തിരുവനന്തപുരം: ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ഉണ്ടായ ചില അനഭിലഷണീയ സംഭവവികാസങ്ങള്‍ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുവെന്ന് ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ നിര്‍വ്വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.
സ്വതന്ത്ര ജുഡീഷ്യല്‍ സമ്പ്രദായത്തിന് സുതാര്യതയും അക്കൗണ്ടബിലിറ്റിയും ഉറപ്പുവരുത്തണമെന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. ജഡ്ജി നിയമനത്തിന് കുറ്റമറ്റതും സുതാര്യവുമായ സംവിധാനം വേണം. കോടതി നടത്തിപ്പിലടക്കം ജഡ്ജിമാരുടെ അക്കൗണ്ടബിലിറ്റി വിലയിരുത്താന്‍ സുപ്രീംകോടതി, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമാരും പ്രമുഖ വ്യക്തിത്വങ്ങളുമടങ്ങുന്ന സമിതിയെ സുപ്രീംകോടതി നിശ്ചയിക്കണം. ജഡ്ജിമാരുടെ ബെംഗളൂരു സമ്മേളനത്തില്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി സംബന്ധിച്ച് പാസാക്കിയ പ്രമേയം നടപ്പാക്കണം. ജഡ്ജിമാരുടെ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കില്‍ അത്തരം ജഡ്ജിമാരെ സ്ഥലംമാറ്റണം. റിട്ടയര്‍ ചെയ്യുന്ന ജഡ്ജിമാര്‍ക്ക് മൂന്ന് വര്‍ഷക്കാലത്തേക്ക് മറ്റ് നിയമനങ്ങള്‍ നല്‍കരുത്. ജഡ്ജിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രമേയം യോഗം അംഗീകരിച്ചു.
പ്രമേയത്തിന്റെ തുടര്‍നടപടിയായി ഏപ്രില്‍ 24 ന് ദേശവ്യാപകമായി ബാര്‍ അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് അഭിഭാഷക കൂട്ടായ്മ നടത്തി പ്രമേയത്തിന്റെ കോപ്പി രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും അയക്കുന്നതിനായി ഗവര്‍ണര്‍മാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, ജില്ലാ ജഡ്ജിമാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ക്ക് കൈമാറും. ദേശവ്യാപകമായി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: