കറാച്ചി : ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ മന്ത്രി ഹനീഫ് അബ്ബാസി . ഇന്ത്യയ്‌ക്ക് വേണ്ടിയാണ് ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും ഹനീഫ് അബ്ബാസി പറഞ്ഞു.
‘ ഗോറി, ഷഹീൻ, ഗസ്‌നവി മിസൈലുകൾ ഉൾപ്പെടെ 139 ആണവ പോർമുനകൾ പാക്കിസ്ഥാന്റെ ആണവായുധ ശേഖരത്തിലുണ്ട്, അവ ഇന്ത്യയ്‌ക്കായി മാത്രം സൂക്ഷിച്ചിരിക്കുന്നതാണ്. സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്‌ക്കാനും പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്താനും ഇന്ത്യ തയ്യാറാണെങ്കിൽ, അവർ യുദ്ധത്തിന് തയ്യാറാകണം.
പാക്കിസ്ഥാന്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ല. നമ്മുടെ ആണവായുധങ്ങൾ രാജ്യത്ത് എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. അതെല്ലാം ഇന്ത്യയെ ലക്ഷ്യം വച്ചുള്ളതാണെന്ന് ഞാൻ ആവർത്തിച്ച് പറയുന്നു ,’ ഹനീഫ് അബ്ബാസി പറഞ്ഞു.
പാക്കിസ്ഥാനുമായുള്ള ജലവിതരണവും വ്യാപാര ബന്ധവും നിർത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെയും ഹനീഫ് അബ്ബാസി പരിഹസിച്ചു. ‘ ആ തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ ഇന്ത്യ അനുഭവിച്ചു തുടങ്ങി . തങ്ങളുടെ വ്യോമാതിർത്തി അടച്ചിടാനുള്ള തീരുമാനം 10 ദിവസം കൂടി പാകിസ്ഥാൻ തുടർന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ പാപ്പരാകുമെന്നും ‘ അബ്ബാസി പറഞ്ഞു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ ഭീകരരെ പിന്തുണയ്‌ക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അബ്ബാസി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: