കോഴിക്കോട്: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയുടെ സ്വസ്ഥജീവിതത്തിനു നേർക്കുള്ള ഹീനമായ കടന്നുകയറ്റമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ വന്നുചേരുന്ന സമയമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത്. ജനങ്ങളെ ഭയപ്പെടുത്തി കശ്മീരിലേക്കുള്ള ഒഴുക്ക് തടയുകയും സമാധാനാന്തരീക്ഷം തകർത്ത് പ്രശ്‌നകലുഷമായ ജീവിതത്തിലേക്ക് കശ്മീരികളെ തള്ളി വിടുകയുമാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യം.
ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾക്ക് മുമ്പിൽ രാജ്യം മുട്ടു മടക്കിയിട്ടില്ല. അക്രമികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കശ്മീരികളുടെ ജീവിതം പൂർവസ്ഥിതിയിലേക്ക് എളുപ്പം തിരിച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകണം. ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഗ്രാൻഡ് മുഫ്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: