Kerala

അച്ഛന് നേരെ തോക്കു ചൂണ്ടി കലിമ ചൊല്ലാൻ പറഞ്ഞു, അറിയില്ലെന്ന് പറഞ്ഞതോടെ വെടിയുതിർത്തു: കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ

Published by

കൊച്ചി: അച്ഛന് നേരെ തോക്കു ചൂണ്ടി കലിമ എന്നൊരു വാക്കു പറഞ്ഞു. അറിയില്ലെന്ന് പറഞ്ഞതോടെ അവർ അച്ഛന് നേരെ നിറയൊഴിച്ചുവെന്ന് പഹൽഗാമിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന്റെ മകൾ ആരതി. എല്ലാവരോടും കിടക്കാന്‍ പറഞ്ഞു. ഓരോരുത്തരുടെ അടുത്തുവന്ന് എന്തോ ചോദിച്ച ശേഷം കൊല്ലും. തങ്ങളുടെയടുക്കല്‍ വന്ന രണ്ടുതവണ കലിമ (മത സൂക്തം) ചോദിച്ചുവെന്നും ആരതി പറഞ്ഞു.

ഉടനെത്തന്നെ അച്ഛനെ കെട്ടിപ്പിടിച്ചപ്പോള്‍ എന്റെ തലയ്‌ക്കും തോക്ക് ചൂണ്ടി. അപ്പോഴേക്ക് കുട്ടികള്‍ വാവിട്ടു നിലവിളിച്ചു. തുടര്‍ന്ന് അയാള്‍ തോക്ക് ചൂണ്ടല്‍ ഉപേക്ഷിച്ച് നടന്നു. അച്ഛന്‍ മരിച്ചെന്ന് മനസ്സിലായതോടെ മക്കളെയുംകൊണ്ട് അവിടെനിന്ന് പെട്ടെന്ന് ഇറങ്ങി ഓടി. ഒരു മണിക്കൂറോളം ഓടിയാണ് രക്ഷപ്പെട്ടത്. ഭീകരരില്‍ രണ്ടുപേരെയാണ് ഞങ്ങള്‍ കണ്ടത്. അതില്‍ ഒരാളാണ് ഞങ്ങളുടെയടുത്തേക്ക് വന്നത്. അവര്‍ എത്രപേരുണ്ടായിരുന്നെന്ന് അറിയില്ല.

ഞങ്ങള്‍ ഓടുമ്പോള്‍ കുതിരകള്‍ ഓടുന്നുണ്ടായിരുന്നു. അവയുടെ കാല്‍പാദങ്ങള്‍ നോക്കിയാണ് ഞങ്ങള്‍ താഴേക്കെത്തിയത്. ഇതിനിടെ ഫോണിന് റെയ്ഞ്ച് ലഭിച്ചു. ഡ്രൈവറെ വിളിച്ചറിയിച്ച് പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്ക് സൈന്യം ഇരച്ചെത്തി. പിന്നെ പ്രദേശത്തുകാരും സര്‍ക്കാരും എല്ലാവരും സഹായിച്ചു. ഞങ്ങള്‍ക്ക് അഭയം തന്നു. അമ്മ നാട്ടിലെത്തിയശേഷമാണ് മരണവിവരം അറിഞ്ഞത്’- ആരതി പറഞ്ഞു.

ഭീകരരുടെ മുന്നിൽ കലിമ ചൊല്ലിയതിനാൽ ആസാം സര്‍വകലാശാലയിലെ പ്രൊഫസറായ ദേബാബിഷ് ഭട്ടാചാര്യ രക്ഷപ്പെട്ടിരുന്നു. ”ഒരു തീവ്രവാദി എന്റെ അടുത്തിരുന്ന ആളെ വെടിവെച്ചിട്ടു. അതിന് ശേഷം അയാള്‍ എന്നെ നോക്കി. ഞാന്‍ കലിമ ഉച്ചത്തില്‍ ചൊല്ലി. പക്ഷേ ഭീകരവാദിയുടെ ചോദ്യത്തിന് മറുപടി നല്‍കിയില്ല. അയാള്‍ പോയി,” പ്രൊഫസർ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍ റസൂലുല്ലാഹ്’- ഇതാണ് കലിമ. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ് എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇസ്ലാമിൽ ആറ് കലിമകളാണുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by