പത്തനംതിട്ട: പത്തനംതിട്ട തട്ടയിൽ 59 വയസ്സുള്ള അൽഷിമേഴ്സ് രോഗിയെ അതിക്രൂരമായി മർദിച്ച ഹോം നഴ്സ് പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ശശിധരൻപിള്ളയ്‌ക്കാണ് മർദനമേറ്റത്. ഇയാളെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശശിധരൻപിള്ള ആന്തരിക രക്തസ്രാവം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളാൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശശിധരൻപിള്ള വീണു പരിക്കേറ്റു എന്ന് കള്ളം പറഞ്ഞാണ് ഹോം നഴ്സ് ആദ്യം ആശുപത്രിയിൽ എത്തിച്ചത്.
അടൂരിലെ ഒരു ഏജൻസി മുഖേന ഒന്നര മാസം മുൻപാണ് വിഷ്ണുവിനെ പരിചരണത്തിനായി നിയോഗിച്ചത്. ഈ മാസം 22-ന് ശശിധരൻപിള്ളയ്‌ക്ക് വീഴ്ചയിൽ പരിക്കേറ്റു എന്നാണ് തിരുവനന്തപുരത്തെ പാറശ്ശാലയിലുള്ള ബന്ധുക്കളെ ഹോം നഴ്സ് അറിയിച്ചത്. തുടർന്ന് ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി പരുമലയിലെ ആശുപത്രിയിലേക്കും മാറ്റി.
ഗുരുതര പരിക്കിൽ സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മർദനത്തിന്റെ ദൃശ്യങ്ങൾ കണ്ടത്. ഉടൻതന്നെ അവർ കൊടുമൺ പോലീസിൽ പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: