ന്യൂദൽഹി : പശ്ചിമ ബംഗാളിലെ മുർഷിദാബാദ്, മാൾഡ ജില്ലകളിൽ അടുത്തിടെയുണ്ടായ വലിയ തോതിലുള്ള വർഗീയ അക്രമങ്ങളിൽ അഗാധമായ ആശങ്കയും വേദനയും പ്രകടിപ്പിച്ച് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ വിജയ രഹത്കർ. ചെയർപേഴ്‌സണിന്റെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സമിതി കഴിഞ്ഞയാഴ്ച ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഈ കാലയളവിൽ അവർ മുർഷിദാബാദിലെ ഇരകളായ സ്ത്രീകളെയും പെൺകുട്ടികളെയും കാണുകയും അവർക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കമ്മിഷന്റെ നിലപാട് ഇപ്പോൾ വ്യക്തമാക്കിയത്.
ഈ അക്രമത്തിനുശേഷം പശ്ചിമ ബംഗാൾ പോലീസിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട് പറയുന്നു. ഇരകളെ വീടുകളിൽ നിന്ന് വലിച്ചിഴച്ച് പുറത്താക്കുകയും ക്രൂരമായി ആക്രമിക്കുകയും ചില കേസുകളിൽ അവരുടെ പെൺമക്കളെ ബലാത്സംഗം ചെയ്യാൻ അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഈ സ്ത്രീകൾക്കുണ്ടാകുന്ന ആഘാതം ഗുരുതരമാണെന്നും മാനസികമായും വൈകാരികമായും ശാരീരികമായും അതിന്റെ ആഘാതം ദീർഘകാലം നിലനിൽക്കുന്നതാണെന്നും കമ്മീഷൻ പറഞ്ഞു.
നിർബന്ധിത നാടുകടത്തൽ ഈ സ്ത്രീകളെ കൂടുതൽ ദുർബലമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുന്നു, അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളും അന്തസ്സും ലംഘിക്കുന്നു. മുർഷിദാബാദിൽ ഭരണസംവിധാനവും ഭരണനിർവ്വഹണവും പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കമ്മിഷൻ പറഞ്ഞു. മുൻകൂർ ഇന്റലിജൻസ് വിവരങ്ങളും പ്രദേശത്ത് വ്യക്തമായ സംഘർഷവും ഉണ്ടായിരുന്നിട്ടും സംസ്ഥാന സർക്കാർ അത് തടയുന്നതിൽ പരാജയപ്പെട്ടു. ഒരു മൂക കാഴ്ചക്കാരനായി തുടർന്നു. അക്രമം മനഃപൂർവവും മുൻകൂട്ടി ആസൂത്രണം ചെയ്തതുമാണെന്ന് തോന്നുന്നു, ഭൂമിയും സ്വത്തും തട്ടിയെടുക്കാനുള്ള ശ്രമത്തിൽ ഹിന്ദുക്കളുടെ വീടുകളും ബിസിനസുകളും തിരഞ്ഞെടുത്ത് ലക്ഷ്യമിട്ടതായി നിരവധി ഇരകൾ ആരോപിച്ചെന്നും കമ്മിഷൻ പറഞ്ഞു.
കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ച് സഹായത്തിനായുള്ള ഇരകളുടെ ആവശ്യം പോലീസ് അവഗണിച്ചു അല്ലെങ്കിൽ സാവധാനത്തിലും ഫലപ്രദമല്ലാത്തതുമായിട്ടാണ് അധികാരികൾ പ്രതികരിച്ചത്. കലാപകാരികളോട് പോലീസ് മൃദുവായിരുന്നു എന്ന ധാരണയാണ് ഇപ്പോൾ ഇരകൾക്ക് അവിശ്വാസം വർദ്ധിക്കാൻ കാരണം. കൂടാതെ ഇരകൾക്ക് ഭക്ഷണം, വസ്ത്രം, കുടിവെള്ളം, ശുചിത്വം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിച്ചിരുന്നില്ല. സംസ്ഥാന സർക്കാർ പ്രാഥമിക സേവനങ്ങൾ പോലും നൽകുന്നതിൽ പരാജയപ്പെട്ടു. ഇത് ഇതിനകം തന്നെ ആഘാതമേറ്റ കുടുംബങ്ങളെ തുടർച്ചയായ ദുരിതത്തിലും അനിശ്ചിതത്വത്തിലും ആക്കിയെന്നും കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക