ആറ്റിപ്ര വാര്‍ഡിലെ ജനസദസ് മുന്‍ കൗണ്‍സിലര്‍ ആര്‍.സി.ബീന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
ശ്രീപാദപുരം: ആറ്റിപ്ര വാര്‍ഡിന്റെ ദുരവസ്ഥക്ക് ടെക്‌നോപാര്‍ക്കിന്റെ വളര്‍ച്ചയാണ് പ്രധാന കാരണം എന്ന് ജന്മഭൂമി ജനസദസ്. ടെക്‌നോപാര്‍ക്കിനായി ഏക്കര്‍കണക്കിന് ചതിപ്പുനിലം നികത്തിയതാണ് ജലദൗര്‍ലഭ്യത്തിന് കാരണമായത്. അഴുക്കുജലം പുനരുപയോഗിക്കാമെന്നിരിക്കെ ടെക്‌നോപാര്‍ക്കിലെ വെള്ളം നേരിട്ട് ഓടകളിലേയ്‌ക്കാണ് ഒഴുക്കുന്നത്. ഇതുമൂലം പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിരവധി ഉയര്‍ന്നു. ടെക്‌നോപാര്‍ക്കിനായി രണ്ട് ഏലകള്‍ നികത്തിയതിന്റെ ഫലമായി ചെറിയ മഴക്കുപോലും വെള്ളക്കെട്ട് രൂപപ്പെടുന്നു. കുറച്ചുപേര്‍ക്ക് തൂപ്പു ജോലി കിട്ടുന്നതൊഴിച്ചാല്‍ നാട്ടുകാര്‍ക്ക് ടെക്‌നോപാര്‍ക്കില്‍ നിന്നു ഗുണമൊന്നുമില്ലെന്ന അഭിപ്രായം പൊതുവായി ഉയര്‍ന്നു.
വെള്ളവും ഡ്രെയിനേജുമാണ് വാര്‍ഡിലെ പ്രധാന പ്രശ്‌നങ്ങളെന്ന് ജനസദസ്സില്‍ ആവര്‍ത്തിച്ചു. അശാസ്ത്രീയമായി പണിത 19 ഫഌറ്റുകള്‍ വാര്‍ഡിലുണ്ട്; ഇവയ്‌ക്ക് സ്വീവേജ് സംവിധാനം ഇല്ല. 32 റോഡുകളുള്ളതില്‍ ഭൂരിഭാഗവും സഞ്ചാരയോഗ്യമല്ല. ‘തെറ്റിയാര്‍ തോട്’ കയ്യേറ്റം മൂലം വീതി കുറഞ്ഞതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായത്. ഇത് ശരിയാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്ന അഭിപ്രായം ഉയര്‍ന്നു.
വാര്‍ഡിലെ നാല് കുളങ്ങളും 18 പൊതുകിണറുകളുമൊക്കെ ഉപയോഗപ്രദമാക്കിയാല്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് അഭിപ്രായം ഉയര്‍ന്നു. അംഗന്‍വാടികളിലെ ശുചിമുറികളില്‍ വെള്ളമില്ലെന്നും പരാതിയുയര്‍ന്നു. കുടില്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കണം. തെരുവ് നായ്‌ക്കളുടെ ശല്യം കൂടുതലായതിനാല്‍ ചിലര്‍ നായ്‌ക്കളെ തീറ്റിപ്പോറ്റുന്നത് സംഘര്‍ഷത്തിന് കാരണമാകുന്നുണ്ടെന്നും അഭിപ്രായം വന്നു. മുന്‍ നഗരസഭ കൗണ്‍സിലര്‍ ആര്‍. സി. ബീന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗം സി. മോഹനകുമാരന്‍ നായര്‍ അധ്യക്ഷനായിരുന്നു.
ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, മുന്‍ കൗണ്‍സിലര്‍ സി. സനിചന്ദ്രന്‍, എം.കെ. സുനില്‍കുമാര്‍, പ്രതാപന്‍ എസ്. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക