കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊട്ടിപ്പുറപ്പെട്ട വർഗീയ അക്രമത്തെത്തുടർന്ന് ഭയത്തിന്റെയും ഭീകരതയുടെയും നിഴലിൽ ജീവിക്കുന്ന സ്ത്രീകൾക്ക് രക്ഷകരായി ബിഎസ്എഫ്. ഞായറാഴ്ച അക്രമ ബാധിത ഇരകളെ സന്ദർശിച്ച ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) ചെയർപേഴ്‌സൺ വിജയ രഹത്കർ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
വനിതാ കമ്മീഷൻ പ്രതിനിധി സംഘത്തോടൊപ്പം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച വിജയ രഹത്കർ മാധ്യമങ്ങളുമായുള്ള സംഭാഷണത്തിൽ മുർഷിദാബാദിലെ മുസ്ലീം ആധിപത്യ പ്രദേശങ്ങളിലെ ഹിന്ദു സ്ത്രീകൾ തന്നെ ബിഎസ്എഫിനെ തങ്ങളുടെ സംരക്ഷകരായി വിളിക്കുന്നുവെന്ന് പറഞ്ഞു. കൂടാതെ തങ്ങൾ എവിടെ എത്തിയാലും സ്ത്രീകളുടെ കണ്ണുകളിൽ ഭയവും വേദനയും വ്യക്തമായി കാണാമായിരുന്നുവെന്ന് അവർ പറഞ്ഞു.
ബിഎസ്എഫ് എത്തിയില്ലായിരുന്നുവെങ്കിൽ സ്ത്രീകൾ രക്ഷപ്പെടുമായിരുന്നില്ലെന്ന് അവർ പറഞ്ഞതായും ചെയർപേഴ്സൺ പറഞ്ഞു. ഏപ്രിൽ 8 നാണ് മുർഷിദാബാദിലെ ചില പ്രദേശങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് സ്ഥിതിഗതികൾ വഷളായതോടെ ഏപ്രിൽ 12 ന് കൽക്കട്ട ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ ഉത്തരവനുസരിച്ച് സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിനെ വിന്യസിച്ചു. അതേ സമയം കേന്ദ്ര സേനയെ യഥാസമയം വിന്യസിച്ചിരുന്നെങ്കിൽ സ്ഥിതി ഇത്ര ഗുരുതരമാകുമായിരുന്നില്ലെന്ന് കോടതി പറഞ്ഞിരുന്നതും ചെയർപേഴ്സൺ ഓർമ്മപ്പെടുത്തി.
ഇപ്പോൾ ദുരിതബാധിത പ്രദേശങ്ങളിലെ സ്ത്രീകളുടെ ഏറ്റവും വലിയ ആവശ്യം പ്രദേശങ്ങളിൽ സ്ഥിരമായ ബിഎസ്എഫ് ക്യാമ്പുകൾ സ്ഥാപിക്കണമെന്നാണ്. അതുവഴി അവർക്ക് സുരക്ഷിതത്വം തോന്നുമെന്നുമാണ് പറയുന്നതെന്നും വിജയ രഹത്കർ പറഞ്ഞു. കമ്മീഷൻ ഈ ആവശ്യം ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ വയ്‌ക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി.
അതേ സമയം അക്രമത്തെക്കുറിച്ചും അത് ബാധിച്ച സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകുന്ന അന്വേഷണ റിപ്പോർട്ട് വനിതാ കമ്മീഷൻ ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: