ന്യൂദല്‍ഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ നിയമപ്രകാരം നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നതുമാണെന്നും തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവും, രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച പ്രതിനിധികളെ അപമാനിക്കലും, തെരഞ്ഞെടുപ്പ് ജീവനക്കാരെ നിരുത്സാഹപ്പെടുത്തുന്നതുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വസ്തുതകളുടെ പിന്‍ബലത്തോടെ നിഷേധിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 6.40 കോടി വോട്ടര്‍മാര്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ട് രേഖപ്പെടുത്തി. ശരാശരി 58 ലക്ഷം വോട്ടുകള്‍ ഓരോ മണിക്കൂറിലും രേഖപ്പെടുത്തിയപ്പോള്‍, അവസാന രണ്ട് മണിക്കൂറില്‍ 65 ലക്ഷം വോട്ടുകള്‍ എന്നത് സാധാരണ ശരാശരിയേക്കാള്‍ കുറവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
എല്ലാ ബൂത്തുകളിലും സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ ഔദ്യോഗികമായി നിയോഗിച്ച പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പോളിംഗ് നടന്നത്. സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റുമാരോ, തെരഞ്ഞെടുപ്പിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് മുമ്പാകെ പരിശോധനയില്‍ അസാധാരണ വോട്ടിംഗിനെക്കുറിച്ച് തെളിവുകളുടെ പിന്‍ബലമുള്ള യാതൊരു ആരോപണങ്ങളും ഉന്നയിച്ചിട്ടില്ല.
2024 ഡിസംബര്‍ 24-ന് ആരോപണങ്ങള്‍ക്ക് വിശദമായ മറുപടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും ഈ വസ്തുതകള്‍ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: