വായനകള്‍ പലതുമുണ്ട്. അക്ഷരങ്ങളിലേക്കുള്ള കണ്ണോടിക്കല്‍ അതിലാദ്യത്തേതാണ്. കണ്ണോടിക്കല്‍ ഒരുതരം പരതലാണ്. പരതലില്‍ അന്വേഷണമുണ്ട്. വാക്കുകളുടെ നെയ്തെടുക്കലിലൂടെ രൂപപ്പെടുന്ന അര്‍ത്ഥാന്തരങ്ങളിലേക്ക് പോകണമോ അതോ വായന കേവലമാക്കണമോയെന്ന് വായനക്കാര്‍ നിശ്ചയിക്കുന്നത് ഈ അന്വേഷണത്തിലൂടെയാണ്. സംവേദനം സാധ്യമാകുന്ന, ആസ്വാദനം പ്രാപ്യമാകുന്ന വിഭവങ്ങളാണ് അക്ഷരക്കൂട്ടിലുള്ളതെങ്കില്‍ വായിക്കുന്നയാള്‍ക്ക് സന്ദേഹമുണ്ടാകില്ല. എഴുത്തുകാരന്‍ വായനക്കാനൊരുക്കുന്ന സംഗതി, വായനക്കാരന്റെ അഭിരുചിക്കനുസരിച്ചുള്ളതാണെങ്കില്‍ എഴുത്തിന്റെ കാതല്‍, ഈട്, ഘടന എന്നീ വകകളൊന്നും ഇഴകീറി നോക്കാതെ അയാള്‍ എഴുത്തുകാരന്റെ ഇംഗീതാനുസാരിയാകും.
പുസ്തകങ്ങള്‍ പലതരമുണ്ട്. ആദ്യനോട്ടത്തില്‍ പുറംപൊലിമയാല്‍ വായനക്കാരില്‍ കൗതുകമുണര്‍ത്തുന്നവ; അകത്തേക്ക് വരികെന്ന് ക്ഷണിക്കുന്നവ. എന്നാല്‍ ആമുഖം കടന്നാല്‍ കണ്ണേ മടങ്ങൂ, നേസ്സേ മതിയാക്കൂ എന്ന് പ്രേരിപ്പിക്കുന്നവ. എന്നാല്‍ മുന്നില്‍ വന്നുപെടുന്ന പുറംപകിട്ടില്ലാത്ത ഒന്ന്, സന്ദര്‍ഭവശാല്‍ തുറക്കുകയും വച്ച കണ്ണെടുക്കാനാകാത്തവിധം ഒറ്റയിരുപ്പില്‍ തീര്‍ക്കുന്ന ഉല്‍ക്കട താല്‍പര്യത്തിലേക്ക് ഉയരുന്ന പുസ്തക വിസ്മയങ്ങളുണ്ട്.
എഴുത്തുകള്‍ ബഹുവിധമാണ്. വെറുതെ, വെറുതെയെന്ന് കടലാസ് തീരുന്ന കുത്തിക്കുറിപ്പുകള്‍. ഭംഗിയോലുന്ന മുത്തുകളുടെയും ചിപ്പികളുടെയും ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന മുക്തക സമാന രചനകള്‍. കൈമുതലും കാമ്പുമില്ലെങ്കിലും, എഴുതിയതിലൊരു പേരു ചാര്‍ത്തി പ്രദര്‍ശനവ്യഗ്രതയില്‍ പ്രകടനം നടത്തുന്നവ. ഇക്കുറിച്ചവളൊന്നും പുസ്തകം എഴുത്ത്, വായന എന്നിവകളെ സംബന്ധിക്കുന്ന ലബ്ധപ്രതിഷ്ഠ വ്യവസ്ഥകളല്ല. കണ്ണില്‍ത്തടയുന്ന പുസ്തകം കയ്യില്‍പ്പെടുമ്പോള്‍, അതിലേക്ക് ഊളിയിടുമ്പോഴുണ്ടാകുന്ന തോന്നലുകളും തോന്നലില്‍ തിടംവയ്‌ക്കുന്ന ധാരണകളുമാണ്.
ഈ വക ആലോചനകളിലേക്ക് മനസ്സ് സഞ്ചരിച്ചത്, കവിയും ബാലസാഹിത്യകാരനുമായ മണി കെ. ചെന്താപ്പൂരിന്റെ ‘എങ്ങനെ എഴുതാം, ഇങ്ങനെ എഴുതാം’ എന്ന ലഘുപുസ്തകം വായനക്കെടുത്തപ്പോഴാണ്. താലപ്പര്യമുണര്‍ത്തുന്ന ചോദ്യവും കൗതുകം പകരുന്ന ഉത്തരവും പുസ്തകത്തിന്റെ പേരിലൂടെ രചയിതാവുതന്നെ വായനക്കാര്‍ക്ക് മുന്നില്‍ വച്ചിരിക്കുകയാണ്. എഴുത്താലോചിക്കുന്നവര്‍ക്കും എഴുതിത്തുടങ്ങുന്നവര്‍ക്കും ആത്മപരിശോധന നടത്താന്‍ ഈ കൃതി ഉപകരിക്കുമെന്നുറപ്പ്.
കഥയും കവിതയും ഉപന്യാസവുമൊക്കെ എങ്ങനെയാകണം രൂപപ്പെടേണ്ടതെന്ന് അതിലളിതമായാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. എന്തെഴുതണം, എങ്ങനെയെഴുതണം, എന്തിനെഴുതണം എന്നറിയില്ലെങ്കില്‍ എഴുത്തു നന്നാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് പുസ്തകത്തിലെ ഒന്നാം പാഠം തുടങ്ങുന്നത്. തീര്‍ച്ചയായും നല്ല തുടക്കമാണ്. എഴുത്തിന്റെ വിശാലഭൂമികയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ചെന്താപ്പൂര് പകരുന്ന ഒന്നാം പാഠം ഉപയോഗപ്പെടും. ഒപ്പം കുഞ്ഞുണ്ണി വചനം ‘ആദ്യം എഴുത്ത്, പിന്നെയെന്ത്, പിന്നെയാകാം എഴുത്ത് എന്ന താക്കീത് ഓര്‍മ്മയുണ്ടാവുകയും വേണം.
കരയിക്കാനും ചിരിപ്പിക്കാനും ചിന്തിക്കാനും മാത്രമല്ല നശിപ്പിക്കാനും എഴുത്തിനാകും എന്ന മുന്നറിയിപ്പും എഴുത്തുകാരന്‍ നല്‍കുന്നു. കരുതലോടെ, കയ്യൊതുക്കത്തോടെ വേണം കൈാര്യമെന്നതും എഴുതാന്‍ തുനിയുന്നവരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
രണ്ടാം പാഠത്തില്‍ കഥ, കവിത രചനയിലേക്ക് കടക്കുന്നവര്‍ എങ്ങനെയാണ് നല്ലൊരു നിരീക്ഷകനാകേണ്ടതെ ന്ന് വ്യക്തമാക്കുന്നു. വൈലോപ്പിള്ളിയുടെ കടല്‍ക്കാക്ക എന്ന കവിതാ പുസ്തകത്തെ മുന്‍നിര്‍ത്തി, അത് വിശദമാക്കുന്നുണ്ട്. നിരീക്ഷണ പടുത്വമില്ലാത്തവര്‍ക്ക് നല്ല കവിയാകാനാവില്ലെന്ന് സോദാഹരണം പുസ്തകത്തില്‍ വരച്ചുകാട്ടുന്നു. കുട്ടിക്കവിതകളില്‍ നിറയേണ്ടത് രസമാണെന്നുള്ള സാരം ബാലകവിതകള്‍ കുറിക്കുന്നവര്‍ക്കുള്ള പാഠമാണ്. പലരുപയോഗിച്ച പഴകിയ ബിംബങ്ങള്‍ പുതുഭാവുകത്വത്തോടെ പുതുക്കിയെടുക്കാമെന്ന ധൈര്യപ്പെടുത്തല്‍ പുതുകവികള്‍ക്ക് ഊര്‍ജമാകും.
കവിത എങ്ങനെ വേണം. ഗദ്യമോ പദ്യമോ? ഇത്തരം സന്ദേഹങ്ങള്‍ക്ക് രചനയില്‍ സ്ഥാനമില്ലെന്നും, കുഞ്ഞുണ്ണിമാഷ് കുറിച്ച പ്രകാരം ‘കവിതയില്‍ വിത’യുണ്ടായാല്‍ മതി എന്നും പഠനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. കവിത കുറിക്കാന്‍ കനപ്പെട്ടതൊന്നും കൈമുതലായുണ്ടാകണമെന്നില്ലെന്നും, സ്വപ്
നം തീര്‍ച്ചയായുമുണ്ടാകണമെന്നും, ശ്രദ്ധയും ഉള്‍ച്ചേര്‍ച്ചയും ഉള്‍ച്ചേര്‍ന്നിരിക്കണമെന്നും, അങ്ങനെയെങ്കില്‍ ഉള്ളില്‍ കവിത ഉറവാകുമെന്നും മലയാളത്തിലെ പ്രമുഖ കവിയും ബാലസാഹിത്യകാരനുമായ മണി കെ. ചെന്താപ്പൂര് സ്വാനുഭവങ്ങളിലൂടെ പുസ്തകത്തില്‍ പകര്‍ന്നിരിക്കുന്നു.
ഈവ്വിധത്തില്‍ പാഠങ്ങള്‍ അനവധിയുണ്ട് അതീവ ലളിതമായ ഈ ഗ്രന്ഥത്തില്‍. രചനാ വൈഭവത്തിന്റെ പൊടിപ്പുള്ള ആര്‍ക്കും എഴുത്തിന്റെ മോഹവഴിയിലേക്ക് നടന്നു കയറാന്‍ ഈ പുസ്തകം ഉപകരിക്കുമെന്നതില്‍ രണ്ടുപക്ഷം വേണ്ട. ഇത്തരമൊരു പുസ്തകം ഇങ്ങനെയൊരു തലക്കുറിയില്‍ വായനക്കാര്‍ സ്വാഗതം ചെയ്യുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: