തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറമുഖത്ത് സന്ദര്‍ശനം നടത്തി. കുടുംബ സമേതമാണ് മുഖ്യമന്ത്രി എത്തിയത്.
തുറമുഖവകുപ്പ് മന്ത്രി വി എല്‍ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി ദിവ്യ എസ് അയ്യര്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
തുറമുഖ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യ രക്ഷാധികാരിയാക്കി സംഘാടക സമിതി നേരത്തെ രൂപീകരിച്ചിരുന്നു.മന്ത്രി വി.എന്‍.വാസവന്‍ സ്വാഗത സംഘം ചെയര്‍മാനും മന്ത്രിമാരായ സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്. ജില്ലയിലെ എംഎല്‍എമാരും എം.പിമാരും ഉള്‍പ്പെടെ 77 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് സ്വാഗത സംഘം. കൂടാതെ ആറ് സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടം കമ്മീഷന്‍ ചെയ്യുന്നതിനൊപ്പം രണ്ടാംഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. അടുത്തഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും തുറമുഖത്തിന്റെ പാരിസ്ഥിക അനുമതിയായി.നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: