Kerala

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചി സ്വദേശിയും

ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വെച്ചാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്

Published by

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും(68) ഉള്‍പ്പെടുന്നു. രാമചന്ദ്രനും കുടുംബവും ഇന്നലെയാണ് കാശ്മീരിലേക്ക് പോയത്.മറ്റ് കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നാണ് വിവരം.

ഇടപ്പള്ളി മങ്ങാട്ട് റോഡിലാണ് ഇവര്‍ താമസിച്ചിരുന്നത്.രാമചന്ദ്രന്റെ മകള്‍ കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്ന് എത്തിയത്.

ഹൈദരാബാദ് സ്വദേശി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജനും കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭീകരാക്രമണത്തില്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.

ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വെച്ചാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവല്‍ കണ്‍സഷനോടെ കാശ്മീരില്‍ യാത്ര പോയതായിരുന്നു ബിഹാര്‍ സ്വദേശി മനീഷ്. ഐബിയുടെ ഹൈദരാബാദിലെ മിനിസ്റ്റീരിയല്‍ ഓഫിസില്‍ ആണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്തു വന്നത്.

അതേസമയം, ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്തു.മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ ബുധനാഴ്ച സന്ദര്‍ശിക്കും.

ഹൈദരാബാദില്‍ നിന്നുള്ള ഐബി ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജന്‍, കര്‍ണാടകയില്‍ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മഞ്ജുനാഥ റാവു, ഒഡിഷയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്പതി, കര്‍ണാടക ഹാവേരി റാണെബെന്നൂര്‍ സ്വദേശി ഭരത് ഭൂഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ട് വിദേശികളും നാട്ടുകാരായ രണ്ട് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭീകരാക്രമണത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by