കണ്ണമ്മൂല: ചമ്പട്ടിസ്വാമിയുടെ ജന്മംകൊണ്ട് പവിത്രമായ കണ്ണമ്മൂല മലീമസമായതായി ജന്മഭൂമി ജനസഭ. ദുര്‍ഗന്ധം വമിച്ചുകൊണ്ടൊഴുകുന്ന ആമയിഴഞ്ചാന്‍ തോട്, ഡ്രെയിനേജ് സംവിധാനം ഇല്ലാത്ത കോളനികള്‍, ശുചീകരിക്കാത്ത ഓടകള്‍, നീക്കാത്ത മാലിന്യങ്ങള്‍ തുടങ്ങിയവ ആളുകളുടെ ദൈനംദിന ജീവിതം ദുരിതമാക്കുന്നു. വാര്‍ഡിന്റെ പല ഭാഗത്തും മൂക്കുപൊത്തിയല്ലാതെ നടക്കാനാവില്ലെന്നതായിരുന്നു പൊതുജനാഭിപ്രായം. ഡ്രെയിനേജ് പമ്പിംഗ് സ്റ്റേഷനിലെ രണ്ട് പമ്പുകളും മാസങ്ങളായി കേടായിരിക്കുന്നതായും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
യമുന ശുചീകരണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ആമയിഴഞ്ചാന്‍ തോട് ശുദ്ധീകരിക്കാന്‍ ഉപയോഗിക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വന്നു. തേംസ് നദിയില്‍ വളര്‍ത്തുന്ന അരയന്നങ്ങളുടെ ഉടമ ബ്രിട്ടീഷ് രാജ്ഞിയാണെന്നും, അവയെ കൊല്ലുന്നത് കനത്ത ശിക്ഷയ്ക്കിടയാക്കുമെന്നും ചൂണ്ടിക്കാട്ടി. അതേ മാതൃകയില്‍ ആമയിഴഞ്ചാന്‍ തൊടിയില്‍ താറാവ് വളര്‍ത്തുന്നത് ജലാശയ സംരക്ഷണത്തിനും ബോധവത്കരണത്തിനും ഉപകാരപ്പെടും.
മുന്നുമുക്കില് മൂന്നു തോടുകള്‍ സംഗമിക്കുന്നതിനാല്‍ മഴ പെയ്താല്‍ ഉടനെ വെള്ളക്കെട്ടുണ്ടാകുന്നു. കുന്നുകുഴിയിലെ അറവുശാല ആധുനികവല്‍ക്കരിച്ച് പ്രയോജനപ്പെടുത്താന്‍ ഇനി വൈകരുത്. പാറ്റൂര്‍ പള്ളിമുക്ക് ഭാഗത്ത് തെരുവ് വിളക്കുകള്‍ കത്താറില്ല. നഗരസഭയും വൈദ്യുതി ബോര്‍ഡും തമ്മിലുള്ള തര്‍ക്കമാണ് കാരണം. ഫുട്പാത്ത് കച്ചവടം പ്രശ്നമായി കാണപ്പെടുന്നതോടെ, അതിനെ തൊഴില്‍രഹിതരുടെ ജീവിതമാര്‍ഗ്ഗമായി പരിഗണിക്കണമെന്നും, വേണ്ടത്ര നിയന്ത്രണങ്ങളോടെയെങ്കിലും അനുവദിക്കാമെന്നുമുള്ള അഭിപ്രായവും ഉണ്ട്. എന്‍ സ്വാമിനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനസഭ ആലപ്പുഴ എസ്.ഡി. കോളേജ് അധ്യാപകന് ഡോ. വൈശാഖ് സദാശിവന് ഉദ്ഘാടനം ചെയ്തു. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, നഗരസഭാ കൗണ്‍സിലര്‍ വി.ജി. ഗിരികുമാര്‍, ബിജെപി ജില്ലാ ഉപാധ്യക്ഷ ജയശ്രീ ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: