങളും ഇത് ആഗ്രഹിക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.
ഇതിനു പുറമെ രാജ്യത്തിന്റെ ശത്രുക്കളെ ഒരു പാഠം പഠിപ്പിക്കാൻ, രാജ്യത്തിന്റെ ഐക്യം ശക്തവും സുരക്ഷിതവുമായി നിലനിർത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ ഈ അമൃത് കാലത്ത് പാക് അധിനിവേശ കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കാനുള്ള പാർലമെന്റിന്റെ പ്രമേയം നിറവേറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: