ഭാഷയിലും സാഹിത്യത്തിലും ജാക് ദറിദ നടപ്പാക്കാനുദ്ദേശിച്ച ഉത്തരഘടനാവാദമാകട്ടെ ചില ഉത്തരാധുനിക മാര്‍ക്സിസ്റ്റുകള്‍ ഭൗതിക ശാസ്ത്ര മേഖലയിലേക്കും വ്യാപിപ്പിച്ചു. ഭൗതിക ശാസ്ത്രത്തിന്റെ ഘടനയെയും രീതിയെയും അതിന്റെ ലക്ഷ്യത്തെയും ചില തത്ത്വചിന്തകര്‍ വിമര്‍ശവിധേയമാക്കിയതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടില്‍ ‘ഫിലോസഫി ഓഫ് സയന്‍സ്’ എന്ന വിഷയം തത്ത്വശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നായിത്തീര്‍ന്നു. ദറിദ പ്രചരിപ്പിച്ച യുക്തിരാഹിത്യം, ക്രമഭംഗം, അനിശ്ചിതത്വം എന്നിവയും, ലിയോത്താര്‍ഡിന്റെ മെറ്റാ നറേറ്റീവിനെതിരെയുള്ള വാദങ്ങളുമാണ് പ്രധാനമായി ഫിലോസഫി ഓഫ് സയന്‍സില്‍ ഉള്‍പ്പെടുന്നത്. കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും ഉത്തരാധുനിക മാര്‍ക്സിസ്റ്റുകളും പാരമ്പര്യ മാര്‍ക്സിസത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടും, സാമ്പത്തിക ശാസ്ത്രം ഒഴിവാക്കിക്കൊണ്ടും സാമൂഹിക ശാസ്ത്രത്തിലെ മറ്റ് മേഖലകളിലേക്കും കലാസാഹിത്യത്തിലേക്കും മാര്‍ക്സിയന്‍ രീതിയായ ധ്വംസാത്മക വിമര്‍ശനത്തെ വ്യാപിപ്പിച്ചു. ഇവരില്‍ ചിലരായ കാള്‍ പോപ്പറും അനുഗാമികളും ഭൗതിക ശാസ്ത്ര മേഖലയിലേക്കും മാര്‍ക്സിയന്‍ രീതി നടപ്പാക്കാന്‍ ശ്രമിച്ചവരാണ്.
ഭൗതിക ശാസ്ത്രത്തിന്റെ രീതി
പാശ്ചാത്യ തര്‍ക്കശാസ്ത്രത്തില്‍ അരിസ്റ്റോട്ടില്‍ തുടങ്ങിവച്ച് ഉത്തരാധുനിക കാലത്തും നിലനില്‍ക്കുന്ന ഒരു തര്‍ക്കം, നിഗമന ന്യായമാണോ (deduction) ആഗമന ന്യായമാണോ (induction) പഠന രീതിയില്‍ പ്രധാനം എന്നതാണ്. മനസ്സിന്റെ തന്നെ ചില സാമാന്യ ആശയങ്ങളില്‍ (concepts) നിന്നാണ് അനുമാനത്തിന്റെ തുടക്കം എന്നതാണ് നിഗമന ന്യായം. അതല്ല, ഇന്ദ്രിയങ്ങള്‍ വഴി പുറമെനിന്നു ലഭിക്കുന്ന പ്രത്യേക വസ്തുക്കളെ സംബന്ധിക്കുന്ന അനുഭൂതങ്ങളാണ് (percepts) ന്യായത്തിന് ആധാരമെന്നതാണ് ആഗമനന്യായം. അരിസ്റ്റോട്ടില്‍ വികസിപ്പിച്ച ‘സില്ലജിസം’ (Syllogism) നിഗമന ന്യായമാണ്.
നിഗമനന്യായത്തിന് അരിസ്റ്റോട്ടില്‍ പ്രാധാന്യം കല്പിച്ചിരുന്നു. കാരണം തത്ത്വജ്ഞാനവും ഗണിത ശാസ്ത്രവും കൂടുതലായി ആശ്രയിക്കുന്നത് നിഗമന ന്യായത്തെയാണ്. ആധുനിക കാലത്ത് ഫ്രാന്‍സിസ് ബേക്കണ്‍ (1561-1626) ആഗമന ന്യായത്തെ ഭൗതിക ശാസ്ത്രത്തിന്റെ പ്രത്യേക രീതിയെന്ന നിലയില്‍ ഉറപ്പിക്കുകയുണ്ടായി. എന്നാല്‍ ഉത്തരാധുനികര്‍ ഭൗതിക ശാസ്ത്രത്തിന്റെ രീതിയെ വിമര്‍ശനത്തിന് വിധേയമാക്കിയപ്പോള്‍ ആഗമന-നിഗമന ന്യായങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും സജീവമായി. വാസ്തവത്തില്‍ ഭൗതിക ശാസ്ത്രത്തില്‍ ആഗമന ന്യായത്തിനും നിഗമന ന്യായത്തിനും പ്രാധാന്യമുണ്ട്. ഭൗതിക ശാസ്ത്രം നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ആഗമന ന്യായത്തെയാണ് ആശ്രയിക്കുന്നതെങ്കിലും, നിരീക്ഷണത്തിന് തുടക്കം കുറിക്കുന്നത് മനസ്സിലെ സങ്കല്പങ്ങള്‍ (hypothesis) ആകുന്നു. ശാസ്ത്രജ്ഞന്‍ നിരീക്ഷിക്കുന്നത് ക്രമമില്ലാതെയല്ല, മറിച്ച് പ്രത്യേക ആശയം മനസ്സില്‍ വച്ചു കൊണ്ടാണ്. ഇതാണ് ‘ഹൈപോതീസിസ്.’ ഇത് മനസ്സിന്റെ നിലപാടാണ്. ശാസ്ത്രജ്ഞന്റെ നിലപാടിന് ശാസ്ത്രീയമായ അറിവിന്റെ പശ്ചാത്തലമുണ്ടെന്നത് വാസ്തവമാണെങ്കിലും ഒരു നിലപാട് എടുക്കേണ്ടതുണ്ട്. ഈ ഹൈപോതീസിസ് ശരിയാണോ എന്നറിയാനാണ് നിരീക്ഷിക്കുന്നതും പരീക്ഷിച്ചുനോക്കുന്നതും. എന്നാല്‍ ഭൗതിക വാദസംബന്ധമായ യഥാതഥ വാദം (realism) അനുസരിച്ച് മനസ്സിന്റെ എല്ലാത്തരം അറിവുകളും പുറമെ നിന്നുലഭിക്കുന്നവയാണ്. മനസ്സിന് സാമാന്യ ആശയങ്ങള്‍ ഗ്രഹിക്കാന്‍ ജന്‍മനാ കഴിവുണ്ടെന്ന കാര്യം ഇത് അംഗീകരിക്കുന്നില്ല.
ഇവിടെ ഏറെ പ്രസക്തമായിട്ടുള്ളത്, പാശ്ചാത്യരുടെ ഇടയിലുണ്ടായ ഇത്തരം തര്‍ക്കം ഭാരതീയരുടെ അനുമാന സിദ്ധാന്തത്തിന് ബാധകമല്ല എന്നതാണ്. ഇവിടെ തര്‍ക്കത്തിന് ഏറ്റവും കൂടുതല്‍ ആധികാരികത കല്പിക്കപ്പെട്ടിടുള്ള ന്യായദര്‍ശനത്തില്‍ പറയുന്ന പ്രകാരം സാമാന്യത്തില്‍ നിന്നാണോ വിശേഷത്തില്‍ നിന്നാണോ അനുമാനത്തിന്റെ തുടക്കം എന്നതല്ല പ്രധാനം. കാര്യകാരണത്തിന്റെ അഭേദ്യബന്ധമാണ് ന്യായത്തിന്റെ മര്‍മ്മം. അതുകൊണ്ട് ന്യായ സൂത്രത്തില്‍ ആഗമന ന്യായത്തിന്റെയും നിഗമന ന്യായത്തിന്റെയും പ്രസ്താവനകളെ ഒന്നിച്ച് അവതരിപ്പിക്കുന്ന രീതിയാണ് കാണാന്‍ സാധിക്കുക. അതിനാല്‍ നമുക്ക് ലഭ്യമാകുന്ന അറിവില്‍ ആഗമന ന്യായവും നിഗമന ന്യായവും അടങ്ങിയിട്ടുണ്ട്. ഇക്കാരണത്താല്‍ ഭാരതീയര്‍ക്ക് ‘ഇന്‍ഡക്ഷന്‍’ ആണോ ‘ഡിഡക്ഷന്‍’ ആണോ അറിവ് ശേഖരിക്കുന്നതില്‍ പ്രധാനം എന്ന തര്‍ക്കത്തിന് പൊതുവെ പ്രസക്തിയില്ലായിരുന്നു. ഭാരതീയരുടെ ന്യായസിദ്ധാന്തമാണ് കൂടുതല്‍ മെച്ചപ്പെട്ടതെന്ന് തര്‍ക്കശാസ്സ്ത്രകാരന്‍മാരാല്‍ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്.
കാള്‍ പോപ്പറുടെ മൂല്യകല്പനകള്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ദാര്‍ശനികനായ കാള്‍ പോപ്പര്‍ ഓസ്ട്രിയയിലെ വിയന്ന സ്വദേശിയും ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചയാളുമാണ്. യൂറോപ്പിലും അമേരിക്കയിലും വിവിധ സര്‍വ്വകലാശാലകളില്‍ അദ്ധ്യാപകനായിരുന്ന പോപ്പര്‍ ഒരു പൂര്‍വ്വകാല മാര്‍ക്സിസ്റ്റാണ്. കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളെപ്പോലെ പാരമ്പര്യ മാര്‍ക്സിസത്തില്‍ നിന്ന് പിന്തിരിഞ്ഞയാളാണ് പോപ്പര്‍. എന്നാല്‍ അവരെപ്പോലെതന്നെ ജാക് ദറിദ പ്രസിദ്ധപ്പെടുത്തിയ ധ്വംസാത്മക വിമര്‍ശനം (അപനിര്‍മാണം) അഥവാ മാര്‍ക്സിയന്‍ രീതി പോപ്പര്‍ കൈവെടിഞ്ഞില്ല. മാര്‍ക്സ് സിദ്ധാന്തിച്ച ചരിത്രപരമായ അനിവാര്യത പോപ്പര്‍ നിഷേധിച്ചു. സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സോഷ്യലിസവും പോപ്പറിന് സ്വീകാര്യമായില്ല. കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകള്‍ ചെയ്ത പ്രകാരം തന്നെ സാംസ്‌കാരിക മേഖലയില്‍ മാര്‍ക്സിയന്‍ രീതി സ്ഥാപിക്കാന്‍ ഉദ്യമിച്ചയാളാണ് പോപ്പറും. എന്നാല്‍ പോപ്പര്‍ പ്രസിദ്ധിയാര്‍ജിച്ചത് ഭൗതിക ശാസ്ത്രത്തില്‍ മാര്‍ക്സിയന്‍ രീതി നടപ്പാക്കാന്‍ ശ്രമിച്ചതോടെയാണ്. ഹെഗലിന്റെ ആദര്‍ശവാദത്തെ മാര്‍ക്സ് തന്റെ ഭൗതിക വാദത്താല്‍ അട്ടിമറിച്ചതുപോലെ, പോപ്പര്‍ ഭൗതിക ശാസ്ത്രം കാലങ്ങളായി പിന്തുടര്‍ന്നു കൊണ്ടിരുന്ന രീതിയുടെ മൂല്യങ്ങളെ തലകീഴാക്കി മാറ്റുന്നു. ശാസ്ത്രസത്യങ്ങളുടെ സാര്‍വ്വലൗകിക മൂല്യത്തെ ചോര്‍ത്തിക്കളയുന്നതിനായി പോപ്പര്‍ ശാസ്ത്രീയ പരീക്ഷണങ്ങളുടെ സാധുതയെത്തന്നെ ചോദ്യം ചെയ്യുകയാണ്.
പോപ്പര്‍ ശാസ്ത്രീയ പരീക്ഷണങ്ങളില്‍ യുക്തിയുടെ അഥവാ ഡിഡക്ഷന്റെ പങ്ക് സ്വീകരിക്കുന്നു, കാരണം ഡിഡക്ഷനിലൂടെയാണ് ഹൈപോതീസിസ് ഉരുത്തിരിയുന്നത്. പക്ഷേ പോപ്പറിന്റെ സിദ്ധാന്ത പ്രകാരം അറിവ് യുക്തിയുടെ ഫലമായിട്ടുണ്ടാകുന്നതല്ല. യുക്തിയാണ് തുടക്കം കുറിക്കുന്നതെങ്കിലും അറിവ് നിര്‍മിക്കപ്പെടുന്നത് ശാസ്ത്രീയ നിരീക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ്.അല്ലാതെ മനസ്സ് ജന്‍മനാ ഗ്രഹിക്കുന്ന സാമാന്യ ആശയങ്ങളല്ല അറിവിന്നാധാരം. പോപ്പറിന്റെ ഈ നിലപാട് ‘ക്രിട്ടിക്കല്‍ റാഷണലിസം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കാരണം ഇവിടെ യുക്തി പ്രധാനവാദമാകുന്ന ‘റാഷണലിസ’ത്തെ വിമര്‍ശവിധേയമാക്കുകയാണ്. അറിവ് സൃഷ്ടിക്കപ്പെടുന്നതില്‍ യുക്തി മുന്നോട്ടുവയ്‌ക്കുന്ന ‘ഹൈപോതീസി’സിനെ നിരീക്ഷിച്ചും പരീക്ഷിച്ചുമാണ് ശാസ്ത്രം സ്വീകരിക്കുന്നത്. യുക്തി അറിവിനെ സൃഷ്ടിക്കുന്നില്ല, അതൊരു ഉപകരണം മാത്രമാകുന്നു.
കാള്‍ പോപ്പറിന്റെ ഫാള്‍സിഫിക്കേഷന്‍
കാള്‍ പോപ്പറിന്റെ ഭൗതിക ശാസ്ത്ര വിമര്‍ശനം പ്രധാനമായി ശാസ്ത്രീയ പഠന രീതിയുടെ നേര്‍ക്കാണ് ഉന്നയിക്കുന്നത്. ശാസ്ത്രീയ പഠന രീതിയെ ആദ്യമായി ചോദ്യം ചെയ്തത് പോപ്പറല്ല, സ്‌കോട്ട്ലന്‍ഡുകാരനായ ഡേവിഡ് ഹ്യൂം എന്ന നാസ്തിക തത്ത്വചിന്തകനായിരുന്നു. ഹ്യൂമിന്റെ ചോദ്യമിതായിരുന്നു: ഐന്ദ്രിക ജ്ഞാനത്തെ വിശ്വസനീയവും ശരിയെന്നും കരുതുന്ന ഭൗതിക ശാസ്ത്രം അനുഭവമാത്രമായ നിരീക്ഷണങ്ങളിലൂടെ പഠനം നടത്തുകയും, അനേകം പരീക്ഷണങ്ങള്‍ നടത്തി സത്യം ഉറപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായമാണല്ലോ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കൃത്യമായി എത്ര പരീക്ഷണങ്ങള്‍ നടത്തിയാലാണ് സത്യം ഉറപ്പിക്കാന്‍ ശാസ്ത്രത്തിന് സാധിക്കുന്നത്? ഹ്യൂമിന്റെ ഈ ചോദ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇതിനുത്തരം നല്‍കാന്‍ ശാസ്ത്രത്തിന് സാധ്യമല്ല. ഹ്യൂമിന്റെ ഉത്തരം മുട്ടിക്കുന്ന ഈ ചോദ്യത്തില്‍ നിന്നാണ് പോപ്പറിന്റെ ശാസ്ത്രവിമര്‍ശനം തുടക്കം കുറിക്കുന്നത്.
ശാസ്ത്രീയ രീതിയനുസരിച്ച് ഒരു നിരീക്ഷണം നൂറു പ്രാവശ്യം പരീക്ഷിച്ചു ശരിയാണെന്നു കണ്ടാല്‍പ്പോലും നൂറ്റിയൊന്നാമത്തെ പരീക്ഷണത്തില്‍ തെറ്റാണെന്നു കണ്ടാല്‍ ശാസ്ത്രം ആ നിരീക്ഷണത്തെ പുറംതള്ളുന്നു. ഈ സ്ഥിതിക്ക് കൃത്യമായി എത്ര പരീക്ഷണങ്ങള്‍ കൊണ്ടാണ് ഒരു നിരീക്ഷണം ശാസ്ത്രസത്യമാകുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഇതിന് മറുപടിയില്ലാത്തതിനാല്‍ പോപ്പറുടെ ‘കണ്‍ജക്ടേഴ്സ് ആന്‍ഡ് റെഫ്യൂട്ടേഷന്‍സ്’ എന്ന പുസ്തകത്തിലെ നിഗമനമിതാണ്: ശാസ്ത്രം പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിന്റെയും സത്യം തെളിയിച്ചിട്ടില്ല. കാരണം ഇപ്പോള്‍ ശാസ്ത്രം സത്യമെന്ന് അംഗീകരിച്ചിട്ടുള്ള നിയമങ്ങളെ പോലും ഭാവിയില്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ തെറ്റെന്നു കണ്ടാല്‍ ഉപേക്ഷിക്കേണ്ടിവരും. ഇതുകാരണം പോപ്പര്‍ വാദിക്കുന്നത്, ശാസ്ത്രത്തിന്റെ രീതി ഒന്നിന്റെയും ശരിയുറപ്പിക്കുന്നില്ലെങ്കിലും തെറ്റ് ഉറപ്പിക്കുന്നുണ്ട് എന്നാണ്. കാരണം ഒരു നിരീക്ഷണത്തെ നൂറു പരീക്ഷണങ്ങള്‍ ശരിയാണെന്നു കാണിച്ചാലും ഉറപ്പിക്കാന്‍ സാധ്യമല്ല. പക്ഷേ ഒറ്റ പ്രാവശ്യം തെറ്റെന്നു കാണിച്ചാല്‍ ആ തെളിവ് നിര്‍ണായകമാകുന്നു. ഇതിനര്‍ത്ഥം ശാസ്ത്രത്തിന്റെ രീതി ശരി തെളിയിക്കുന്നതിന് വേണ്ടിയുള്ളതല്ല, തെറ്റ് തെളിയിക്കുന്ന മാര്‍ഗ്ഗം മാത്രമാണ്. അതിനാല്‍ പോപ്പര്‍ ശാസ്ത്രീയ മാര്‍ഗ്ഗമാകുന്ന സത്യസ്ഥാപന സമ്പ്രദായത്തെ (truth verification) തെറ്റ് തെളിയിക്കുന്ന യത്നമാണെന്ന് (an attempt at falsification) വ്യാഖ്യാനിക്കുന്നു. ഇവിടെ ശാസ്ത്രീയ രീതിയിലെ ശരിയും തെറ്റും എന്ന മാനദണ്ഡങ്ങളെ കീഴ്മേല്‍ മറിച്ചുകൊണ്ടുള്ള വ്യാഖ്യാനമാണ് പോപ്പറിന്റേത്. പലരും തെറ്റിദ്ധരിക്കുന്നത്, നിലവിലുള്ള വെരിഫിക്കേഷന്‍ രീതിക്ക് പകരം ‘ഫാള്‍സിഫിക്കേഷന്‍’ എന്നൊരു പുതിയ രീതി പോപ്പര്‍ നിര്‍ദ്ദേശിച്ചുവെന്നാണ്. പോപ്പറിന്റെ വാദം യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് നിലവിലുള്ള രീതിയുടെ മാനദണ്ഡങ്ങളെ കീഴ്മേല്‍ മറിക്കുന്ന വിമര്‍ശനം മാത്രമാണ്. ഇതിനായി പോപ്പര്‍ ആശ്രയിച്ചത് ഡേവിഡ് ഹ്യൂമിന്റെ, അനിശ്ചിതത്വത്തെ മാത്രം അംഗീകരിക്കുന്ന നാസ്തിക വാദത്തെയാണ്. പോപ്പറിന്റെ വാദം, ഭാഷയിലും സാഹിത്യത്തിലും തത്ത്വചിന്തയിലും ജാക് ദറിദ അപനിര്‍മാണം എന്ന പേരില്‍ പ്രയോഗിച്ച മാര്‍ക്സിയന്‍ വിമര്‍ശന രീതിയാണ്. ഇത് സൂചിപ്പിക്കുന്നത്, ശാസ്ത്ര സത്യങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ട സത്യങ്ങളല്ല, സത്യമായിരിക്കാനുള്ള സംഭാവ്യത (verisimilitude) മാത്രമേ അവയ്‌ക്കുള്ളൂ. അതിനാല്‍ ശാസ്ത്രസത്യങ്ങള്‍ താല്‍ക്കാലിക നിഗമനങ്ങള്‍ (tentative conclusions) മാത്രമാകുന്നു. അവ ഒരിക്കലും സാര്‍വ്വലൗകിക സത്യങ്ങളാകുന്നില്ല. ഇപ്രകാരം ശാസ്ത്രത്തിന് നിശ്ചിതമായ രീതിയോ നിയമങ്ങളോ ഇല്ലെന്നും, ശാസ്ത്രം ഒരിക്കലും സത്യം സ്ഥാപിക്കുന്നില്ലെന്നുമാണ് പോപ്പര്‍ വാദിക്കുന്നത്. കള്‍ച്ചറല്‍ മാര്‍ക്സിസ്ററുകളും ഉത്തരാധുനിക മാര്‍ക്സിസ്റ്റുകളും പ്രചരിപ്പിക്കുന്ന അനിശ്ചിതത്വവാദം തന്നെയാണ് പോപ്പറും ഇവിടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പോപ്പര്‍ മൂന്നുതരം ലോകങ്ങളെ അംഗീകരിക്കുന്നു: ദ്രവ്യലോകം, മനുഷ്യന്റെ ചിന്തകളുടെയും വികാരങ്ങളുടെയും തലം, മനുഷ്യര്‍ സൃഷ്ടിക്കുന്ന സാംസ്‌കാരിക – വൈജ്ഞാനിക ലോകം. ഈ മൂന്നു ലോകങ്ങള്‍ക്കും കാലിക അസ്തിത്വം മാത്രമാണ് പോപ്പര്‍ കല്പിക്കുന്നത്. മാത്രമല്ല, ഇവയില്‍ ഒന്നിനോടും ഒരു ദൈവിക സാന്നിധ്യത്തെ പോപ്പര്‍ ബന്ധിപ്പിക്കുന്നുമില്ല.
പാശ്ചാത്യ ഭൗതിക ശാസ്ത്രം ഗ്രീക്ക് തത്ത്വജ്ഞാനമാകുന്ന തായ്വേരില്‍ നിന്ന് വളര്‍ന്ന് പുഷ്ടിപ്രാപിച്ച ശേഷമാണ് വേറിട്ട ഒരു ശാഖയായി മാറിയത്. വേര്‍തിരിഞ്ഞ് പ്രവര്‍ത്തിച്ചെങ്കിലും ആധുനിക ഭൗതിക ശാസ്ത്രം സൈദ്ധാന്തികമായി തത്ത്വശാസ്ത്രത്തെപ്പോലെ എല്ലാറ്റിനും കാരണമായിട്ടുള്ള ഏക സത്യത്തെയാണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന വസ്തുത ഉത്തരാധുനിക ചിന്തകര്‍ക്ക് അസ്വസ്ഥതയുളവാക്കുന്നതാണ്. പ്രപഞ്ചത്തെ വിശകലനം ചെയ്യുമ്പോള്‍ കഴിയുന്നത്ര എണ്ണത്തില്‍ കുറഞ്ഞ അടിസ്ഥാന തത്ത്വങ്ങളിലേക്ക് അന്തമില്ലാത്ത അനേകങ്ങളെ ന്യൂനികരിക്കുക എന്നതാണ് അതീന്ദ്രിയ ശാസ്ത്രത്തിന്റെയും (metaphysics) സൈദ്ധാന്തിക ഭൗതിക ശാസ്ത്രത്തിന്റെയും (Theoretical physics) സമാനമായിട്ടുള്ള ലക്ഷ്യം. ഇതിനര്‍ത്ഥം എണ്ണത്തില്‍ ഏറ്റവും ചുരുങ്ങിയ തത്ത്വങ്ങള്‍കൊണ്ട് ജഗത്തിനെ മുഴുവന്‍ നിര്‍വചിക്കാന്‍ കഴിയണം. ഉദാഹരണത്തിന് ഐസക്ക് ന്യൂട്ടന്റെ ഫിസിക്സില്‍ കാലവും ദിക്കും ഇത്തരം തത്ത്വങ്ങളായിരുന്നു. ഭൗതികമായതെന്തും ഈ രണ്ട് തത്ത്വങ്ങളില്‍ ഒതുക്കാവുന്നതായിരുന്നു. ഇവ രണ്ടിന്റെയും അടിസ്ഥാന തത്ത്വം ഒന്നായിരിക്കാമെന്ന് ഭൗതിക ശാസ്ത്രം പിന്നെയും വിശ്വസിച്ചു. ഒടുവില്‍ ദ്രവ്യത്തിന്റെ ഊര്‍ജാവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നതോടെ കാലവും ദിക്കും ഊര്‍ജത്തിന്റെ തന്നെ ചലനവും വികാസവുമായിത്തീര്‍ന്നു. അങ്ങനെ ഭൗതിക ശാസ്ത്രത്തിന്റെ വിശ്വാസം സ്ഥിരീകരിക്കപ്പെട്ടു. ഇപ്രകാരം അതീന്ദ്രിയ ശാസ്ത്രത്തില്‍ നിന്നു വേര്‍പിരിഞ്ഞുവെങ്കിലും ഭൗതിക ശാസ്ത്രവും സൈദ്ധാന്തികമായി ഏകസത്യം ഉറപ്പിക്കുന്നുവെന്നതാണ് ഉത്തരാധുനിക ചിന്തകരെ പ്രകോപിപ്പിച്ചത്. കാരണം അവര്‍ വൈവിധ്യം മാത്രം വാസ്തവമായിക്കരുതുന്നവരും, അനിശ്ചിതത്വവാദികളുമാണ്. അവര്‍ ആശങ്കപ്പെടുന്നത്, മെറ്റഫിസിക്സില്‍ നിന്ന് വേര്‍പിരിഞ്ഞ ഫിസിക്സ് വീണ്ടും മെറ്റഫിസിക്സിനോട് ബന്ധം സ്ഥാപിക്കുമോ എന്നതിലാണ്.
(തുടരും )
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയാണ് ലേഖിക)














