ഡെറാഡൂൺ : മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ പൗരന്മാരെ തിരിച്ചറിഞ്ഞ് അവരെ തിരിച്ചയക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ നിർദ്ദേശിച്ചു. പഹൽഗാം കൂട്ടക്കൊലയ്‌ക്ക് ശേഷമുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി എന്ത് വില കൊടുത്തും തിരിച്ചയക്കണമെന്ന് പുഷ്കർ സിംഗ് ധാമി പോലീസിനോട് പറഞ്ഞു.
സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പൗരത്വ സ്ഥിരീകരണ ഡ്രൈവ് വേഗത്തിലാക്കാനും വാടകക്കാരുടെ സ്ഥിരീകരണം നടത്താത്തവർക്ക് പിഴ ചുമത്താനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തെറ്റായ രേഖകളുടെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണം കണക്കിലെടുത്ത് ചാർധാം യാത്രാ റൂട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാനും ധാമി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. യാത്രാ വഴിയിൽ സംശയാസ്പദമായി ആരെയെങ്കിലും കണ്ടാൽ ഉടൻ കസ്റ്റഡിയിലെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ പൊതുജനങ്ങളെയും ഇക്കാര്യത്തിൽ ബോധവാന്മാരാക്കണം. സംശയാസ്‌പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ടോൾ ഫ്രീ നമ്പർ നൽകണം, അതുവഴി സാധാരണക്കാർക്ക് ബന്ധപ്പെട്ട നമ്പറിൽ വിവരങ്ങൾ പങ്കിടാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ. സുധാൻഷു, ആർ. മീനാക്ഷി സുന്ദരം, ഡി.ജി.പി. ദീപം സേത്ത്, ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എ.പി. എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: