പൂനെ: മുടികൊഴിച്ചിലിന് പിന്നാലെ നഖവും കൊഴിഞ്ഞു പോകുന്ന അപൂര്‍വ രോഗത്തെത്തുടര്‍ന്ന് മഹാരാഷ്‌ട്രയിലെ ബുല്‍ഡാന ഗ്രാമങ്ങളിലുള്ളവര്‍ ആശങ്കയില്‍. കഴിഞ്ഞ 5 ദിവസത്തിനിടെ ഷെഗാവ് തെഹ്‌സിലിലെ അഞ്ച് ഗ്രാമങ്ങളിലാണ് നഖം കൊഴിഞ്ഞുപോകുന്ന അപൂര്‍വരോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ 15 ഗ്രാമങ്ങളില്‍ വ്യാപകമായ മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഖങ്ങള്‍ക്കു നിറംമാറ്റം വന്ന് പിന്നീട് കൊഴിഞ്ഞുപോകുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 39 പേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചു. ഇവരെ പ്രാഥമിക ചികിത്സയ്‌ക്കായി ഷെഗാവിലെ ആശുപത്രയിലേക്ക് മാറ്റി. നഖങ്ങള്‍ വെള്ള നിറത്തിലേക്കും പിന്നീട് കറുപ്പ് നിറത്തിലേക്കും മാറി കൊഴിയുന്ന സ്ഥിതിയാണ് ഗ്രാമങ്ങളിലെ പലര്‍ക്കുമുള്ളത്.
ആരോഗ്യവകുപ്പ് അധികൃതര്‍ ഗ്രാമങ്ങളിലെത്തി ജനങ്ങളുടെ രക്ത സാംപിളുകളും മറ്റും ശേഖരിച്ചു. ഉയര്‍ന്ന അളവിലുള്ള സെലിനിയത്തിന്റെ സാന്നിധ്യമാണ് മുടികൊഴിച്ചിലിന് കാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിദഗ്ധ സംഘം അറിയിച്ചിരുന്നു.
മനുഷ്യശരീരത്തില്‍ സെലിനിയത്തിന്റെ അളവു കൂടുന്നത് മുടി, നഖം എന്നിവയുടെ കൊഴിച്ചിലിന് കാരണമാകുമെന്നും കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
















