ഭൂവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള ഇന്ന് കളത്തില്‍. ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ പോരില്‍ ഐ.എസ്.എല്‍ ക്ലബായ എഫ്‌സി ഗോവയെയാണ് ഗോകുലം നേരിടുന്നത്. ഐ ലീഗില്‍ മികച്ച പ്രകടനം നടത്തിയ അതേ ടീം തന്നെയാകും സൂപ്പര്‍ കപ്പിലും ഗോകുലത്തിനായി കളത്തിലിറങ്ങുക.
ഐ ലീഗിലെ അവസാന മത്സരത്തില്‍വരെ കിരീടത്തിനായി ഗോകുലം പൊരുതി നോക്കിയിരുന്നു. മുന്നേറ്റതാരം താബിസോ ബ്രൗണ്‍ മികച്ച ഫോമിലാണെന്നുള്ളത് ഗോകുലത്തിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. നോക്കോട്ട് മത്സരമായതിനാല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഗോകുലത്തിന്റെ ബാക്കി കാര്യങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു. ഐ ലീഗിനായി ടീമിനെ ഒരുക്കിയ അതേ പരിശീലന സംഘം തന്നെയാണ് സൂപ്പര്‍ കപ്പിലും ഗോകുലം കേരളക്കായി തന്ത്രങ്ങള്‍ മെനയുക. 24 പേരുടെ സ്‌ക്വാഡില്‍ 10 മലയാളി താരങ്ങളുണ്ട്, ടീം ഒഫീഷ്യല്‍സ് മുഴുവന്‍ മലയാളികളാണ് എന്ന സവിശേഷത കൂടിയുണ്ട്.
കരുത്തരായ ഗോവയ്‌ക്കെതിരെ പരാജയപ്പെട്ടാല്‍ ഗോകുലം പുറത്താകും. ജയിക്കുന്നവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. സെര്‍ജിയോയുടെ നേതൃത്തിലാണ് ഗോകുലം ഇന്ന് കളത്തിലെത്തുക. രഞ്ജിത്ത് ടി.എ തന്നെയാണ് മുഖ്യ പരിശീലകന്‍ . വൈകിട്ട് 4.30നാണ് മത്സരം. ” ഐ ലീഗിലെ മത്സരങ്ങള്‍ക്ക് ശേഷം ടീം മികച്ച രീതിയില്‍ ഒരുങ്ങിയിട്ടുണ്ട്. ഐ ലീഗിനെക്കാളും ശക്തരായ എതിരാളികള്‍ ആണെന്നുള്ള തിരിച്ചറിവോടെയാണ് ടീം എത്തുന്നത്. ഏത് എതിരാളിയെയും നേരിടാനുള്ള പദ്ധതികള്‍ തയ്യാറായിക്കിയിട്ടുണ്ട്. നോക്കൗട്ട് മത്സരം ആയതിനാല്‍ ആദ്യ മത്സരമെന്ന കടമ്പ കടക്കുക എന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന ലക്ഷ്യം” പരിശീലകന്‍ ടി രഞ്ജിത്ത് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: