കോഴിക്കോട്: ചരിത്രത്തിലെ സത്യാന്വേഷകന്‍ ഡോ. എംജിഎസ് നാരായണന്‍ (93) ഓര്‍മ്മയായി. ഇന്നലെ രാവിലെ മലാപ്പറമ്പിലെ സ്വവസതിയായ മൈത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന എംജിഎസ് മൂന്നാഴ്ച മുന്‍പാണ് വീട്ടിലെത്തിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ പ്രാതല്‍ കഴിച്ചയുടനെ ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ശ്വാസതടസ്സമുണ്ടാവുകയും 9.42ന് അന്ത്യശ്വാസം വലിക്കുകയുമായിരുന്നു. മലാപ്പറമ്പിലെ വീട്ടിലും മാവൂര്‍ റോഡ് ശ്മശാനത്തിലും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും ജനപ്രതിനിധികളും രാഷ്‌ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. സംസ്‌കാരം ഇന്നലെ വൈകിട്ട് 4ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ഭാര്യ: പ്രേമലത. മക്കള്‍: വിജയ്കുമാര്‍ നാരായണന്‍ (റിട്ട. വിങ് കമാന്‍ഡര്‍), വിനയ നാരായണന്‍ (ബെംഗളൂരു). മരുമക്കള്‍: ദുര്‍ഗ്ഗ, മനോജ്.
മലപ്പുറം പൊന്നാനിയില്‍ 1932 ആഗസ്ത് 20നായിരുന്നു എംജിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയുന്ന മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്റെ ജനനം. പരപ്പനങ്ങാടി, അലനല്ലൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ്, ഫാറൂഖ് കോളജ്, തൃശൂര്‍ കേരളവര്‍മ കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നായി ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. അതിനുശേഷം അദ്ദേഹം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ ചരിത്രാദ്ധ്യാപകനായി. തുടര്‍ന്ന് യുജിസി ഫെല്ലോഷിപ്പോടെ കേരള സര്‍വകലാശാലയില്‍ ഗവേഷണം നടത്തി. കേരളചരിത്രത്തിലെ സുപ്രധാനമായ പെരുമാള്‍ കാലഘട്ടത്തിലെ രാഷ്‌ട്രീയ സാമൂഹ്യവസ്ഥകളെപ്പറ്റിയുള്ള പ്രബന്ധത്തിന് 1973ല്‍ പിഎച്ച്ഡി ലഭിച്ചു.
കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിലും കാലിക്കറ്റ് സര്‍വകലാശാലയിലും ചരിത്രവിഭാഗത്തില്‍ അദ്ധ്യാപകനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1992ല്‍ വകുപ്പു മേധാവിയായി വിരമിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎച്ച്ആര്‍) മെമ്പര്‍ സെക്രട്ടറിയായി 1990 മുതല്‍ രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. 2001 മുതല്‍ 2003 വരെ ഐസിഎച്ച്ആര്‍ ചെയര്‍മാനായിരുന്നു.
കാല്‍ നൂറ്റാണ്ടുകാലം ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന അദ്ദേഹം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം മുതല്‍ സെക്രട്ടറി പദവി വരെ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. 1979ല്‍ ഏന്‍ഷ്യന്റ് ഹിസ്റ്ററി വിഭാഗത്തില്‍ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഫാക്കല്‍ട്ടി ഡീന്‍ ആയിരുന്നതിന് പുറമേ ജര്‍ണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യൂ എന്നിവയുടെ പത്രാധിപസമിതി, എന്‍സിഇആര്‍ടിയുടെ പാഠപുസ്തക സമിതി, യുജിസിയുടെ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പാനല്‍, യുപിഎസ്‌സിയുടെ പരിശോധനാസമിതികള്‍ എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, എപ്പിഗ്രാഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലേസ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ അക്കാദമിക് സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചു.
ലണ്ടന്‍ സര്‍വ്വകലാശാലയിലെ കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ സര്‍വ്വകലാശാല, ടോക്യോ സര്‍വ്വകലാശാല, മാംഗ്ലൂര്‍ യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തും വിദേശത്തുമായി നിരവധി സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറിലധികം ഗവേഷണപ്രബന്ധങ്ങളും ഇരുനൂറോളം മറ്റ് പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മകഥയായ ‘ജാലകം- ഒരു ചരിത്രാന്വേഷിയുടെ വഴികള്‍’ 2019ലെ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡിനര്‍ഹമായി.
കേരളത്തിലെ പെരുമാള്‍ കാലഘട്ടത്തെ പരാമര്‍ശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങള്‍ എംജിഎസ് കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ ചരിത്രപരിചയം, സാഹിത്യ അപരാധങ്ങള്‍, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ജനാധിപത്യവും കമ്മ്യൂണിസവും, പെരുമാള്‍സ് ഓഫ് കേരള എന്നിവയാണ് പ്രമുഖ പുസ്തകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: