ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധത്തിൽ കടുപ്പിക്കുകയാണ് ഇന്ത്യ. ഭീകരാക്രമണത്തിന് അതിർത്തി കടന്ന് പിന്തുന്ന ലഭിച്ചെന്ന് വ്യക്തമാക്കിയ ഇന്ത്യ, 1960 ലെ സിന്ധു നദീജല കരാറിൽ നിന്നും പിന്മാറി. അട്ടാരിയിലെ അതിർത്തി അടച്ചതും പാക്ക് പൗരന്മാരുടെ വിസ റദ്ദാക്കലും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയും ഇന്ത്യ നയതന്ത്രപരമായി തിരിച്ചടിച്ചിരുന്നു.
ഇതിനെതിരെ പാക്കിസ്ഥാനും തിരിച്ചടിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമപാത ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാർക്കുള്ള വീസ നൽകുന്നത് മരവിപ്പിക്കുകയും ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിച്ചതായും പാക്കിസ്ഥാൻ അറിയിച്ചു. ഇതിനപ്പുറം പാക്കിസ്ഥാന് ഇന്ത്യയുമായി സാമ്പത്തികമായി പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.
കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ തകർന്നു. മോശം ഭരണം, സൈനിക സ്വേച്ഛാധിപത്യം, ഭീകരതയ്‌ക്ക് പ്രോത്സാഹനം എന്നിവയാണ് പാക്കിസ്ഥാനെ ദാരിദ്യത്തിലേക്ക് തള്ളിയിട്ടത്.350 ബില്യൺ ഡോളറിന്റെ പാക്കിസ്ഥാൻ സമ്പദ്‍വ്യവസ്ഥ 2023 കാലത്ത് നേരിട്ടത് വലിയ പ്രതിസന്ധിയാണ്. 2023 മേയിൽ 38.50 ശതമാനമാണ് പാക്കിസ്ഥാനിൽ പണപ്പെരുപ്പം ഉയർന്നത്. വളർച്ച നെഗറ്റീവായി
ഇക്കാലത്താണ് ചായ ഉപയോഗം കുറയ്‌ക്കാൻ പാക്ക് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടത്. തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ അതിനായി കൂടുതൽ വിദേശനാണ്യം ചിലവാക്കേണ്ടതിനാൽ ചായയുടെ ഉപയോഗം കുറയ്‌ക്കാൻ പ്ലാനിങ് വകുപ്പ് മന്ത്രി അഹ്‌സാൻ ഇഖ്ബാൽ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനാൽ അഞ്ച് വർഷത്തോളം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ ഗ്രേ ലിസ്റ്റിലായിരുന്നു പാക്കിസ്ഥാൻ. ഇത് വായ്‌പകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കി.
അങ്ങനെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം അതിഭീകരമായ 70 ശതമാനത്തിലേക്ക് എത്തി. സർക്കാർ വരുമാനത്തിന്റെ പകുതിയും പലിശ തിരിച്ചടവിലേക്ക് പോകുന്ന സാഹചര്യം. അന്താരാഷ്‌ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്നും ലഭിച്ച 3 ബില്യൺ ഡോളറിന്റെ ഹ്രസ്വകാല സാമ്പത്തിക രക്ഷാ പാക്കേജാണ് കടബാധ്യതയുടെ വക്കിൽ നിന്നും പാക്കിസ്ഥാനെ കരകയറ്റിയത്.
സഖ്യകക്ഷികളായ സൗദി അറേബ്യ, യുഎഇ, ചൈന എന്നിവരും കോടിക്കണക്കിന് ഡോളറിന്റെ വായ്‌പ നൽകി. 2025 സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാന് 22 ബില്യൺ ഡോളറിൻറെ കടം തിരിച്ചടയ്‌ക്കേണ്ടതുണ്ട്. സിന്ധു നദീജല കരാറിൽ നിന്നും ഇന്ത്യ പിന്മാറിയതിനാൽ പാകിസ്ഥാന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തളർത്തും. ഈ അവസ്ഥയിൽ സൈനികമായ നടപടി പാകിസ്ഥാന് ആത്മഹത്യാപരമായിരിക്കും എന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: