അധികാരത്തിന്റെ അന്തഃപുരങ്ങളിലെ തമ്പുരാക്കന്മാരും കാര്യസ്ഥന്മാരുമാണ് രാഷ്‌ട്രീയക്കാരും ഐഎഎസ്സുകാരും. എത്ര സമര്‍ത്ഥനായ ഐഎഎസുകാരനും ചീഫ് സെക്രട്ടറി കസേര വരെയേ പ്രവേശനമുള്ളൂ. പ്രധാനമന്ത്രിയുടെ സെക്രട്ടറിയായാലും എഴുതുന്നതിന്റെ അടിയില്‍ തുല്യം ചാര്‍ത്താന്‍ രാഷ്‌ട്രീയക്കാര്‍ വേണം. ഏഴാം ക്ലാസും ഗുസ്തിയും കഴിഞ്ഞുവരുന്ന മന്ത്രിക്ക് ഒത്താശ ചെയ്യാനേ സെക്രട്ടറിക്ക് വകുപ്പുള്ളൂ. കാര്യസ്ഥനെ നിയന്ത്രിക്കുന്ന തമ്പുരാനും, തമ്പുരാനെ വരുതിയിലാക്കുന്ന കാര്യസ്ഥനും ഇല്ലെന്നല്ല. പണ്ട് മൂവാറ്റുപുഴയില്‍ ഒരു തോമസ് വക്കീലുണ്ടായിരുന്നു. കേസും ഫീസും കുറവ്. പായിപ്രക്കാരനായ എഴുത്താനിക്കാട് കുഞ്ഞുബാവാ എന്ന ബഹുമുഖ പ്രതിഭയായിരുന്നു ഗുമസ്തന്‍. കേസുകള്‍ സംഘടിപ്പിക്കാനും വകുപ്പുകള്‍ പറഞ്ഞുകൊടുക്കാനും ഗുമസ്തന്‍ വേണം. കിട്ടുന്നതില്‍ പാതി ഗുമസ്തന്‍ അടിച്ചെടുക്കും. വക്കീലിന്റെ അലമാരയിലെ തടിയന്‍ ലോ ബുക്കുകളുടെ പുറംചട്ട കണ്ടാല്‍ ഗുമസ്തന് ഉള്ളടക്കം തിരിയും. ഇന്ന ബുക്കില്‍ ഇന്ന വകുപ്പുണ്ടെന്ന് ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത കുഞ്ഞുബാവാ ഗുമസ്തന്‍ പറഞ്ഞുകൊടുക്കും. വക്കീല്‍ അനുസരിക്കും. കേസു ജയിക്കും.
ഇത്തരം മിടുക്കന്മാരായ ഐഎഎസ് കാര്യസ്ഥന്മാരെക്കൊണ്ടാണ് ചില മന്ത്രിമാര്‍ വിളങ്ങുന്നത്. അത്ര മിടുക്കില്ലാത്തവര്‍ക്കും തഞ്ചത്തില്‍ നിന്നാല്‍ സര്‍വീസ് സുഗമമാകും. കെ. കരുണാകരന്‍, കെ.ആര്‍. ഗൗരിയമ്മ, ബേബി ജോണ്‍, കെ.എം.മാണി, സി. അച്യുതമേനോന്‍, ടി.എം .ജേക്കബ് എന്നിവര്‍ കാര്യസ്ഥന്മാരെ ചൊല്‍പ്പടിക്കു നിര്‍ത്തുന്ന ഇനമായിരുന്നു. ക്ലിഫ് ഹൗസിലെ ഒരു പ്രഭാത സല്‍ക്കാര വേളയില്‍ മുഖ്യമന്ത്രി കരുണാകരന് ഇഡ്ഡലി വിളമ്പിക്കൊടുക്കുന്ന യോഗ്യനായ ഒരു ഐഎഎസുകാരന്‍ പിന്നീട് ചീഫ് സെക്രട്ടറിയായി വിലസിയതോര്‍ക്കുന്നു.
പെരുമാറ്റച്ചട്ടവും കീഴ്വഴക്കവും ഹൈറാര്‍ക്കിയും പാലിച്ച് സടയൊതുക്കി കൂട്ടില്‍ക്കഴിയുന്ന പഴയ ഐഎഎസ് ശിങ്കങ്ങളുടെ കാലം കഴിഞ്ഞുവോ? പ്രശാന്തും ദിവ്യ അയ്യരും ലക്ഷ്മണ രേഖകള്‍ മറികടന്ന് പുതിയ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുകയാണോ? പൂജ്യരെ പൂജിക്കരുത് എന്നാണ് പറയുക. പൂജ്യരെ മാത്രം സര്‍വ്വീസ് കാലം മുഴുവന്‍ പൂജിച്ച് കാലയാപനം നടത്തുന്നവരാണ് ഐഎഎസ്സുകാര്‍. അധികാരത്തിലിരിക്കുന്നവരെ കാര്യലാഭത്തിനുവേണ്ടി പാദസേവ ചെയ്യുകയും വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സുഖിപ്പിക്കുകയും ചെയ്യുന്നവര്‍ അപൂര്‍വ്വമല്ല. കിട്ടുന്നതിന്റെ പങ്ക് തങ്ങള്‍ക്കും എന്ന മട്ടില്‍ കാര്യം നേടുന്ന അതിസമര്‍ത്ഥന്മാരുടെ ചെമ്പു തെളിയുന്ന കാലമാണിത്.
കണ്ണൂരിലെ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കപ്പെടാതെ വന്ന് മൈക്കു പിടിച്ചെടുത്ത് ഉരിയാടിയ വാക്കുകള്‍ അതു പറഞ്ഞവര്‍ക്കും അവരുടെ പാര്‍ട്ടിക്കും ഉണ്ടാക്കിയ പുലിവാല്‍ ചില്ലറയല്ല. അപ്പോഴാണ് ആനയെ മാത്രമല്ല ആന വാലിനെയും സ്തുതി ഗീതങ്ങളാല്‍ വീര്‍പ്പുമുട്ടിച്ച മറ്റൊരുദയം തലസ്ഥാനത്തുണ്ടാവുന്നത്! ഭരണകക്ഷിക്ക് പുറത്തേക്ക് ആരുടെ മേന്മയും കാണാനാവാതെ പോയ, ഒരുതരം നന്മയുടെ പാതയില്‍ മാത്രം ചരിക്കുന്ന കൗശലം!
ചീഫ് സെക്രട്ടറിയെപ്പോലും നിര്‍ത്തിപ്പൊരിക്കുന്നൂ. ഒരാള്‍; മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ കാര്യസ്ഥനെപ്പോലും പൂമൂടല്‍ നടത്തുന്നു!
യുവ ഐഎഎസുകാരുടെ ഈ ചിറകുവിരിക്കല്‍ എങ്ങോട്ടായിരിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: