ന്യൂദല്‍ഹി: സൈന്യത്തിന്റെ പ്രതിരോധനീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിര്‍ദ്ദേശം പുറത്തിറക്കിയത്.
ദേശസുരക്ഷ കണക്കിലെടുത്ത് എല്ലാ മാധ്യമ പ്ലാറ്റ്ഫോമുകളും വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധമായ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരമാവധി ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പ്രതിരോധവുമായി ബന്ധപ്പെട്ട സൈന്യത്തിന്റെ നീക്കങ്ങളുടെ തത്സമയ കവറേജ്, ദൃശ്യങ്ങളുടെ പ്രചരണം, ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിംഗ് എന്നിവ നടത്തരുത്. ഇത്തരം തന്ത്രപ്രധാനമായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് ശത്രുക്കള്‍ക്ക് സഹായകരമാകുകയും ഫലപ്രാപ്തിയില്ലാതാക്കുകയും ചെയ്യും. മാത്രമല്ല ഉദ്യോഗസ്ഥരുടെ സുരക്ഷ അപകടത്തിലാക്കും. കാര്‍ഗില്‍ യുദ്ധം, മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ കവറേജ് ദേശീയ താല്‍പ്പര്യങ്ങളില്‍ അപ്രതീക്ഷിതമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയ കാര്യവും ഉത്തരവാദിത്വപരമായ റിപ്പോര്ട്ടിംങിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ദേശസുരക്ഷയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, വ്യക്തികള്‍ എന്നിവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. നിയമപരമായ ബാധ്യതകള്‍ക്ക് പുറമേ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ധാര്‍മ്മിക ഉത്തരവാദിത്തവുമാണ്. സുരക്ഷാ സേന നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും നീക്കങ്ങളുടെയും തത്സമയ സംപ്രേഷണം എല്ലാ ടിവി ചാനലുകളും ഒഴിവാക്കണം. അത്തരം പ്രവര്‍ത്തനം അവസാനിക്കുന്നതുവരെ സര്‍ക്കാര്‍ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ആനുകാലിക വിവരണം മാത്രമായി മാധ്യമ കവറേജ് പരിമിതപ്പെടുത്തണം, മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: