കിഫ്ബിയുടെ വികസന തണലിൽ വൻ മുന്നേറ്റം കാഴ്ചവച്ച് തൃത്താല മണ്ഡലം. അടിസ്ഥാന വികസന മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുള്ള വികസനങ്ങൾക്കായി 150 കോടി രൂപയുടെ പദ്ധതികളാണ് ഇവിടെ നടപ്പാക്കിയത്. സംസ്ഥാനത്താകെ നവീകരിക്കുന്ന 20 പ്രധാന ജംക്ഷനുകളിൽ തൃത്താലയിലെ കൂറ്റനാടും ഉൾപ്പെടുന്നുണ്ട്. കൂറ്റനാട് ജംഗ്ഷനിൽ എത്തിച്ചേരുന്ന നാല് പ്രധാന റോഡുകളുടെ നവീകരണമാണ് ഇതിൽ പ്രധാനം.
കുറ്റിപ്പുറം – കുമ്പിടി – തൃത്താല – പട്ടാമ്പി റോഡ് പുനർനിർമിക്കുന്ന പദ്ധതിക്ക് കിഫ്ബി ഫണ്ടിൽ നിന്ന് 128 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ കായിക മേഖലയിൽ നിർണായകമാണ് കിഫ്ബിയുടെ സഹായത്തോടെ സ്ഥാപിക്കുന്ന സിന്തറ്റിക് സ്പോർട്സ് ഫ്ളോറിങ്. ഇതുകൂടാതെ, വിദ്യാഭ്യാസ മേഖലയിലാണ് മറ്റു പ്രധാന വികസന പ്രവർത്തനങ്ങൾ നടത്തുവരുന്നത്. ഇക്കൂട്ടത്തിൽ, 3.90 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആനക്കര ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു കഴിഞ്ഞു.
എടുത്തുപറയേണ്ട ഒന്നാണ് ചാത്തന്നൂർ ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ സ്പോർട്സ് കോംപ്ലക്സ്. 3.17 കോടി രൂപയാണ് കിഫ്ബി ഈ പദ്ധതിക്കായി ചെലവഴിച്ചത്. ആറ് വരി സിന്തറ്റിക് ട്രാക്കും ഫുട്ബോൾ കോർട്ടും ഉൾപ്പെടെ വലിയ സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കായിക പരിശീലനത്തിന് വലിയ അവസരമാണ് ഇവിടെ ലഭിക്കുന്നത്.
കുമരനല്ലൂർ ഹൈസ്ക്കൂൾ, ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, മേഴത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, ഗോഖലെ ഹൈസ്ക്കൂൾ എന്നിവിടങ്ങളിലും കിഫ്ബി വഴി 3 കോടി രൂപ വീതമുള്ള വികസന പ്രവർത്തനങ്ങളാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: