World

ട്രംപിന്‍റേത് തീക്കളിയോ? ലോകം ഡീഡോളറൈസേഷന്റെ പാതയിലെന്ന് മാര്‍ക് ചാന്‍ഡ് ലര്‍; ഡോളര്‍ തകരുമോ?

മറ്റ് രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമിതമായ വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ട് അമേരിക്കയെ സംരക്ഷിക്കാനുള്ള ട്രംപിന്‍റെ നീക്കം ഏകദേശം ഏഴ് പതിറ്റാണ്ടായുള്ള ഡോളറിന്‍റെ ആധിപത്യം കളഞ്ഞുകുളിക്കുമോ? ഈ ചോദ്യം ഉയര്‍ത്തുന്നത് ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധരാണ്. പ്രമുഖ സാമ്പത്തിക അനലിസ്റ്റായ മാര്‍ക് ചാന്‍ഡ് ലര്‍ ഡോളറിന്‍റെ ആധിപത്യം തകര്‍ന്നുതുടങ്ങിയെന്ന പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

Published by

ന്യൂയോര്‍ക്ക് : മറ്റ് രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമിതമായ വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ട് അമേരിക്കയെ സംരക്ഷിക്കാനുള്ള ട്രംപിന്റെ നീക്കം ഏകദേശം ഏഴ് പതിറ്റാണ്ടായുള്ള ഡോളറിന്റെ ആധിപത്യം കളഞ്ഞുകുളിക്കുമോ? ഈ ചോദ്യം ഉയര്‍ത്തുന്നത് ആഗോള പ്രശസ്തരായ സാമ്പത്തിക വിദഗ്ധരാണ്. പ്രമുഖ സാമ്പത്തിക അനലിസ്റ്റായ മാര്‍ക് ചാന്‍ഡ് ലര്‍ ഡോളറിന്റെ ആധിപത്യം തകര്‍ന്നുതുടങ്ങിയെന്ന പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

2025 ജനവരി മുതലുള്ള കണക്കെടുത്താല്‍ ഇതുവരെ ഡോളറിന് പത്ത് ശമതാനം മൂല്യശോഷണം സംഭവിച്ചുവെന്നും ഇതില്‍ അഞ്ച് ശതമാനത്തോളം മൂല്യശോഷണം സംഭവിച്ചത് പ്രതികാരബുദ്ധിയോടെയാണ് ട്രംപിന്റെ വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തല്‍ വഴി സംഭവിച്ചതാണെന്ന് മാര്‍ക് ചാന്‍ഡ് ലര്‍ പറയുന്നു. ബനോക് ബേണ്‍ കാപിറ്റല്‍ മാര്‍ക്കറ്റിന്റെ പ്രധാന മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റാണ് മാര്‍ക് ചാന്‍ഡ് ലര്‍ ആണ്.

ഡോളറിന്റെ കീഴോട്ടിറക്കം തുടങ്ങിക്കഴിഞ്ഞുവെന്ന് മാര്‍ക് ചാന്‍ഡ് ലര്‍ പറയുന്നു. വാസ്തവത്തില്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയാല്‍ ആ രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഉയരുക എന്നതാണ് സാധാരണ സംഭവിക്കുക. എന്നാല്‍ ഡോളറിന്റെ കാര്യത്തില്‍ നേര്‍വിപരീതമാണ് സംഭവിച്ചത്. ട്രംപിന്റെ പ്രതികാരച്ചുങ്കത്തോടെ ഡോളര്‍ കീഴോട്ടുപോയി. ഡോളറില്‍ നിക്ഷേപിച്ച നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്നു. ബോണ്ട് വിപണിയിലും ഡോളറിന് വലിയ തിരിച്ചടിയാണ്. ആഗോളനിക്ഷേപത്തിന്റെ കാര്യത്തില്‍ സുരക്ഷിതത്താവളമായി കരുതിയിരുന്ന ഡോളറിന്മേലുള്ള ബോണ്ട് നിക്ഷേപം പലരും പിന്‍വലിച്ചത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

എന്താണ് ഡീ ഡോളറൈസേഷന്‍?
രാജ്യങ്ങള്‍ അവരുടെ ഡോളറിലുള്ള കരുതല്‍ ധനം കുറച്ചുകൊണ്ടുവരുന്ന പ്രക്രിയയെയാണ് ഡീഡോളറൈസേഷന്‍ എന്ന് വിളിക്കുന്നത്. ഡോളറില്‍ കരുതല്‍ ധനം കയ്യില്‍വെയ്‌ക്കുന്നതിന് പകരം പല രാജ്യങ്ങളും സ്വര്‍ണ്ണത്തിലേക്ക് മാറുകയാണ്. കാരണം ഡോളറിന്റെ മൂല്യം ചാഞ്ചാടുകയും സ്വര്‍ണ്ണത്തിന്റെ മൂല്യം മാറാതെ തുടരുമെന്ന പ്രതീക്ഷയും ഉള്ളതിനാലാണിത്. ഇതോടെ ആഗോള വ്യാപാരത്തിലും ധനകാര്യപ്രവര്‍ത്തനങ്ങളിലും ഉള്ള ഡോളറിന്റെ ആധിപത്യം ക്രമേണ ഇല്ലാതാകും. ഫലത്തില്‍ അമേരിക്കയുടെ ആഗോളനിയന്ത്രകന്‍ എന്ന മുഖമാണ് നഷ്ടമാവുക.

ചൈന ഈയിടെ 2270 കോടി ഡോളറിന്റെ ബോണ്ട് നിക്ഷേപമാണ് യുഎസില്‍ നിന്നും പിന്‍വലിച്ചത്. ചൈനയ്‌ക്ക് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും എല്ലാം ഇതുപോലെ ബോണ്ട് നിക്ഷേപം പിന്‍വലിച്ചാല്‍ അമേരിക്ക സാമ്പത്തികമായി തകരും എന്നതിനാലാണ് ഒരു മാസത്തേക്ക് ചൈന ഒഴികെയുള്ള മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഉയര്‍ന്ന വ്യാപാരച്ചുങ്കം തല്‍ക്കാലത്തേക്ക് ട്രംപ് മരവിപ്പിച്ചത്. തല്‍ക്കാലം ചൈനയെ മാത്രം മുള്‍മുനയില്‍ നിര്‍ത്താനാണ് ട്രംപിന്റെ ശ്രമം.

യൂറോപ്പിലും ചൈനയിലും ജപ്പാനിലും പ്രതീക്ഷയുടെ മുളകള്‍

യൂറോപ്പില്‍ ഉള്‍പ്പെട്ട ജര്‍മ്മനി ഈയിടെ വായ്പാ പരിധി വേണ്ടെന്ന് വെച്ചു. ഒരു സമ്പദ്ഘടന ശക്തിപ്പെട്ടാലാണ് ആ രാജ്യം അങ്ങിനെ ചെയ്യുക പതിവ്. വായ്പ നല്‍കുന്ന ധനകാര്യസ്ഥാപനം വായ്പ എടുക്കുന്നതിലുള്ള പരിധി വേണ്ടെന്ന് വെയ്‌ക്കുക എന്നതിനര്‍ത്ഥം. ആ സമ്പദ്ഘടനയിലുള്ള ആത്മവിശ്വാസത്തിന്റെ തെളിവാണ്. സാമ്പത്തികവളര്‍ച്ചയ്‌ക്കുള്ള പദ്ധതികളെ കയ്യയച്ചുസഹായിക്കാന്‍ തീരുമാനിക്കുക എന്നത് ജര്‍മ്മന്‍ സമ്പദ് ഘടന ശക്തിപ്പെട്ടു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ചൈനയാകട്ടെ ഉപഭോക്താക്കളുടെ പണം ചെലവഴിക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുകയാണ്. പലിശ നിര്ക്ക കുറച്ചും കുറഞ്ഞ ചെലവില്‍ വായ്പ അനുവദിച്ചും ചൈന ഇങ്ങിനെ ചെയ്യുന്നത് ചൈനയുടെ സമ്പദ്ഘടന ആരോഗ്യകരമായി വളര്‍ന്നു എന്നതിന് തെളിവാണ്.

ജപ്പാനില്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് മികച്ച വരുമാനമാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ വാഗ്ദാനങ്ങളേക്കാള്‍ മികച്ച ഓഫറാണ് ബോണ്ടുകള്‍ക്ക് നല്‍കുന്നത്. ഇത് ജപ്പാനീസ് യെന്‍ നല്‍കി ബോണ്ട് വാങ്ങാന്‍ ആഗോള നിക്ഷേപകരെ പ്രേരിപ്പിക്കും.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതിന് ശേഷമാണ് ഡോളര്‍ ലോകത്തിന്റെ വിശ്വസ്ത കറന്‍സിയായി മാറിയത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും അവരുടെ വലിയൊരു തുക ഡോളറില്‍ കരുതല്‍ ധനമായി നിക്ഷേപിക്കാന്‍ തുടങ്ങിയത് ഡോളറിലുള്ള ഈ വിശ്വാസം മൂലമാണ്. ഇപ്പോള്‍ യൂറോപ്പും ചൈനയും ജപ്പാനും ഉള്‍പ്പെടെയുള്ളവര്‍ ട്രംപിന്റെ ഉയര്‍ന്ന വ്യാപാരച്ചുങ്കം ചുമത്തിയുള്ള കളിയെ പ്രതിരോധിക്കുമ്പോള്‍ ഡോളറിന്റെ ഏഴുപത് വര്‍ഷമായുള്ള ആധിപത്യം തകരുമോ എന്ന ആശങ്കയിലാണ് ലോകത്തിലെ നല്ലൊരു വിഭാഗം സാമ്പത്തിക വിദഗ്ധരും.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക