”എന്റെ ചാക്കോച്ചേട്ടാ വണ്ടിക്കു ഷൊര്‍ണൂര്‍ വരെയോ ചക്രമൊണ്ടായിരുന്നുള്ളൂ. പിന്നെ ചക്രമില്ലാതെയാ പോന്നത്.” ഞാന്‍ 1958 ല്‍ പ്രചാരകനായി കണ്ണൂര്‍ ജില്ലയില്‍ എത്തിയപ്പോള്‍ നടന്ന ആദ്യത്തെ സ്വയംസേവകരുടെ ബൈഠക്കില്‍ പങ്കെടുത്ത ‘ശിവാജി’ എന്നു നാട്ടുകാരെല്ലാം വില്‍ക്കുന്ന സി.ഡി. നാരായണന്‍ നമ്പ്യാര്‍ പറഞ്ഞുകേട്ടതാണ് ഈ വാചകം. ശിവാജി കണ്ണൂരിലെ പഴയ സ്വയംസേവകനായിരുന്നു; അദ്ദേഹം അഴീക്കോട് അംശം കോല്‍ക്കാരനും.
പുതിയ തെരുവില്‍നിന്നു കാട്ടാമ്പിള്ളിക്കടവിലേക്കുള്ള വഴിയരികിലെ വീട്ടിലായിരുന്നു താമസം. രാവിലെ ‘കുളുത്ത്’ അടിച്ച് കാല്‍നടയായി പുറപ്പെട്ടാണ് ആറേഴു കിലോമീറ്റര്‍ നടന്ന് ജോലിസ്ഥലത്തെത്താം. അധികാരിയെ കണ്ടു അദ്ദേഹം പറയുന്ന കൃത്യങ്ങള്‍ നിര്‍വഹിച്ചശേഷം അന്നത്തെ മറ്റു കാര്യങ്ങള്‍ക്കിറങ്ങും. ‘ജമാബന്തി’യെന്ന കരമടയ്‌ക്കുന്നതിന്റെ അവസാന ഘട്ടമായി അധികാരിയും കോല്‍ക്കാരനുമൊരുമിച്ചു വീടുകള്‍ സന്ദര്‍ശിച്ച് പിരിവ് പൂര്‍ത്തിയാക്കണം. അതുകഴിഞ്ഞാല്‍ ശാഖയിലെത്തും. പിന്നീട് രാത്രി വീട്ടിലേക്കു മടങ്ങും.
അന്ന് മലബാറിലേക്കു തിരുവിതാംകൂര്‍ ഭാഗത്തുനിന്നുള്ള കുടിയേറ്റം മൂര്‍ധന്യത്തിലെത്തിയ കാലമായിരുന്നു. തിരുവിതാംകൂറില്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ദിവാനായിരുന്നപ്പോള്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരെ കഠിനമായ നടപടികളെടുത്തിരുന്നു എന്നവര്‍ക്കു ആവലാതിയുണ്ടായിരുന്നു. കെ.സി. മാമ്മന്‍ മാപ്പിളയുടെ മലയാള മനോരമ പത്രത്തിനെതിരെയും, നാഷണല്‍ കൊയിലോണ്‍ ബാങ്കിനെതിരെയും അദ്ദേഹം സ്വീകരിച്ച കര്‍ശനമായ നീക്കങ്ങളും, മാപ്പിളയെയും മറ്റും ജയിലിലടച്ചതും, ബാങ്ക് ലിക്വിഡേറ്റു ചെയ്തതും മറ്റും ആ വടംവലിയുടെ ഭാഗമായിരുന്നു. ബാങ്കിങ്, തോട്ടം മേഖലകളിലും, വിദ്യാഭ്യാസ രംഗത്തും, ക്രിസ്ത്യാനികള്‍ അസൂയാവഹമായ പുരോഗതി കൈവരിച്ചിരുന്നു. ഏതായാലും സര്‍ സിപിയുടെ കര്‍ശനമായ നിലപാടുമൂലം, ബ്രിട്ടീഷ് മലബാറിലേക്കു തങ്ങളുടെ ഭാവി പറിച്ചുനടാന്‍ സഭാ നേതൃത്വത്തിന്റെ ഒത്താശയോടെ ശ്രമങ്ങള്‍ നടന്നു. 1930 കളില്‍ ആരംഭിച്ച ആ സംരംഭങ്ങള്‍ ലക്ഷക്കണക്കിനാളുകളെ മലബാറിലെത്തിച്ചു. മലബാര്‍ ഭാഗത്ത് വനഭൂമികെളല്ലാംതന്നെ ദേവസ്വങ്ങളുടെയും ജന്മിമാരുടെയും നാടുവാഴികളുടെയുമായിരുന്നു. അവരെ കണ്ട് കാഴ്ചവച്ച് സങ്കടം അറിയിച്ച് വനഭൂമി ചാര്‍ത്തി വാങ്ങി അവിടെ കൃഷി ചെയ്ത് ജീവിതം പച്ചപിടിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ മലയാള സാഹിത്യം ആ സംരംഭങ്ങളുടെ പ്രതിഫലനമാണ്. മലബാറിന്റെ കിഴക്കന്‍ മേഖല ഇന്ന് തൊടുപുഴ, മൂവാറ്റുപുഴ, മീനച്ചില്‍ മുതലായ താലൂക്കുകളുടെ തനിസ്വഭാവമുള്‍ക്കൊള്ളുന്നവയായിരിക്കുന്നു. കൊട്ടിയൂര്‍, മുണ്ടയംപറമ്പ്, പുല്‍പ്പള്ളി, തളിപ്പറമ്പ് മുതലായ താലൂക്കുകളിലെ കിഴക്കന്‍ ഭാഗങ്ങളിലേക്കു വന്നവരില്‍ ഒരു കുടുംബാംഗം അവരുടെ ഭാഗ്യാന്വേഷണ യാത്രയ്‌ക്കിടെ കണ്ണൂര്‍ സ്റ്റേഷനിലിറങ്ങിയപ്പോള്‍ മറ്റൊരാളോട് പറഞ്ഞ വാക്കുകളാണ് ശിവാജി എന്ന സ്വയംസേവകന്‍ പറഞ്ഞത്. ഞാന്‍ തൊടുപുഴക്കാരനായത് അതിനു സന്ദര്‍ഭം നല്‍കി.
വണ്ടിക്കു ചക്രമില്ലാതെയാണ് ഷൊര്‍ണൂരിനിപ്പുറം വന്നത് എന്നു പറഞ്ഞത് തിരുവിതാംകൂറിലെ നാണയം ‘ചക്ര’മായതിനാലായിരുന്നു. ഭാരതം മുഴുവന്‍ പ്രചാരത്തിലിരുന്ന രൂപ, അണ, പൈസ എന്നതിനു പകരം തിരുവിതാംകൂറില്‍ സാങ്കല്‍പ്പികമായിരുന്ന രൂപയും പണം, ചക്രം കാശ് എന്ന ചെറുനാണയങ്ങളും നിലനിന്നു. 16 കാശ് ഒരു ചക്രം, ഏഴു ചക്രം ഒരു പണം, 28 ചക്രം ഒരു രൂപ എന്നായിരുന്നു വ്യവസ്ഥ. അതു സര്‍ക്കാര്‍ രൂപയാണ്. ഒരു രൂപാ നാണയമില്ലതാനും. ബ്രിട്ടീഷ് രൂപക്കു 28 1/2 ചക്രം വേണം. അത് ജോര്‍ജ് ചക്രവര്‍ത്തിയുടെ തല വഹിക്കുന്ന തുട്ടായിരുന്നു. ജോര്‍ജ് സിക്സ് എമ്പറര്‍ ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്ന അരരൂപയും, കാല്‍ രൂപ, രണ്ടണ, ഒരണ, കാലണ, പൈ എന്നിങ്ങനെ ചെറുനാണയങ്ങള്‍. രണ്ടു രൂപയ്‌ക്കു നോട്ടും നാണയവുമുണ്ടായിരുന്നു. അഞ്ചു രൂപ, പത്തു രൂപ, നൂറ് രൂപ നോട്ടുകളും നിലവിലിരുന്നു. ഇന്നുമുണ്ട്.
ഈ നാണയരീതി സ്‌കൂളില്‍ കുട്ടികള്‍ക്ക് വലിയ തലവേദനയുണ്ടാക്കി. എന്റെ താഴ്ന്ന ക്ലാസുകളില്‍ അതു പ്രശ്നമല്ലായിരുന്നു. നാലാം ക്ലാസില്‍ ഗുണനവും ഹരണവും പഠിച്ചപ്പോള്‍ അതു വലിയ പ്രശ്നമായി. ഗുണനപ്പട്ടിക (കൊച്ചിയിലും മലബാറിലും ഗുണകോഷ്ഠം) കാണാതെ പഠിക്കണം. 16 ന്റെതുവരെ. അതു സാറിനെ കേള്‍പ്പിക്കുമ്പോള്‍ ഒരു തെറ്റിന് ഒരടി ഉറപ്പായിരുന്നു. ”സര്‍ക്കാര്‍ നാണയത്തെ ബ്രിട്ടീഷ് നാണയമാക്കുക” എന്ന ചോദ്യം പരീക്ഷക്കുറപ്പാണ്. രൂപയെ 28 കൊണ്ട് ഗുണിച്ച് 28 1/2 കൊണ്ട് ഹരിക്കണം. അല്ലെങ്കില്‍ 56 കൊണ്ട് ഗുണിച്ച് 57 കൊണ്ട് ഹരിക്കണം. നാലു കഴിഞ്ഞാല്‍ പിന്നെ അങ്കഗണിതവും ബീജഗണിതവും ക്ഷേത്രഗണിതവും മാനമതിയും പഠിക്കേണ്ടിയിരുന്നു. (അരിത്മാറ്റിക്, ആള്‍ജിബ്ര, ജ്യോമട്രി, മെന്‍സുറേഷന്‍).
അളവുതൂക്കങ്ങളുടെ കാര്യവും സങ്കീര്‍ണമായിരുന്നു. 12 ഇഞ്ച് ഒരടി, 3 അടി ഒരു വാര അഥവാ ഗജം, 220 വാര ഒരു ഫര്‍ലോങ്, 8 ഫര്‍ലോങ് ഒരു മൈല്‍ എന്നാണ് ദൈര്‍ഘ്യ വരുമാനം. തൂക്കം അതിലും പ്രയാസമായിരുന്നു. പന്ത്രണ്ട് കഴഞ്ച് ഒരു പലം, 100 പലം ഒരു തുലാം, 4 തുലാം ഒരു ഭാരം എന്നു നാടന്‍ കണക്ക്.
രൂപാത്തൂക്കം (തോല) 40 തോല ഒരു റാത്തല്‍, 16 റാത്തല്‍ ഒരു തുലാം എന്നു നാടന്‍ കണക്ക്.
38.55 താല ഒരു പൗണ്ട്. 220 പൗണ്ട് ഒരു ടണ്‍ എന്നു വേറെ കണക്ക്.
രണ്ടു ചാണ്‍ ഒരു മുഴം, മൂന്നു മുഴം ഒരു വാര, 4 വാര ഒരു ദണ്ഡ്, 80 ദണ്ഡ് ഒരു കാതം, നാലു കാതം ഒരു നാഴിക.
നാഴി, ഇടങ്ങഴി, പറ എന്ന് നെല്‍ക്കണക്കുമുണ്ടായിരുന്നു. ഈ നാടന്‍ കണക്കുകള്‍ എല്ലായിടത്തും ഒരേപോലെ ആയിരുന്നുമില്ല. തിരുവനന്തപുരത്തു പഠിക്കാന്‍ പോയപ്പോഴാണ്, അവിടെ നാഴി, പിടി, കോട്ട എന്നിങ്ങനെ അരിയുടെ അളവുണ്ടായിരുന്നതായി മനസ്സിലാക്കി. അവിടെ നാഞ്ചിനാട്ടില്‍നിന്നു നെല്ലുകുത്തി അരിയാക്കി തിരുവനന്തപുരത്ത് വീടുകള്‍ തോറും വില്‍ക്കുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നു. തലസ്ഥാനത്തുനിന്ന് നാഗര്‍കോവിലിലേക്കു പോകുന്ന തീവണ്ടിയില്‍ ആ തൊഴിലിലേര്‍പ്പെട്ട ധാരാളം സ്ത്രീകളെ കാണാം. തലശ്ശേരിയും മംഗലാപുരവുവുമായി ഇത്തരത്തിലുള്ള അനൗപചാരിക വാണിജ്യബന്ധം സജീവമാണുതാനും.
തലശ്ശേരി, കണ്ണൂര്‍ സ്റ്റേഷനുകളില്‍ അതിരാവിലെയുള്ള വണ്ടികള്‍ അത്തരം തൊഴില്‍ ചെയ്യുന്നവരെക്കൊണ്ടു നിറഞ്ഞവയായിരുന്നു.
വാണിജ്യവിളകളുടെ കാര്യത്തില്‍ മലബാര്‍ നൂറ്റാണ്ടുകളായി സജീവമായിരുന്നല്ലോ. തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്കുള്ള കുടിയേറ്റം മലബാറിലൊതുങ്ങിയില്ല. അതു തെക്കെ കര്‍ണാടകത്തിനെയും സമ്പന്നമാക്കി. അവിടെയും റബ്ബറും കപ്പയും മറ്റു നടുതലകളും സമൃദ്ധമായിത്തുടങ്ങി. നമ്മുടെ സാഹിത്യത്തെയും അതു കൂടുതല്‍ സമ്പന്നമാക്കി. ഇന്നു ‘ചക്ര’മില്ലാതെയാണ് വണ്ടി മാത്രമല്ല, സര്‍വ തൊഴിലാളികളും വളരുന്നത്. മലബാറിന്റെ കിഴക്കന്‍ മേഖലയാകെ ഇപ്പോള്‍ സമ്പല്‍സമൃദ്ധമായത്, ചക്രമില്ലാതെ വണ്ടി കയറിയെത്തിയ ചാക്കോച്ചേട്ടന്മാരുടെ അക്ഷീണ പരിശ്രമംകൊണ്ടാണ്. അവിടമിന്ന് ഏതു രംഗത്തും, വിദ്യാഭ്യാസമാകട്ടെ വാണിജ്യമാകട്ടെ രാഷ്‌ട്രീയമാകട്ടെ കേരളത്തിന്റെ മുന്‍നിരയിലെത്തിക്കഴിഞ്ഞു. ഞാനവിടെയെത്തിയ 1950-കളില്‍ 20 കിലോമീറ്റര്‍ ദൂരം കാടും മേടും കയറി നീര്‍ച്ചാലുകളും കടന്ന് ദര്‍ശനം നടത്തേണ്ടിയിരുന്ന, ദക്ഷയാഗ സ്ഥാനമായി കരുതപ്പെടുന്ന കൊട്ടിയൂരിലൂടെ ഇന്ന് മലയോര ഹൈവേതന്നെ കടന്നുപോകുന്നു. വണ്ടിക്കു ചക്രമില്ലായ്മ ഇന്ന് ആരെയും വിഷമിപ്പിക്കില്ല എന്നുറപ്പായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: