India

കാലത്തിനൊപ്പം മാറി റിസര്‍വ്വ് ബാങ്ക് ; പത്ത് വയസ്സുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാം; തയ്യാറായി എസ് ബിഐ ഉള്‍പ്പെടെ അഞ്ച് ബാങ്കുകള്‍

പത്ത് വയസ്സുകാര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിച്ച് റിസര്‍വ്വ് ബാങ്ക്. മാറുന്ന കാലത്തിനൊത്ത് ചുവടുവെയ്ക്കുകയാണ് ഇന്ത്യയുടെ കേന്ദ്രബാങ്ക്.

Published by

മുംബൈ: പത്ത് വയസ്സുകാര്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിച്ച് റിസര്‍വ്വ് ബാങ്ക്. മാറുന്ന കാലത്തിനൊത്ത് ചുവടുവെയ്‌ക്കുകയാണ് ഇന്ത്യയുടെ കേന്ദ്രബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബിഐ), എച്ച് ഡിഎഫ് സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവര്‍ പത്ത് വയസ്സുകാര്‍ക്ക് ബാങ്ക് അക്കൗണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സീറോ ബാലന്‍സും ഡെബിറ്റ് കാര്‍ഡും എസ് ബിഐ വാഗ്ദാനം ചെയ്യുന്നു. എച്ച് ഡിഎഫ് സി ആകട്ടെ സൗജന്യമായി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ അനുവാദം നല്‍കും. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവയും ഇതുപോലുള്ള സൗജന്യങ്ങള്‍ പത്ത് വയസ്സുകാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

15 വയസ്സുകാര്‍ വരെ കമ്പനി സിഇഒമാരാകുന്ന കാലമാണിത്. 14 വയസ്സുകാര്‍ വരെ ഐപിഎല്ലില്‍ കളിക്കുന്നു. കുറഞ്ഞ പ്രായക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വമേറ്റെടുക്കുന്ന കാലത്തില്‍ പത്ത് വയസ്സുകാര്‍ക്ക് വരെ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുന്ന സാമ്പത്തിക അന്തരീക്ഷം ഒരുക്കുകയാണ് റിസര്‍വ്വ് ബാങ്ക്. കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റ് ബാങ്കിംഗ് വരെ അനുവാദം നല്‍കും. കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. പത്ത് വയസ്സിന് മുകളിലുള്ളവര്‍ക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ സ്വന്തമായി തുറക്കാം. കുട്ടികള്‍ക്ക് 18 തികയുമ്പോള്‍ ഇവരുടെ അക്കൗണ്ട് സംബന്ധിച്ച അപ് ഡേറ്റുകള്‍ ബാങ്കുകള്‍ ഇവരെ അറിയിച്ച് സമ്മതപത്രം ഒപ്പിട്ടുവാങ്ങണം.

റിസര്‍വ്വ് ബാങ്കിന്റെ ഈ തീരുമാനത്തിന് വന്‍സ്വീകരണമാണ് ലഭിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക