ന്യൂദല്‍ഹി: ഡ്രാഗന്റെയും ആനയുടെയും ഒന്നിച്ചുള്ള നൃത്തമാണ് ഈ രണ്ട് അയല്‍ രാജ്യങ്ങളുടെ യഥാര്‍ത്ഥ പുരോഗതിയ്‌ക്ക് വേണ്ടതെന്ന് ഈയിടെ പറഞ്ഞത് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്ങ് ആണ്. എന്നാല്‍ അങ്ങിനെ ഡ്രാഗന്റെ കൂടെ നൃത്തം ചെയ്യാന്‍ ആന ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യ ഇപ്പോള്‍. അതിന്റെ ഉദാഹരണമാണ് ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് 12 ശതമാനത്തോളം താല്‍ക്കാലിക തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യയുടെ തീരുമാനം.
കഴിഞ്ഞ ഒരു വര്‍ഷമായി ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തിയ സ്റ്റീല്‍ കാരണം ഇന്ത്യയിലെ പല സ്റ്റീല്‍ നിര്‍മ്മാണ വ്യവസായസ്ഥാപനങ്ങള്‍ക്കും ഉല്‍പാദനം കുറയ്‌ക്കേണ്ടി വന്നു. പല ഫാക്ടറികള്‍ക്കും നിലനില്‍പിന് തൊഴിലാളികളെ പിരിച്ചുവിടേണ്ടിവന്നു. ഇതോടെയാണ് ഇന്ത്യയിലെ തൊഴിലാളികളെ സംരക്ഷിക്കാനും സ്റ്റീല്‍ നിര്‍മ്മാണ ഫാക്ടറികളെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനും ചൈനയില്‍ നിന്നുള്ള സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ക്ക് 12 ശതമാനം ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ തീരുമാനിച്ചത്. രാജ്യത്തിനകത്തെ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി തീരുവ ഉയര്‍ത്തി വിദേശത്ത് നിന്നുള്ള ഇറക്കുമതി ഇല്ലാതാക്കാന്‍ അമേരിക്കയെപ്പോലെ ഇന്ത്യയും ശ്രമിക്കുകയാണ്.
സ്റ്റീല്‍ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ ഒരു പ്രധാന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ രണ്ടാമത്തെ അസംസ്കൃത സ്റ്റീല്‍ ഉല്‍പാദനരാജ്യമാണ് ഇന്ത്യ. ആ ഇന്ത്യയിലേക്ക് വില കുറഞ്ഞ സ്റ്റീല്‍ ചൈനയില്‍ നിന്നും അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ സ്റ്റീല്‍ ഉല്‍പാദകരെ ബാധിക്കുമെന്ന് കരുതുന്നതിനാലാണ് ഇന്ത്യ ചൈനയുടെ സ്റ്റീല്‍ ഇറക്കുമതിക്ക് 12 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ഡ്രാഗണും ആനയും നൃത്തം ചെയ്യണമെന്ന രീതിയിലുള്ള ആശയവുമായി ചൈന മുന്നോട്ട് വരിക എപ്പോഴും ചൈനയ്‌ക്ക് പ്രതിസന്ധിയുണ്ടാകുമ്പോള്‍ മാത്രമാണ്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം .ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 245 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ചൈന വീണ്ടും ഇന്ത്യയെ ഓര്‍ത്തത്. കാരണം യുഎസിനെ നേരിടാന്‍ ചൈനയ്‌ക്ക് ഇന്ത്യയുടെ സഹായം വേണമെന്നതിനാല്‍ മാത്രമാണ് ഡ്രാഗണും ആനയും ഒന്നിച്ച് നൃത്തം ചെയ്താലേ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും ശോഭനമായ ഭാവി ഉണ്ടാകൂ എന്ന ചൈനയുടെ വിദേശകാര്യവക്താവിന്റെ പ്രസ്താവനയ്‌ക്ക് പിന്നിലെ ഗൂഢലക്ഷ്യം. 2020ല്‍ യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യയെ ആക്രമിച്ച രാജ്യമാണ് ചൈന. അന്ന് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ മരിയ്‌ക്കുകയും ചെയ്തു.
എന്താണ് ഡ്രാഗണും ആനയും?
ഡ്രാഗണ്‍ എന്ന ചൈനയുടെ സമ്പദ്ഘടനയ്‌ക്ക് പറയുന്ന പേരാണെങ്കില്‍ ആന എന്നാണ് ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്ക് പറയപ്പെടുന്ന പേര്. 1991ല്‍ ഇന്ത്യ സാമ്പത്തികഉദാരവല്‍ക്കരണം നടപ്പിലാക്കിയപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയെ വിളിച്ചത് ആന എന്നാണ്. ആനയെപ്പോലെ വളരെ മന്ദഗതിയില്‍ നീങ്ങുന്നതാണ് ഇന്ത്യയുടെ സമ്പദ്ഘടന എന്ന അര്‍ത്ഥത്തിലാണ് അവര്‍ അന്ന് അതിനെ അങ്ങിനെ വിളിച്ചത്. പക്ഷെ ആന നൃത്തം ചെയ്തുതുടങ്ങിയാല്‍ പിന്നെ ലോകത്തിലെ ഒരു രാജ്യത്തിനും രക്ഷയില്ലെന്നും സാമ്പത്തികവിദഗ്ധര്‍ അന്ന് പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: