ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ഭരണം തിരിച്ചുപിടിച്ച് ബിജെപി. ബിജെപിയുടെ രാജാ ഇക്ബാല്‍ സിങ്ങിനെ മേയറായും ജയ് ഭഗവാന് യാദവിനെ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിരവധി കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടതോടെ ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 133 വോട്ടു നേടിയാണ് രാജാ ഇക്ബാല്‍ സിങ് മേയര്‍ സ്ഥാനത്തെത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്ദീപ് സിങ്ങിന് എട്ടു വോട്ടുകളാണ് ലഭിച്ചത്. മേയര്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പിന്‍വലിച്ചു. ഇതോടെ ബിജെപി പ്രതിനിധി ജയ് ഭഗവാന് യാദവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷമായി എംസിഡി പ്രതിപക്ഷ നേതാവായിരുന്ന രാജാ ഇക്ബാല്‍ സിങ് നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ഭരണം തിരിച്ചുപിടിച്ചതോടെ ദല്‍ഹി ട്രിപ്പിള്‍ എന്ജിന് സര്‍ക്കാരിന്റെ ഭരണത്തിലായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രസച്ച്ദേവ അഭിപ്രായപ്പെട്ടു. മുനിസിപ്പല്‍ കോര്‍പറേഷന്റെ ഭരണം വേഗത്തിലും സുഗമവുമാകും.
പൗരന്മാര്ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഇനി കാലതാമസമില്ലാതെ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 2022 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഭരണം ആപിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: