മാറ്റത്തിന്റെ മാര്‍പാപ്പ
കത്തോലിക്കാ സഭയുടെ പരമോന്നത ആത്മീയ നേതാവും, വത്തിക്കാന്‍ ഭരണാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോടു വിടപറഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ പല മാറ്റങ്ങളും കൊണ്ടുവന്ന മാര്‍പാപ്പയായിരുന്നു അദ്ദേഹം. ഇറ്റലിയില്‍ നിന്നു കുടിയേറിയ മാതാപിതാക്കള്‍ക്ക് അര്‍ജന്റീനയില്‍ ജനിച്ച ജോര്‍ജ് മരിയ ബര്‍ഗോഗ്ലിയോയാണ് അസീസിയിലെ വിശുദ്ധന്‍ ഫ്രാന്‍സിസിന്റെ സ്മരണയില്‍ ആ പേരു സ്വീകരിച്ചത്. ലാളിത്യത്തോടും സമാധാനത്തോടുമുള്ള പ്രതിബദ്ധതയും, പാവപ്പെട്ടവരോടുള്ള അനുകമ്പയും മുന്‍നിര്‍ത്തിയായിരുന്നു ഇങ്ങനെയൊരു നാമകരണം.
സഭാ ചരിത്രത്തില്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പായിരുന്നു ഫ്രാന്‍സിസ് പാപ്പ. ക്രൈസ്തവ സഭയിലെ പ്രത്യേക വിഭാഗമായ ജെസ്യൂട്ട് പുരോഹിതനും ബ്യൂണസ് അയേഴ്‌സിലെ ഓക്‌സിലറി ബിഷപ്പും ആര്‍ച്ച് ബിഷപ്പുമായ ശേഷമാണ്, പോപ്പ് ബെനഡിക്ട് 16-ാമന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റത്. പന്ത്രണ്ടു വര്‍ഷം സഭയെ നയിച്ചു.
കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പല പരമ്പരാഗത ധാരണകളെയും തുടക്കം മുതല്‍ തന്നെ നിരാകരിക്കാന്‍ ധൈര്യം കാണിച്ച മതാചാര്യനായിരുന്നു പോപ്പ് ഫ്രാന്‍സിസ്. 140 കോടിയോളം കത്തോലിക്കരുടെ ആചാര്യനെന്ന നിലയ്‌ക്കു തനിക്ക് അനുവദിക്കപ്പെട്ട ആഡംബര ബംഗ്ലാവ് ഉപേക്ഷിച്ച് അതിഥി മന്ദിരത്തില്‍ താമസിക്കാന്‍ തീരുമാനിച്ചതുതന്നെ മാറ്റത്തിന്റെ സൂചനയായിരുന്നു. ലാറ്റിന്‍ അമേരിക്കക്കാരന്‍ എന്ന നിലയില്‍ സ്വാഭാവികമായും വിമോചന ദൈവശാസ്ത്രത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഫ്രാന്‍സിസ് പാപ്പ പാവങ്ങളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും സഹാനുഭൂതി പുലര്‍ത്തി. സഭയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവന്നു. പല സാമ്പത്തിക പരിഷ്‌കാരങ്ങളും വരുത്തി. സഭയുടെ നിര്‍ണായക പദവികളില്‍ വനിതകളെ നിയമിച്ചു. നിലപാടുകളില്‍ മാറ്റം വരുത്താന്‍ ഒരിക്കലും പോപ്പ് ഫ്രാന്‍സിസ് തയാറായില്ല. രാഷ്‌ട്രീയമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ മടി കാണിച്ചുമില്ല. യുദ്ധത്തെ തള്ളിപ്പറയുകയും, സമാധാന പക്ഷത്തു നിലയുറപ്പിക്കുകയും ചെയ്തു. ക്രൈസ്തവ പുരോഹിതര്‍ പ്രതിസ്ഥാനത്തുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരേ നിശിതമായ നിലപാടെടുത്തത് പല കേന്ദ്രങ്ങളെയും അദ്ഭുതപ്പെടുത്തി.
കാലത്തിന്റെ മാറ്റങ്ങളുമായി ക്രൈസ്തവ സഭയെ പൊരുത്തപ്പെടുത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്രമിച്ചു. ജീവിതത്തില്‍ പുലര്‍ത്തിയ ലാളിത്യം മരണത്തിലും കൈവിടാന്‍ ഈ മതാചാര്യന്‍ തയാറായില്ലെന്നത് വലിയ മഹത്വമാണ്. റോമിലെ സാന്താ മരിയ ബസിലിക്കയില്‍ തന്നെ അടക്കം ചെയ്യേണ്ടത് പരമ്പരാഗതമായ രീതിയില്‍ മൂന്നു ശവപ്പെട്ടിയില്‍ ആയിരിക്കരുതെന്നും, തനിക്ക് ഒരു തടിപ്പെട്ടി മതിയെന്നും നിഷ്‌കര്‍ഷിച്ചിരുന്നു. ഇതനുസരിച്ചാകും അന്ത്യകര്‍മങ്ങള്‍. പോപ്പ് എന്ന നിലയ്‌ക്ക് 65 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പ ഭാരതവും സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. വത്തിക്കാന്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഹൃദ്യമായ സ്വീകരണമാണ് പോപ്പ് ഫ്രാന്‍സിസ് അന്നു നല്കിയത്. വിടവാങ്ങിയത് ആര്‍ദ്രതയുടെ പ്രതീകമാണെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകളില്‍ പരസ്പര സ്‌നേഹം പ്രതിഫലിക്കുന്നു. ക്രിസ്തീയ വിശ്വാസികളുടെയും ലോകത്തിന്റെതന്നെയും ഹൃദയങ്ങളില്‍ ഇടംനേടിയ വലിയ ഇടയന് ആദരാഞ്ജലികള്‍.
ജീവിത വഴിത്താര
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ 1936 ഡിസംബര്‍ 17 ന് ജനനം.
മരിയോ ജോസ് ബെര്‍ഗോഗ്ലിയോ റെജീന മരിയോ സിവോറി എന്നിവരുടെ അഞ്ച് മക്കളില്‍ മൂത്തയാള്‍. ജോര്‍ജ് മാരിയോ ബര്‍ഗോഗ്ലിയോ എന്നായിരുന്നു ആദ്യ നാമം. 1958 മാര്‍ച്ച് 11 ന് ഈശോ സഭയില്‍ ചേര്‍ന്നു. തുടര്‍ന്ന് ചിലിയില്‍ പഠനം. 1963 ല്‍ അര്‍ജന്റീനയില്‍ തിരിച്ചെത്തി. സാന്‍ മിഗ്വേലിലെ സെന്റ് ജോസഫ് സെമിനാരിയില്‍ തത്ത്വശാസ്ത്ര പഠനം.
1969 ഡിസം. 13 ന് വൈദിക പട്ടം സ്വീകരിച്ചു. 1973 ഏപ്രില്‍ 22: ഈശോസഭയില്‍ നിത്യവ്രത വാഗ്ദാനം. 1973 ജൂലൈ മുതല്‍ 1979 വരെ ഈശോസഭയുടെ പ്രൊവിന്‍ഷ്യല്‍. 1980-86 വരെ സാന്‍ മിഗ്വേല്‍ മേജര്‍ സെമിനാരിയില്‍ റെക്ടര്‍. 1986: ജര്‍മനിയില്‍ ഡോക്ടറല്‍ ഗവേഷണം. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് എല്‍സാല്‍വദോറിലും കൊര്‍ദോബയിലും സ്പിരിച്വല്‍ ഡയറക്ടര്‍. 1992 മെയ് 20 ന് ബ്യൂണസ് ഐറിസ് അതിരൂപതയുടെ സഹായമെത്രാനായി. 1998 ഫെബ്രുവരി 28 ന് ബ്യൂണസ് ഐറിസിന്റെ ബിഷപ്പായി. 2001 ഫെബ്രുവരി 21 ന് കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. ഇതേവര്‍ഷം ഒക്ടോബറില്‍ റോമിലെ മെത്രാന്മാരുടെ സിനഡില്‍ അഡ്ജന്‍ക്റ്റ് റിയല്‍റ്റര്‍ ജനറലായി. 2005 ല്‍ അര്‍ജന്റീനയിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായി. മൂന്ന് വര്‍ഷത്തിന് ശേഷം ഇതേ പദവിയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2013 മാര്‍ച്ച് 13 ന് മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 19 നായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: