നവി മുംബൈ: തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ കിടക്കയില്‍ നിന്നാണ് വേണു മാധവന്‍ നവി മുംബൈ ഉറാനിലെ ഭാരാദ്വഹന വേദിയിലെത്തിയത്. മഹാരാഷ്ട സംസ്ഥാന അമച്വര്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനൂള്ള ആഗ്രഹപൂര്‍ത്തീകരണത്തിനെത്തി. ആത്മവിശ്വാസത്തിനു മുന്നില്‍ രക്താര്‍ബുദം കീഴടങ്ങുമെന്ന് പലതവണ തളിയിച്ച് വേണു ഇവിടെയും ആവര്‍ത്തിച്ചു. ഇരട്ട സ്വര്‍ണ്ണവുമായി മടങ്ങി.
412.5 കിലോ, 487.5 കിലോ വിഭാഗങ്ങളിലാണ് ചുറുചുറുക്കോടെ മിന്നും പ്രകടനം കാഴ്ചവെച്ച് ഒന്നാമനായത്. ആശുപത്രികിടക്കയിലേയ്‌ക്കുതന്നെയാണ് വേണുവിന്റെ മടക്കം. ക്യാന്‍സറിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നു പോകുന്നതിന്റെ തുടര്‍ചികിത്സ തുടരണം.
കൊല്ലം മരുത്തടി സ്വദേശിയായ വേണു മാധവന് 2014 ലാണ് രക്താര്‍ബുദം ബാധിച്ചത്. പരിശീലനത്തിനിടെ പരുക്കേറ്റപ്പോള്‍ ചികില്‍സ നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. ഡിഫ്യൂസ് ലാര്‍ജ് ബിസെല്‍ ലിംഫോമ മൂന്നാം ഘട്ടം. വിശദീകരിക്കാനാകാത്ത പനി, അസാധാരണമായ ശരീരഭാരം കുറയല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവ ഉണ്ടാകാവുന്ന ക്യാന്‍സര്‍ ഇനം. ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പറഞ്ഞു. കീമോ തെറാപ്പിയും റേഡിയേഷനും ഒക്കെയായി ചികിത്സയുടെ നാളുകള്‍.
2015 ജൂണ്‍ വരെ തിരുവനന്തപുരം ആര്‍സിസിയിലും ചെന്നൈ അപ്പോളയിലുമായി ചികിത്സ. എല്ലാവരേയും അതിശയിപ്പിച്ച് അര്‍ബുദത്തെ മനക്കരുത്തുകൊണ്ട് വേണു നേരിടുന്നതാണ് പിന്നീട് കണ്ടത്. ജീവിതത്തിലേക്ക് മാത്രമല്ല ഭാരോദ്വഹനത്തിലേക്കും വേണു മടങ്ങിയെത്തി. പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പുകളില്‍ എതിരാളികളെ തോല്‍പ്പിച്ച് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വേണുവിന്റെ ആത്മവിശ്വാസവും ഉയര്‍ന്ന ശാരിരികക്ഷമതയും മാതൃകകയായി.
2003 മുതല്‍ ചെന്നൈയില്‍ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവമായ വേണു തിരവാണ്‍മയൂരിലെ വേദിക് പഠനശാലയുടെ ചുമതലയും വഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക